അന്ന് കൃഷ്ണയ്യർ വാവിട്ടുകരഞ്ഞു, ഉരിയാടിയ ഒരേയൊരു വാക്ക് തിലകൻ പിന്നീട് ക്യാമറയ്ക്ക് മുന്നിൽ പറഞ്ഞു

5 months ago 5

Thilakan and VR Krishna Iyer

തിലകൻ, വി.ആർ. കൃഷ്ണയ്യർ | ഫോട്ടോ: വി.പി. പ്രവീൺകുമാർ, ജി. ബിനുലാൽ | മാതൃഭൂമി

മാതൃഭൂമി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.കെ. രാജീവ് സംവിധാനം ചെയ്ത ടെലിവിഷൻ പരമ്പരയാണ് ‘ഓർമ്മ’. പാച്ചിക്ക എന്ന കഥാപാത്രത്തെ അതിൽ അവതരിപ്പിച്ചത് തിലകനായിരുന്നു. തിരക്കഥയും സംഭാഷണവും ഞാനാണ് എഴുതിയത്. പാച്ചിക്കയ്ക്ക് ഏറ്റവും അടുപ്പമുള്ള ഒരു കുടുംബസുഹൃത്ത് അപകടത്തിൽ മരിക്കുന്ന സന്ദർഭം കഥയിലുണ്ട്. സംഭവത്തെപ്പറ്റി പാച്ചിക്ക ആ കഥാപാത്രത്തിന്റെ ഭാര്യയോട് സംസാരിക്കുന്ന സീനിൽ മൂന്നുപേജുള്ള സംഭാഷണമാണ് ഞാനെഴുതിയിരുന്നത്. അത് വായിച്ചശേഷം തിലകൻ ചോദിച്ചു:- ‘ഞാനിത്രയും വാചകങ്ങൾ പറയണോ. ഒറ്റവാക്കിൽ സങ്കടമത്രയും ഒതുക്കിയാൽപ്പോരേ?

സംവിധായകൻ സമ്മതിച്ചു. സീൻ ഷൂട്ട് ചെയ്യാൻ തുടങ്ങി. തിലകനൊപ്പം പ്രിയാരാമനാണ് ക്യമറയ്ക്കു മുന്നിൽ. പാച്ചിക്ക പറഞ്ഞ ആ വാക്ക് ഇതായിരുന്നു, ‘പറ്റിച്ചിട്ടുപോയില്ലേ?’

എല്ലാ ദുഃഖവും ഉള്ളിലൊതുക്കി തൊണ്ടയിടറി തിലകന്റെ പാച്ചിക്ക പറഞ്ഞ വാക്യം പ്രേക്ഷകരുടെ കണ്ണു നനയിച്ചു.

പറ്റിച്ചിട്ടുപോയില്ലേ എന്ന ആ ചോദ്യത്തിന്റെ ഉറവിടമെന്തായിരുന്നെന്ന് ഷൂട്ടിങ്ങിന്റെ ഇടവേളയിൽ തിലകൻ ഞങ്ങളോട് വെളിപ്പെടുത്തി. നാടകഗുരുവായ ഭരത് പി.ജെ. ആന്റണിയോടൊപ്പം കൊച്ചിയിലെ ഒരുവീട്ടിൽ താമസിച്ച് തിലകൻ നാടകമെഴുതുന്ന കാലം. അവരുടെ താമസസസ്ഥലത്തിനു തൊട്ടുമുന്നിൽ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരുടെ വീടാണ്. ചെറുപ്പക്കാരായ രണ്ടു കലാകാരൻമാർ അയൽപക്കത്തുള്ളത് കൃഷ്ണയ്യർക്കു സന്തോഷമായി. എന്നും കാണും, സംസാരിക്കും. അദ്ദേഹത്തിനൊപ്പം എപ്പോഴും ഭാര്യ ശാരദാ കൃഷ്ണയ്യരും ഉണ്ടാവും. ആ ദമ്പതിമാർ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം തിലകനേയും ആന്റണിയേയും വിസ്മയിപ്പിച്ചു. ഒരാത്മാവും രണ്ടുശരീരവുമായി ജീവിക്കുന്ന ഭാര്യയും ഭർത്താവും. അവരെ ഒരുമിച്ചേ വീടിനു പുറത്തുകാണാറുള്ളൂ. നടക്കാൻ പോകുന്നതും പറമ്പിൽ ചുറ്റിയടിക്കുന്നതുമെല്ലാം ഒരുമിച്ച്.

