Published: January 16, 2026 06:36 PM IST
1 minute Read
മലപ്പുറം ഫുട്ബോളിന്റെ തലസ്ഥാനമായ അരീക്കോട്ട്, ടൗൺ ടീം സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോളിന് ഇന്നലെ തുടക്കമായി. വാശിപ്പോരാട്ടങ്ങളുടെ ദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്. 1962ൽ മൂർക്കൻ അബ്ദുറഹിമാൻ ക്യാപ്റ്റനായി രൂപം കൊണ്ട ടൗൺ ടീം അരീക്കോടിന്റെ നേതൃത്വത്തിൽ പല സെവൻസ് ടൂർണമെന്റുകൾ നടന്നിട്ടുണ്ടെങ്കിലും ആദ്യത്തെ കലക്‌ഷൻ ടൂർണമെന്റ് നടന്നത് 1987ൽ ആണ്. ഉദ്ഘാടനം ചെയ്യാനെത്തിയതാകട്ടെ മമ്മൂട്ടിയും. ആളിടിച്ചുകയറി മൈതാനത്തിന്റെ ആൾമറ പോലും തകർന്നു പോയ കഥ പറഞ്ഞത് കേരള ഫുട്ബോൾ അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റും നിലവിലെ ടൂർണമെന്റ് കമ്മിറ്റി കൺവീനറുമായ കാഞ്ഞിരാല അബ്ദുൽ കരീമും ടൂർണമെന്റിന്റെ ഫിനാൻസ് കമ്മിറ്റി ചെയർമാനായ എം.പി.ബി.ഷൗക്കത്തും ചേർന്നാണ്. അക്കഥ ഇങ്ങനെ:
1987ന് മുൻപ് ടൗൺ ടീം അരീക്കോടിന്റെ രണ്ട് സെവൻസ് ടൂർണമെന്റുകൾ നടന്നിട്ടുണ്ടെങ്കിലും അതൊന്നും ടിക്കറ്റ് വച്ചിട്ടുള്ളതായിരുന്നില്ല. 1987ൽ ആണ് ജൂനിയർ ചേംബർ ഓഫ് ഇന്ത്യയുടെ അരീക്കോട് ഘടകവും ടൗൺ ടീമും ചേർന്ന് കലക്‌ഷൻ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഗോവയിൽനിന്നും കർണാടകത്തിൽനിന്നുമൊക്കെ ടീമുകളുണ്ടായിരുന്നു. ഒരു ദിവസത്തെ കളി കാണാൻ കസേരയ്ക്ക് 30 രൂപയും ഗാലറിക്ക് 10 രൂപയുമാണ് ടിക്കറ്റിന്. ഇന്നത്തെ അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയം അന്നു വയലാണ്. ഈ വയലുകളുടെ ഉടമസ്ഥന്മാരൊടൊക്കെ അനുവാദം വാങ്ങി ഗാലറി ഒരുക്കി. ടൂർണമെന്റിനു ശേഷം വയൽ പഴയതുപോലെത്തന്നെ ആക്കിത്തരാം എന്ന ഉറപ്പിലായിരുന്നു ഉടമസ്ഥരുടെ അനുമതി വാങ്ങിയത്.
അരീക്കോട്ട് ആദ്യത്തെ ഇംഗ്ലിഷ് മീഡിയം സ്കൂളിനായി പണം കണ്ടെത്തുകയായിരുന്നു കലക്‌ഷൻ ടൂർണമെന്റ് നടത്താനുള്ള തീരുമാനത്തിനു പിന്നിൽ. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഉദ്ഘാടനത്തിന് ആരെ കൊണ്ടുവരണമെന്ന ചർച്ച ചെന്നെത്തിയത് മമ്മൂട്ടിയിൽ. 1921 സിനിമയുടെ ഷൂട്ടിങ് മലപ്പുറം ജില്ലയിൽ നടക്കുന്ന സമയമായതിനാൽ മമ്മൂട്ടി ഇവിടെയുണ്ട്. ടൂർണമെന്റ് സംഘാടകരായ കാഞ്ഞിരാല അബ്ദുൽ കരീമും മുൻ പിഎസ്‌സി ചെയർമാനും മഞ്ചേരി കോടതിയിൽ മമ്മൂട്ടിയുടെ സഹപ്രവർത്തകനുമായിരുന്ന കെ.വി.സലാഹുദ്ദീനും ചേർന്ന് പാണ്ടിക്കാട്ടെ ഷൂട്ടിങ് ലൊക്കേഷനിലെത്തി മമ്മൂട്ടിയെ കണ്ടു. അദ്ദേഹം വരാമെന്നും സമ്മതിച്ചു. ആളുകൂടി അലങ്കോലമായാലോ എന്നു പേടിയുണ്ടായിരുന്നതിനാൽ ഈ വിവരം പരസ്യമാക്കിയിരുന്നില്ല. എങ്കിലും നാട്ടുകാരൊക്കെ അറിഞ്ഞു. ഉദ്ഘാടന ദിവസമായി. ആളുകൾ മൈതാനം നിൽക്കുന്ന പ്രദേശമാകെ നിറഞ്ഞു.
ഉദ്ഘാടനദിവസം സംഘാടകരെ വിളിച്ച് മമ്മൂട്ടി പറഞ്ഞു. ‘ഞാൻ മാത്രമല്ല, നടന്മാരായ മുകേഷും സുരേഷ്ഗോപിയും കൂടെ വരുന്നുണ്ടെന്ന്. ആൾക്കൂട്ടം കാരണം മമ്മൂട്ടി സഞ്ചരിച്ച കാർ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും രണ്ടുതവണ ഓടിക്കേണ്ടി വന്നു. കാരണം ഇറങ്ങാൻ കഴിയുമായിരുന്നില്ല. ഒടുവിൽ പൊലീസിന്റെ സഹായത്തോടെ എങ്ങനെയൊക്കയോ നടന്മാരെ മൈതാനത്തിലെത്തിച്ചു. ഇതിനകം ഗാലറിയുടെ ആൾമറയെല്ലാം തകർത്ത് ജനം അകത്തേക്ക് ഇടിച്ചുകയറിയിരുന്നു. ഉദ്ഘാടനം ചെയ്ത് ഉടനെ മടങ്ങുകയായിരുന്നില്ല. ഹാഫ് ടൈം വരെ കളി കണ്ടതിനു ശേഷമാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും മുകേഷും തിരികെപ്പോയത്. അന്ന് എടുത്ത താരങ്ങളുടെ ചിത്രം മുൻ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയയുടെ പഴ്സനൽ സ്റ്റാഫിൽ അംഗവും അരീക്കോട് മൈത്ര സ്വദേശിയുമായ ഗുലാം മുഹമ്മദ് നിധി പോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട് ഇപ്പോഴും.
English Summary:








English (US) ·