‘അന്ന് എന്നോട് ബിൽ കൊടുക്കാൻ പറഞ്ഞു, ഞാൻ നാണംകെട്ടു’: സിദ്ധാർഥ് മല്യയെക്കുറിച്ച് ദീപിക പദുക്കോൺ

4 months ago 4

ഓൺലൈൻ ഡെസ്‌ക്

Published: September 12, 2025 04:12 PM IST Updated: September 12, 2025 04:33 PM IST

1 minute Read

 PTI, X/@WomansEra2)
സിദ്ധാർഥ് മല്യയും ദീപിക പദുക്കോണും (ഫയൽ ചിത്രങ്ങൾ: PTI, X/@WomansEra2)

ബെംഗളൂരു∙ ക്രിക്കറ്റ് ലോകത്ത് ഏറ്റവും ആഘോഷിക്കപ്പെട്ട പ്രണയം ഏതാണ്? അഭിപ്രായങ്ങൾ പലതാകാമെങ്കിലും ഇന്ത്യൻ ക്രിക്കറ്റിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടത് ഒരു ക്രിക്കറ്റ് താരത്തിന്റെ പ്രണയമായിരിക്കില്ല. വ്യവസായി വിജയ് മല്യയുടെ മകൻ സിദ്ധാർഥ് മല്യയും ബോളിവുഡ് നടി ദീപിക പദുക്കോണും തമ്മിലുള്ള ബന്ധമായിരുന്നു ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ചൂടുള്ള ചർച്ചാവിഷയം. ഐപിഎൽ നാലാം സീസൺ നടന്ന 2011ലാണ് ഇരുവരുടെയും പ്രണയം കൊടുമ്പിരി കൊണ്ടിരുന്നത്.

അന്ന് ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ഇപ്പോൾ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു) ഉടമ കൂടിയായിരുന്ന സിദ്ധാർഥ്, ദീപികയുമായി ക്യാമറകൾക്കു മുന്നിലും ക്രിക്കറ്റ് മൽസരവേദിയിലുമെല്ലാം ഒരുമിച്ചെത്തി. ആദ്യമൊക്കെ അഭ്യൂഹങ്ങൾ മാത്രമായിരുന്നെങ്കിലും പിന്നീട് പകൽവെളിച്ചത്തിൽ പ്രണയപ്രകടനങ്ങളുമായി ജോടികളെത്തി. 2011 ഏപ്രിലിൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന റോയൽ ചാലഞ്ചേഴ്‌സ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മൽസരത്തിനു ശേഷം സ്വന്തം ടീമിന്റെ വിജയം ദീപികയെ ചുംബിച്ചുകൊണ്ടായിരുന്നു സിദ്ധാർഥ് ആഘോഷിച്ചത്. ആ കാഴ്‌ച ക്യാമറകൾക്കു വിരുന്നാകുകയും ചെയ്തു. എന്നാൽ അധികകാലം ഇരുവരുടെയും ബന്ധം നീണ്ടുനിന്നില്ല.

ഇപ്പോഴിതാ, സിദ്ധാർഥ് മല്യയുടെ ‘വെറുപ്പുളവാക്കുന്ന’ പെരുമാറ്റത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞ ദീപിക പദുക്കോണിന്റെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായിരിക്കുന്നത്. തന്റെ മകൾ ദുവയുടെ ഒന്നാം ജന്മദിനത്തിന്റെ പോസ്റ്റുകൾ ദീപിക പങ്കുവച്ചതോടെയാണ് സിദ്ധാർഥിനെക്കുറിച്ചു പറഞ്ഞത് സൈബർ ലോകത്ത് വീണ്ടും ചർച്ചയായത്. 2018ലായിരുന്നു ദീപികയും നടൻ രൺവീർ സിങ്ങും തമ്മിലുള്ള വിവാഹം. ഇരുവർക്കും കഴിഞ്ഞവർഷം സെപ്റ്റംബർ 8നാണ് പെൺകുട്ടി പിറന്നത്.

സിദ്ധാർഥിനെക്കുറിച്ച് ദീപിക പറഞ്ഞത്: ‘‘ആ ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ ഞാൻ വളരെയധികം ശ്രമിച്ചു. പക്ഷേ പിന്നീട് അദ്ദേഹത്തിന്റെ പെരുമാറ്റം വെറുപ്പുളവാക്കുന്നതായി. ഞങ്ങൾ അവസാനമായി ഒരു അത്താഴവിരുന്നിൽ പോയപ്പോൾ, ബില്ല് അടയ്ക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അത് എനിക്ക് വളരെ നാണക്കേടായിരുന്നു. ഈ ബന്ധം അവസാനിപ്പിക്കുകയല്ലാതെ എനിക്ക് മറ്റു മാർഗമില്ലായിരുന്നു. ബന്ധം തുടരാൻ എനിക്ക് ഒരു കാരണവുമില്ലായിരുന്നു.’’– ഇന്റർനാഷനൽ ബിസിനസ് ടൈംസുമായുള്ള അഭിമുഖത്തിൽ ദീപിക പറഞ്ഞു.

എന്നാൽ ഇതിനു മറുപടിയായി, ദീപിക ഒരു ‘ഭ്രാന്തി സ്ത്രീ’ ആണെന്ന് സിദ്ധാർഥ് പറഞ്ഞു. ‘‘ദീപിക ഒരു ഭ്രാന്തി സ്ത്രീയാണ്. അച്ഛൻ കടം വീട്ടി സർക്കാർ അദ്ദേഹത്തെ മോചിപ്പിച്ചു കഴിഞ്ഞാൽ അവളുടെ പണം തിരികെ നൽകുമെന്ന് ഞാൻ പറഞ്ഞിരുന്നു, പക്ഷേ അവൾ അതു സമ്മതിച്ചില്ല. ഞാൻ അവൾക്ക് വിലകൂടിയ ഡയമണ്ട് ആഭരണങ്ങളും ആഡംബര ബാഗുകളും സമ്മാനമായി നൽകിയതും, അവധിക്കാല യാത്രകളിൽ വലിയൊരു തുക ചെലവഴിച്ചതും, അവൾക്കുവേണ്ടി അവളുടെ സുഹൃത്തുക്കൾക്ക് പാർട്ടികൾ നടത്തിയതും അവൾ മറന്നുപോയി.’’– സിദ്ധാർഥ് പറഞ്ഞു.

English Summary:

When Deepika Padukone Was Asked To Pay Dinner Date Bills By Boyfriend Siddharth Mallya: "So Embarrassing For Me"

Read Entire Article