
സ്പിന്നർ വരുൺ ചക്രവർത്തി | Photo: twitter.com|iplt20
യുവതാരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറക്കുന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍. ഒട്ടേറെ താരങ്ങള്‍ക്ക് അവരുടെ കഴിവ് പുറത്തെടുക്കാനുള്ള അവസരം കൂടിയാണിത്. അത്തരത്തില്‍ ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ കളിച്ച ഒട്ടേറെതാരങ്ങളുണ്ട്. അവരിലൊരാളാണ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കായുള്ള മിന്നും പ്രകടനമാണ് താരത്തിന് ഇന്ത്യയുടെ വൈറ്റ്‌ബോള്‍ ക്രിക്കറ്റ് ടീമില്‍ ഇടംനേടിക്കൊടുത്തത്. ഇപ്പോഴിതാ ഐപിഎല്ലില്‍ അവസരം ലഭിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വരുണ്‍.
മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ യൂട്യൂബില്‍ ചാനലിലാണ് വരുണിന്റെ പ്രതികരണം. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നെറ്റ്‌ബോളറായി കടന്നുവന്നതിന് പിന്നാലെയാണ് ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചതെന്ന് വരുണ്‍ പറയുന്നു. എന്നാല്‍ താരം ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിച്ചിട്ടില്ല. പകരം കൊല്‍ക്കത്തയാണ് സ്പിന്നറെ റാഞ്ചിയത്.
'രണ്ടുവര്‍ഷത്തോളം വിലക്ക് ലഭിച്ചതിന് പിന്നാലെ ചെന്നൈ ഐപിഎല്ലിലേക്ക് മടങ്ങിവരാനൊരുങ്ങുന്ന സമയമായിരുന്നു അത്. ടി.എസ് മോഹന്‍ എന്നയാളായിരുന്നു അന്ന് ചെന്നൈയുടെ നെറ്റ് ബൗളേഴ്‌സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ഞാന്‍ ഒരിക്കല്‍ സ്‌കൂട്ടറില്‍ ചെന്നൈ ടീമിന്റെ ബസ്സിനെ പിന്തുടര്‍ന്നു. ശേഷം ചേപ്പോക്ക് സ്‌റ്റേഡിയത്തിന് പുറത്തുനിന്ന് അദ്ദേഹത്തെ വിളിച്ചു. സിഎസ്‌കെയുടെ നെറ്റ് ബോളറായി അവസരം കിട്ടുമോ എന്ന് ചോദിച്ചു. '- വരുണ്‍ പറഞ്ഞു
'ഏത് ഡിവിഷനിലായിരുന്നു ഞാന്‍ കളിച്ചതെന്നാണ് അദ്ദേഹം തിരിച്ചുചോദിച്ചത്. അഞ്ചാം ഡിവിഷനിലെന്ന് മറുപടി നല്‍കി. എന്നാല്‍ ഒന്നാം ഡിവിഷനിലെ താരങ്ങളെ മാത്രമേ പരിഗണിക്കാറുള്ളൂ എന്നാണ് പറഞ്ഞത്. എന്നെ എളുപ്പത്തില്‍ ഒഴിവാക്കാമായിരുന്നിട്ടും അദ്ദേഹം അത് ചെയ്തില്ല. പകരം അടുത്ത ദിവസം വന്നുകാണാനാണ് പറഞ്ഞത്. അടുത്ത ദിവസം പോയപ്പോള്‍ അവിടെയുണ്ടായിരുന്ന ബൗളര്‍മാരെല്ലാം ഒന്നാം ഡിവിഷനിലുള്ളവരായിരുന്നു. ഞാന്‍ മാത്രമായിരുന്നു താഴെയുള്ള ഡിവിഷനില്‍ നിന്ന്.'
'അദ്ദേഹം എനിക്കാണ് ആദ്യം പന്ത് തന്നത്. എല്ലാവരും ഞാന്‍ പന്തെറിയുന്നതും കാത്തുനില്‍ക്കുകയായിരുന്നു. ആദ്യം ബ്രാവോയ്ക്കാണ് പന്തെറിഞ്ഞത്. പിന്നീട് ഞാന്‍ ധോനിക്കും റെയ്‌നയ്ക്കുമെല്ലാം പന്തെറിഞ്ഞു. അവരില്‍ മതിപ്പുളവാക്കുന്നതായിരുന്നു എന്റെ പ്രകടനം. ശേഷം ഐപിഎല്ലില്‍ രജിസ്റ്റര്‍ ചെയ്തിരുന്നോ എന്ന് ചോദിച്ചു. ഒന്നാം ഡിവിഷനില്‍ പോലും രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നാണ് ഞാന്‍ മറുപടി നല്‍കിയത്. ഇതെല്ലാം ആദ്യദിനം തന്നെ സംഭവിച്ച കാര്യങ്ങളാണ്. പിന്നാലെ സിഎസ്‌കെയ്ക്കായി നെറ്റ്‌സില്‍ പന്തെറിയാന്‍ പറഞ്ഞു. അതിന് ശേഷമാണ് ദിനേശ് കാര്‍ത്തിക്കിനെ കാണുന്നതും കൊല്‍ക്കത്തയുടെ നെറ്റ് ബൗളറാകുന്നതും. അവിടെ നന്നായി പന്തെറിഞ്ഞതോടെ കാര്യങ്ങള്‍ മാറിമറഞ്ഞെന്നും' വരുണ്‍ പറഞ്ഞു.
Content Highlights: Varun Chakravarthy csk nett bowling ipl vocation debut








English (US) ·