അങ്ങനെയിരിക്കെ ഒരുദിവസം ഓർക്കാപ്പുറത്ത് ശാരദാകൃഷ്ണയ്യർ അന്തരിച്ചു. പ്രമുഖരും സാധാരണക്കാരുമായി വലിയ ജനക്കൂട്ടം ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. തിലകനും പി.ജെ. ആന്റണിക്കും ആ വീട്ടിലേക്ക് കയറിച്ചെല്ലാനുള്ള മനസാന്നിധ്യം ഉണ്ടായിരുന്നില്ല. എങ്ങനെ കൃഷ്ണയ്യർ സാറിനെ അഭിമുഖീകരിക്കും?

ഭാര്യയോടുള്ള സ്നേഹത്തിന്റെ ഊഷ്മളത അടുത്തുനിന്ന് കണ്ടറിഞ്ഞതാണ്. പ്രിയതമയുടെ അപ്രതീക്ഷിത വിയോഗത്തിനുമുന്നിൽ പകച്ചു നിൽക്കുന്ന അദ്ദേഹത്തെ എന്തുപറഞ്ഞാണ് ആശ്വസിപ്പിക്കുക. രണ്ടുപേരും പോകാൻ മടിച്ചു.

ദിവസങ്ങൾ കഴിഞ്ഞു. സന്ദർശകരുടെ തിരക്കൊഴിഞ്ഞു. മുറ്റത്തെ താത്കാലിക പന്തൽ അഴിച്ചുമാറ്റി. വീട്ടിൽ കൃഷ്ണയ്യർ മാത്രമായി. ഒരു വൈകുന്നേരം രണ്ടും കല്പിച്ച് തിലകനും ആന്റണിയും ആ വീട്ടിലേക്ക് കയറിച്ചെന്നു. വാതിൽ തുറന്നത് കൃഷ്ണയ്യരാണ്.

അവർ പ്രതീക്ഷിച്ച വീർപ്പുമുട്ടലൊന്നും കൂടാതെ സാധാരണ മട്ടിലാണ് അദ്ദേഹം പെരുമാറിയത്. അകത്തേക്ക് സ്വീകരിച്ചിരുത്തി ചടങ്ങുകളെക്കുറിച്ച് സംസാരിച്ചു. ഇനി ചിതാഭസ്മം നിമജ്ജനം ചെയ്യാൻ ഒരുദിവസം പോകണം. തിലകനും ആന്റണിക്കും ആശ്വാസമായി. ആശങ്കപ്പെട്ടതുപോലെയുള്ള മാനസികാവസ്ഥയിലല്ല കൃഷ്ണയ്യർ സാർ. ആത്മനിയന്ത്രണം വീണ്ടെടുത്തിരിക്കുന്നു.

അങ്ങനെ 10 മിനിറ്റ് കഴിഞ്ഞു. ഒരു ചെറിയ മൗനത്തിനുശേഷം സംസാരിച്ചുതുടങ്ങിയപ്പോൾ കൃഷ്ണയ്യരുടെ തൊണ്ടയിടറി. അദ്ദേഹം പറഞ്ഞു. ‘നിങ്ങൾക്ക് ചായയിട്ടുതരാനൊന്നും ഇവിടിപ്പോ ആരുമില്ല’. തുടർന്ന് ഒരു വിങ്ങിപ്പൊട്ടലായിരുന്നു.

‘ചായയിട്ടു തരേണ്ടയാൾ പറ്റിച്ചിട്ടു പോയില്ലേ?’

സങ്കടം നിയന്ത്രിക്കാനാവാതെ വാവിട്ടുകരയുന്ന ആ വലിയ മനുഷ്യന്റെ മുന്നിൽ ഒരക്ഷരം പോലും ഉരിയാടാനാവാതെ പി.ജെ. ആന്റണിയും തിലകനും നിന്നു. ആ ‘പറ്റിച്ചിട്ട്‌പോയില്ലേ’ എന്ന ചോദ്യമാണ് തിലകൻ ‘ഓർമ്മ’ യിലെ കഥാസന്ദർഭത്തിൽ ഉചിതമായി ചേർത്തത്.

Content Highlights: The Unspoken Grief: Thilakan's Powerful 'Orma' Scene and its Inspiring Origin

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article