25 March 2025, 11:32 PM IST
.jpg?%24p=50fc09a&f=16x10&w=852&q=0.8)
ശരീഫ് ഉസ്താദ്, വിഘ്‌നേഷ് പുത്തൂർ
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഇംപാക്ട് പ്ലെയറായിറങ്ങി താരമായിരിക്കുകയാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ വിഘ്‌നേഷ് പുത്തൂര്‍. വിഘ്‌നേഷിനെ ചൈനാമാന്‍ ബൗളിങ്ങിന് പ്രേരിപ്പിച്ചത് പെരിന്തല്‍മണ്ണ സ്വദേശിയും വിഘ്‌നേഷിന്റെ അയല്‍വാസിയുമായ മുഹമ്മദ് ശരീഫാണ്. ചൈനാമാന്‍ ബൗളിങ്ങാണ് എറിയുന്നത് അറിയില്ലായിരുന്നെന്നും ശരീഫാണ് അതിലേക്ക് നയിച്ചതെന്നും വിഘ്‌നേഷ് വ്യക്തമാക്കിയിരുന്നു.
ചൈനാ മാന്‍ ബൗളിങ് എന്ന പേരുണ്ട് എന്ന അറിവോടെയല്ല ഇത് അവനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ശരീഫ് പറഞ്ഞു. അങ്ങനെയൊരു പേര് അതിനുള്ളതായി അറിയുമായിരുന്നില്ല. ലെഗ് സ്പിന്‍ എന്ന അടിസ്ഥാനത്തിലാണ് മനസ്സിലാക്കിയിരുന്നത്. ഇടതുകൈക്കൊണ്ട് എറിയുന്നതിന് ചൈനാ മാന്‍ എന്ന പേരുണ്ടെന്ന് അറിഞ്ഞിരുന്നില്ല. തനിക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നെങ്കിലും ലൈനും ലെങ്തും ഒന്നും ശരിയായിരുന്നില്ലെന്നും ശരീഫ് പറഞ്ഞു.
വിഘ്‌നേഷ് ആദ്യം മീഡിയം പേസാണ് എറിഞ്ഞിരുന്നത്. അതെറിയാനുള്ള ബോഡി വെയ്റ്റും മറ്റും ഒന്നും അന്ന് അവനില്ലെന്ന് തോന്നി. ലെഗ് സ്പിന്‍ എറിയാന്‍ നിര്‍ദേശിക്കുകയായിരുന്നു. ലെഗ് സ്പിന്നിന്റെ തുടക്കത്തിലെ ചില ടെക്‌നിക്കുകള്‍ മാത്രമാണ് താന്‍ പഠിപ്പിച്ചത്. അവനത് പറഞ്ഞുകൊടുത്തതിനേക്കാളേറെ ഭംഗിയായി ചെയ്തുകാണിച്ചു. കൃത്യമായി ഫോളോ അപ്പ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അവന്റെ രക്ഷിതാക്കളുടെ സമ്മതം വാങ്ങി ക്യാമ്പില്‍ കൊണ്ടുപോയി. എന്ത് പറഞ്ഞാലും അനുസരിക്കുന്ന വിദ്യാര്‍ഥിയായിരുന്നു വിഘ്‌നേഷ്. അതാണ് അവന്റെ ഉയര്‍ച്ചയെന്നാണ് മനസ്സിലാക്കുന്നതെന്നും ശരീഫ് പറയുന്നു.
വിഘ്‌നേഷിന് നാട്ടില്‍ കളിക്കുമ്പോഴേ പ്രത്യേകമായ ചില കഴിവുകളുണ്ടായിരുന്നു. കൈ നിവര്‍ത്തിയും ഫുള്‍ ലെങ്ത് വരുമ്പോള്‍ മുന്നിലും ഷോര്‍ട്ട് ലെങ്ത് വരുമ്പോള്‍ പിറകിലും ഇറങ്ങി കളിക്കുന്നത് കാണാന്‍ പറ്റി. ഇതൊന്നും അവന് ആരും പറഞ്ഞുകൊടുത്തതായിരുന്നില്ല. അവന്റെയുള്ളില്‍ സ്വാഭാവികമായ ഒരു ക്രിക്കറ്ററുണ്ടെന്ന് അവനോട് പറഞ്ഞുകൊടുക്കുകയും ക്യാമ്പിന് കൊണ്ടുപോവുകയും ചെയ്തു. തന്റെ ബൈക്കിലും അവന്റെ അച്ഛന്റെ വണ്ടിയിലുമൊക്കെയായി പിന്നീട് രണ്ടുവര്‍ഷം ഒരുമിച്ച് ക്യാമ്പിന് പോയി. പിന്നീട് അവന് അണ്ടര്‍-14 ടീമില്‍ സെലക്ഷന്‍ കിട്ടി. പിന്നീട് അവന്‍ ഉയര്‍ന്നുയര്‍ന്ന് പോയി. സീനിയര്‍ ടീമിലേക്ക് പരിഗണിച്ചില്ല.
അറിയപ്പെടാനുള്ള യോഗ്യതയൊന്നും തനിക്കില്ല. ഏത് നാട്ടിലാണെങ്കിലും അങ്ങനെയൊരാള്‍ ക്രിക്കറ്റ് കളിക്കുന്നത് കണ്ടാല്‍ ഉപദേശിക്കും. അവനാണ് ഇതിപ്പോള്‍ ഓര്‍മിച്ചത്. ഇക്കാര്യങ്ങളൊന്നും പറഞ്ഞുകൊടുത്തത് താന്‍പോലും ഓര്‍മിച്ചിരുന്നില്ല. നാട്ടുമ്പുറത്തെ സഹകരണം എന്നതിലപ്പുറത്ത് ഒന്നും ഇതിലില്ല. ഇന്ന് ചൈനാമാന്‍ ബൗളറായി കുല്‍ദീപ് യാദവുണ്ട്. അന്ന് ഓസ്‌ട്രേലിയയുടെ ഹോഗ് മാത്രമാണ് ചൈനാമാന്‍ ബൗളറായി ഉണ്ടായിരുന്നത്. അദ്ദേഹത്തെ കണ്ട് വ്യത്യസ്തത തോന്നി വിഘ്‌നേഷിനോട് പങ്കുവെച്ചു എന്നേയുള്ളൂ. ബാക്കിയെല്ലാം വിഘ്‌നേഷ് വികസിപ്പിച്ചെടുത്തതാണെന്നും ശരീഫ് കൂട്ടിച്ചേര്‍ത്തു.
Content Highlights: antheral down vignesh puthur shareef








English (US) ·