17 July 2025, 10:11 AM IST

ആന്ദ്രെ റസ്സൽ | Photo - AP
ജമൈക്ക: വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രേ റസ്സല്‍ അന്താരാഷ്ട്ര ക്രക്കറ്റില്‍നിന്ന് വിരമിക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളായിരിക്കും ടീമിനായുള്ള റസലിന്റെ അവസാന മത്സരങ്ങള്‍. 37-കാരനായ താരത്തെ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റസലിന്റെ ഹോം ഗ്രൗണ്ടായ ജമൈക്കയിലെ സബീന പാര്‍ക്കിലാണ് ആദ്യ രണ്ട് മത്സരങ്ങള്‍. ആദരസൂചകമായ ഒരു പോസ്റ്റിലൂടെ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡാണ് റസല്‍ വിരമിക്കുന്നതായി അറിയിച്ച് പോസ്റ്റിട്ടത്.
വെസ്റ്റ് ഇന്‍ഡീസിനെ പ്രതിനിധാനംചെയ്യാന്‍ കഴിഞ്ഞത് ജീവിതത്തിലെ അഭിമാനകരമായ നേട്ടങ്ങളിലൊന്നാണെന്ന് റസല്‍ പ്രസ്താവനയില്‍ അറിയിച്ചു. കുട്ടിക്കാലത്ത് ഈ നിലയില്‍ എത്തുമെന്ന് കരുതിയതല്ല. എന്നാല്‍, കളിച്ചുതുടങ്ങുകയും കായികരംഗത്തെ സ്‌നേഹിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് എന്ത് നേടാനാകുമെന്ന് മനസ്സിലാക്കുന്നു. മെറൂണ്‍ ജഴ്‌സിയില്‍ ഒരു മുദ്ര പതിപ്പിക്കാനും മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനുമുള്ള ആഗ്രഹമാണ് മികച്ച കളിക്കാരനാവാന്‍ പ്രേരിപ്പിച്ചത്. വിന്‍ഡീസിനായി കളിക്കാന്‍ ഇഷ്ടപ്പെടുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുന്നില്‍ സ്വന്തം നാട്ടില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനും ഇഷ്ടപ്പെടുന്നു. കരീബിയന്‍ ദ്വീപിലെ അടുത്ത തലമുറയ്ക്ക് മാതൃകയായി അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്നും റസല്‍ പറഞ്ഞു.
2019 മുതല്‍ റസല്‍ ടി20 മത്സരങ്ങളില്‍ മാത്രമാണ് രാജ്യത്തെ പ്രതിനിധാനം ചെയ്തത്. വെസ്റ്റ് ഇന്‍ഡീസിനായി 84 ടി20 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 1078 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് അര്‍ധ സെഞ്ചുറികളും 71 റണ്‍സുമാണ് ഉയര്‍ന്ന സ്‌കോര്‍. 61 വിക്കറ്റുകളും നേടി. 19 റണ്‍സിന് മൂന്ന് വിക്കറ്റ് എന്നതാണ് മികച്ച ബൗളിങ് പ്രകടനം. 56 ഏകദിനങ്ങളില്‍നിന്നായി 1034 റണ്‍സ് നേടി. നാല് അര്‍ധ സെഞ്ചുറികളുണ്ട്. പുറത്താവാതെ നേടിയ 92 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 70 വിക്കറ്റുകളും നേടി. 35 റണ്‍സിന് നാല് വിക്കറ്റാണ് മികച്ച ബൗളിങ് പ്രകടനം. രാജ്യത്തിനായി ഒരു ടെസ്റ്റ് മാത്രമേ കളിച്ചുള്ളൂ. 2012-ലും 2016-ലും ഐസിസി ടി20 ലോകകപ്പ് നേടിയ വിന്‍ഡീസ് ടീമിലെ അംഗമാണ്.
Content Highlights: T20 World Cup Winner Andre Russell to Retire from International Cricket








English (US) ·