അനുവാദമില്ലാതെ കോലിയുടെ ബാഗ് തുറന്നു, പെർഫ്യൂം ഉപയോഗിച്ച് യുവതാരം; വൈറലായി സൂപ്പർ താരത്തിന്റെ പ്രതികരണം– വിഡിയോ

9 months ago 6

ഓൺലൈൻ ഡെസ്ക്

Published: March 26 , 2025 04:55 PM IST

1 minute Read

വിരാട് കോലി
വിരാട് കോലി

ബെംഗളൂരു∙ വിരാട് കോലിയുടെ അനുമതിയില്ലാതെ താരത്തിന്റെ ബാഗ് തുറന്ന് പെർഫ്യൂം എടുത്ത് ഉപയോഗിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിലെ യുവതാരം. ആർസിബി താരം സ്വാസ്തിക് ചികാരയാണ് കോലിയുടെ ബാഗ് തുറന്ന് പെർഫ്യൂം ഉപയോഗിച്ച് ടീം ക്യാംപിനെയാകെ ഞെട്ടിച്ചത്. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പുറത്തിറക്കിയ വിഡിയോയിൽ ക്യാപ്റ്റൻ രജത് പാട്ടീദാർ, ബോളർ യാഷ് ദയാൽ എന്നിവരാണ് ‍ഡ്രസിങ് റൂമിൽ സ്വാസ്തിക് ചികാര ചെയ്ത കാര്യത്തെക്കുറിച്ചു വെളിപ്പെടുത്തിയത്.

‘‘കൊൽക്കത്തയ്ക്കെതിരായ മത്സരത്തിനു ശേഷം ഞങ്ങളെല്ലാം ഡ്രസിങ് റൂമിൽ ഇരിക്കുകയാണ്. സ്വാസ്തിക് കോലിയുടെ ബാഗ് തുറന്ന് പെർഫ്യൂം എടുത്ത് ഉപയോഗിക്കുകയാണ്. അതും ചോദിക്കുക പോലും ചെയ്യാതെ. എല്ലാവരും ചിരിക്കുമ്പോഴും അവൻ ഒന്നും അറിയാത്ത പോലെ ഇരിക്കുകയാണ്.’’– യാഷ് ദയാൽ‌ പ്രതികരിച്ചു. ഡ്രസിങ് റൂമില്‍ കോലി ഉള്ളപ്പോഴാണ് സ്വാസ്തിക് ചികാര ഇതു ചെയ്തതെന്ന് ആർസിബി ക്യാപ്റ്റൻ രജത് പാട്ടീദാറും പ്രതികരിച്ചു.

കോലി ഉപയോഗിക്കുന്നത് നല്ല സാധനമാണോ എന്നറിയാനാണ് അതു ചെയ്തതെന്ന് സ്വാസ്തിക് ചികാര വ്യക്തമാക്കി. ‘‘കോലി ഞങ്ങളുടെ മൂത്ത സഹോദരനല്ലെ? അദ്ദേഹം മോശം സാധനങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് എനിക്ക് ഉറപ്പുവരുത്തണം. അതുകൊണ്ടാണ് അത് ഉപയോഗിച്ചു നോക്കിയത്. പെർഫ്യൂം എങ്ങനെയുണ്ടെന്ന് അദ്ദേഹം എന്നോടു ചോദിച്ചു. നല്ലതാണെന്നു ഞാൻ മറുപടിയും നൽകി.’’– സ്വാസ്തിക് ചികാര പറഞ്ഞു. സീസണിലെ ഉദ്ഘാടന മത്സരത്തിൽ ആർസിബി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപിച്ചിരുന്നു. ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.

English Summary:

RCB subordinate utilized Virat Kohli's perfume without asking

Read Entire Article