‘അന്തസ് അടിയറവു വച്ച് ലോകകപ്പിനില്ല, ബിസിസിഐയുടെ ആ പ്രസ്താവന പരോക്ഷ സമ്മതം’: നിലപാടിലുറച്ച് ബംഗ്ലദേശ്

1 week ago 3

ധാക്ക ∙ ട്വന്റി20 ലോകകപ്പിൽ ബംഗ്ലദേശിന്റെ മത്സരങ്ങൾ ഇന്ത്യയിൽനിന്നു മാറ്റണമെന്ന ആവശ്യം ഐസിസി തള്ളിയെന്ന റിപ്പോർട്ട് നിഷേധിച്ച് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി). മത്സരങ്ങൾ ഇന്ത്യയിൽ തന്നെ കളിക്കണമെന്നും അല്ലെങ്കിൽ അച്ചടക്കനടപടി സ്വീകരിക്കുമെന്നും ഐസിസി നിർദേശിച്ചെന്ന തരത്തിൽ വന്ന റിപ്പോർട്ടുകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് ബിസിബി പ്രസിഡന്റ് അമിനുൾ ഇസ്‌‌ലാമും സർക്കാർ ഉപദേഷ്ടാവ് ആസിഫ് നസ്രുളും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിൽ മത്സരങ്ങൾ കളിക്കാൻ വിസമ്മതിച്ചാൽ ആ മത്സരം ബംഗ്ലദേശ് തോറ്റതായി കണക്കാക്കുമെന്ന് ഐസിസി നിലപാട് എടുത്തതായി ഇഎസ്പിൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്തിരുന്നു.

‘‘ഇക്കാര്യത്തിൽ ബോർഡിന് അന്ത്യശാസനം നൽകിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന ചില മാധ്യമ റിപ്പോർട്ടുകൾ ബിസിബിയുടെ ശ്രദ്ധയിൽപ്പെട്ടു. അവ പൂർണമായും തെറ്റും അടിസ്ഥാനരഹിതവുമാണ്. ഇതൊരു വ്യാജ വാർത്തയാണ്. ഞങ്ങൾ ഇപ്പോഴും ഐസിസിയുമായി ആശയവിനിമയത്തിലാണ്. ഞങ്ങൾ ഒരു കാര്യം അവരെ അറിയിച്ചിട്ടുണ്ട്. അവർ ഞങ്ങളോട് അതിന്റെ വിശദാംശങ്ങൾ ചോദിക്കുന്നുണ്ട്.’’ – അമിനുൾ ഇസ്‌‌ലാം പറഞ്ഞു.

ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ബംഗ്ലദേശ് ടീമിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾ പരിഹരിക്കാൻ ബിസിബിയുമായി ചേർന്നു പ്രവർത്തിക്കാൻ ഐസിസി തയാറാണെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ടെന്ന് ബുധനാഴ്ച ചേർന്ന ഉന്നതതല യോഗത്തിനു ശേഷം ബിസിബി പ്രസ്താവനയിൽ അറിയിച്ചിരുന്നു. ‘‘ടൂർണമെന്റിൽ ബംഗ്ലദേശ് ടീമിന്റെ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ഐസിസി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ആശങ്കകൾ പരിഹരിക്കുന്നതിന് ബിസിബിയുമായി അടുത്ത് പ്രവർത്തിക്കാനുള്ള സന്നദ്ധതയും ഐസിസി അറിയിച്ചിട്ടുണ്ട്. കൂടാതെ ബോർഡിന്റെ അഭിപ്രായങ്ങൾ സ്വാഗതം ചെയ്യുമെന്നും സുരക്ഷാ ആസൂത്രണത്തിന്റെ ഭാഗമായി ഇവ പരിഗണിക്കുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്.’’– ബിസിബി പ്രസ്താവനയിൽ പറഞ്ഞു.

പ്രസ്താവന പുറത്തിറക്കിയതിനു പിന്നാലെയാണ് ബിസിബി പ്രസിഡന്റ് അമിനുൾ ഇസ്‌‌ലാമും സർക്കാർ ഉപദേഷ്ടാവ് ആസിഫ് നസ്രുളും മാധ്യമങ്ങളെ കണ്ടത്. എന്തുകൊണ്ട് ഇന്ത്യയിലേക്ക് ബംഗ്ലദേശ് പോകുന്നതില്ലെന്നത് ഇരുവരും ആവർത്തിച്ചു. ബിസിബി പ്രസിഡന്റിനേക്കാൾ ആസിഫ് നസ്രുളാണ് വാർത്താസമ്മേളനത്തിൽ കൂടുതലും കാര്യങ്ങൾ വിശദീകരിച്ചത്.

