Published: October 16, 2025 07:45 AM IST
1 minute Read
മുംബൈ ∙ ക്രിക്കറ്റ് താരവുമായി ബന്ധപ്പെട്ട് വീണ്ടും വാർത്തകളിൽ ഇടംനേടി നടി അവ്‌നീത് കൗർ. മധ്യപ്രദേശിലെ ഉജ്ജയിനിലെ ശ്രീ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും ഭാര്യ ദേവിഷ ഷെട്ടിയോടുമൊപ്പം അവ്‌നീതും ഉണ്ടായിരുന്നതാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. നേരത്തെ, വിരാട് കോലിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് അവ്നീത് കൗറിന്റെ ഫോട്ടോ ലൈക്ക് ചെയ്തത് ദിവസങ്ങളോളം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
ഈ മാസം 12നാണ് സൂര്യകുമാർ യാദവും ഭാര്യയും ശ്രീ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഇതിന്റെ വിഡിയോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതിൽ ഭാര്യ ദേവിഷയുടെ പിന്നിൽ അവ്‌നീതും ഇരിക്കുന്നത് ദൃശ്യങ്ങളിൽ കണ്ടതോടെയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച ആരംഭിച്ചത്. ദമ്പതികളും നടിയും തമ്മിലുള്ള ബന്ധമെന്താണെന്നും ചോദ്യങ്ങൾ ഉയർന്നു. ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങൾ അവ്നീത് കൗറും തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ജന്മദിനത്തിലാണ് താരം, ക്ഷേത്രത്തിലെത്തിയത്. എന്നാൽ ഇതിൽ സൂര്യകുമാർ യാദവിന്റെയും ഭാര്യയുടെയും ചിത്രങ്ങളില്ല.
ഏഷ്യാ കപ്പ് വിജയത്തിനു പിന്നാലെയാണ് സൂര്യകുമാർ യാദവ് ക്ഷേത്ര ദർശനം നടത്തിയത്. നന്ദി ഹാളിലിരുന്ന് ബാബ മഹാകാലിനുള്ള ആരതിയിൽ സൂര്യകുമാർ യാദവ് പങ്കെടുത്തു. നന്ദിയുടെ കാതുകളിൽ തന്റെ ആഗ്രഹങ്ങൾ മന്ത്രിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ക്ഷേത്രത്തിലെ അലങ്കാരങ്ങളും കണ്ടശേഷമാണ് താരം മടങ്ങിയത്. ബാബ മഹാകാലിന്റെ ഭക്തനായ സൂര്യകുമാർ യാദവ്, ഇടയ്ക്കിടെ ഇവിടം സന്ദർശിക്കാറുണ്ട്. നിലവിൽ, ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഒരുക്കത്തിലാണ് താരം.
∙ അവ്‍നീതും കോലിയുംഈ വർഷം മേയിലാണ് കോലിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് അവ്നീത് കൗറിന്റെ ഫോട്ടോ ലൈക്ക് ചെയ്തത് ദിവസങ്ങളോളം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചത്. തുടർന്ന്, ‘ലൈക്ക്’ ബോധപൂർവം സംഭവിച്ചതല്ലെന്ന് വിശദീകരിച്ച് കോലി രംഗത്തെത്തുകയും ചെയ്തു. അവ്നീത് കൗർ പച്ചനിറത്തിലുള്ള സ്റ്റൈലിഷ് വസ്ത്രമണിഞ്ഞു നിൽക്കുന്ന ചിത്രത്തിനാണ് കോലി ലൈക്ക് അടിച്ചത്. ഭാര്യ അനുഷ്ക ശർമയുടെ ജന്മദിനത്തിൽ ഹൃദ്യമായ ആശംസ നേർന്ന് പോസ്റ്റിട്ടതിനു പിന്നാലെയാണ്, കോലി അവ്നീത് കൗറിന്റെ ചിത്രം ലൈക്ക് ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെ ഒട്ടേറെ ട്രോളുകളും മീമുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
ട്രോളുകൾ വ്യാപകമായതിനു പിന്നാലെ അവ്നീതിന്റെ ചിത്രത്തിനുള്ള കോലിയുടെ ‘ലൈക്ക്’ അപ്രത്യക്ഷമായിരുന്നു. എന്നിട്ടും സ്ക്രീൻഷോട്ടുകളായി ഈ ലൈക്ക് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കോലി വിശദീകരണവുമായി രംഗത്തെത്തിയത്. ‘‘ഒരു കാര്യത്തിൽ വ്യക്തത വരുത്താൻ ആഗ്രഹിക്കുന്നു. എന്റെ ഫീഡ് ക്ലിയർ ചെയ്യുന്ന സമയത്ത് അൽഗൊരിതത്തിൽ വന്ന പിഴവു നിമിത്തമാകാം ഇത്തരമൊരു ഇന്ററാക്ഷൻ റജിസ്റ്റർ ആയത്. അല്ലാതെ അതിനു പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ല. ഇതുമായി ബന്ധപ്പെട്ട് അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കരുത് എന്ന് അഭ്യർഥിക്കുന്നു. മനസിലാക്കിയതിന് നന്ദി’ – കോലി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. ഇതിനു ശേഷം ജൂലൈയിൽ, വിരാട് കോലിയുടെയും ഭാര്യ അനുഷ്ക ശർമയുടെ വിമ്പിൾഡൻ ടെന്നിസ് മത്സരം കാണാനെത്തിയപ്പോഴും അവ്നീതിന്റെ സാന്നിധ്യമുണ്ടായിരുന്നത് വൻ ചർച്ചയായി. ഇതിനു പിന്നാലെയാണ് സൂര്യകുമാർ യാദവിനൊപ്പവും താരത്തിന്റെ പേരു വരുന്നത്.
English Summary:








English (US) ·