‘‘ഇന്ത്യയിൽ കളിക്കാൻ അനുയോജ്യമായ ഒരു അന്തരീക്ഷം ഞങ്ങൾക്കില്ലെന്ന് ഐസിസിയെ ബോധ്യപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ തീരുമാനം. ശക്തമായ ഈ വാദങ്ങൾക്കൊപ്പം, ബംഗ്ലദേശിന്റെ സുരക്ഷ, അഭിമാനം, അന്തസ്സ് എന്നിവയിൽ ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ല എന്നതാണ് ഞങ്ങളുടെ നിലപാടിന്റെ കാതലായ തത്വം എന്ന് ഐസിസിയെ ബോധ്യപ്പെടുത്തും. ഇന്ത്യയിൽ ബംഗ്ലദേശ് താരങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ട്. ‘മുസ്തഫിസുർ റഹ്മാന് സുരക്ഷ നൽകാൻ ഞങ്ങൾക്ക് കഴിയില്ല, അതിനാൽ അദ്ദേഹത്തെ ടീമിൽ നിന്ന് പുറത്താക്കുക’ എന്നാണ് ബിസിസിഐ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടു പറഞ്ഞത്. ഇന്ത്യയിൽ സുരക്ഷാ പ്രശ്നമുണ്ടെന്നതിന്റെ പരോക്ഷ സമ്മതമാണ് ഇത്. പക്ഷേ, ക്രിക്കറ്റ് ലോകകപ്പ് കളിക്കാൻ ഞങ്ങൾ തീർച്ചയായും ആഗ്രഹിക്കുന്നു.’’– നസ്രുൾ പറഞ്ഞു.

ബദ്ധവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും അവരുടെ മത്സരങ്ങൾ ശ്രീലങ്കയിൽ കളിക്കുന്ന അതേ രീതി ബംഗ്ലദേശിന്റെ കാര്യത്തിലും സ്വീകരിക്കണമെന്നും അമിനുൾ ഇസ്‌‌ലാം പറഞ്ഞു. ‘‘ചാംപ്യൻസ് ട്രോഫി നടന്നപ്പോൾ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോയില്ല, കഴിഞ്ഞ ലോകകപ്പിൽ കളിക്കാൻ പാക്കിസ്ഥാനും ഇന്ത്യയിൽ വന്നില്ല. അതിനാൽ ഐസിസി ശരിയായ തീരുമാനം സ്വീകരിക്കുമെന്ന് ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കറിയാമോ, ഇപ്പോൾ നടക്കുന്ന ഹൈബ്രിഡ് ലോകകപ്പ്, അതിന്റെ പിന്നിലെ പ്രധാന കാരണം സുരക്ഷയാണ്. അതുകൊണ്ട് അതിനുള്ള കാരണങ്ങൾ ബോധ്യപ്പെടുത്താൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.’’– ബിസിബി പ്രസിഡന്റ് കൂട്ടിച്ചേർത്തു.

ഈ വിഷയത്തിൽ ഐസിസി ഇതുവരെ ബിസിബിയോട് പരസ്യമായ പ്രതികരണം നടത്തിയിട്ടില്ല. ചൊവ്വാഴ്ച ഇരു സംഘടനകളും തമ്മിലുള്ള ഒരു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും അതു നടന്നില്ല. മുസ്തഫിസുർ റഹ്മാനെ ഐപിഎലിൽനിന്നു പുറത്താക്കിയതിനു പിന്നാലെയാണ്, ബംഗ്ലദേശ് ക്രിക്കറ്റ് ടീം ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടത്. നിലപാടിലുറച്ച് ലോകകപ്പിൽനിന്ന് പിൻമാറിയാൽ കോടികളുടെ നഷ്ടം ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് സഹിക്കേണ്ടിവരും. മാത്രമല്ല രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ നടപടിയായി വിലക്കു വരാനും സാധ്യതയുണ്ട്. ഇതു സംബന്ധിച്ച് ഐസിസിയുടെ അന്തിമതീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary:

Bangladesh Cricket Board denies ICC ultimatum regarding T20 World Cup matches successful India. The committee expresses information concerns and seeks assurances for their team's participation, emphasizing the value of their players' information and dignity.

Read Entire Article