
ധനുഷ്, രാഞ്ഝണാ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: AFP, X
രാഞ്ഝണാ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് എഐ സഹോയത്തോടെ മാറ്റിയശേഷം റീ റിലീസ് ചെയ്യുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ചിത്രത്തിലെ നായകനായ ധനുഷ്. പുതിയ പതിപ്പിനെതിരെ സംവിധായകൻ ആനന്ദ് എൽ. റായി രംഗത്തെത്തിയതിനു പിന്നാലെയാണിപ്പോള്‍ ധനുഷിന്റെ പ്രതികരണവും എത്തിയിരിക്കുന്നത്. മാറ്റം വരുത്തിയ പുതിയ ക്ലൈമാക്‌സ് സിനിമയുടെ ആത്മാവിനെത്തന്നെ ഇല്ലാതാക്കിയെന്ന് ധനുഷ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് രാഞ്ഝണാ റീ റിലീസ് ചെയ്തത്. തൊട്ടുപിന്നാലെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പ്രതികരണവുമായി ധനുഷ് എത്തി. സിനിമയുടെ മാറ്റം വരുത്തിയ പതിപ്പ് തന്നെ പൂർണമായും അസ്വസ്ഥനാക്കിയെന്ന് ധനുഷ് പറഞ്ഞു. തന്റെ എതിർപ്പ് അവഗണിച്ചാണ് നിർമാതാക്കൾ പുതിയ പതിപ്പിന്റെ റിലീസുമായി മുന്നോട്ടുപോയത്. 12 വർഷം മുൻപ് ഞാൻ അഭിനയിക്കാൻ സമ്മതിച്ച സിനിമ ഇതല്ലെന്നും അദ്ദേഹം പറഞ്ഞു.
"സിനിമകളിലോ മറ്റ് ഉള്ളടക്കങ്ങളിലോ മാറ്റം വരുത്താൻ എഐ ഉപയോഗിക്കുന്നത് കലയ്ക്കും കലാകാരന്മാർക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്ന ഒരു കീഴ്‌വഴക്കമാണ്. ഇത് കഥപറച്ചിലിൻ്റെ ആത്മാർത്ഥതയ്ക്കും സിനിമയുടെ പാരമ്പര്യത്തിനും ഭീഷണിയാണ്. ഭാവിയിൽ ഇത്തരം പ്രവൃത്തികൾ തടയുന്നതിനായി കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയുടെ ദുഃഖം നിറഞ്ഞ ക്ലൈമാക്സ് നിർമിതബുദ്ധിയുടെ സഹായത്തോടെ സന്തോഷം നിറഞ്ഞതാക്കി മാറ്റിയാണ് ചിത്രം കഴിഞ്ഞദിവസം പ്രദർശനത്തിനെത്തിയത്. നിർമാതാക്കളായ ഇറോസ് ഇന്റർനാഷണൽ ഇങ്ങനെയൊരു മാറ്റം സിനിമയിൽ വരുത്തുന്നത് താനറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നാരോപിച്ച് സംവിധായകൻ ആനന്ദ് എൽ. റായിയാണ് ആദ്യം വിമർശനവുമായെത്തിയത്. ജനങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ട ഒരു ക്ലൈമാക്സാണത്. സംവിധായകനെ കേൾക്കുന്നില്ലെങ്കിൽ, പ്രേക്ഷകരുടെയെങ്കിലും അഭിപ്രായം കേൾക്കണം. എന്താണ് ഒരു ശുഭപര്യവസാനം? അതൊരു ദുരന്തമാണ്, അതൊരു വികാരമാണ്. നിങ്ങൾക്ക് എങ്ങനെയാണ് വികാരങ്ങളെ തടസ്സപ്പെടുത്താൻ കഴിയുന്നത്? ആ സിനിമയുടെ ശബ്ദം ആ ക്ലൈമാക്സിലാണെന്നും റായ് പറഞ്ഞിരുന്നു.
ഈ വിഷയത്തിൽ നീരജ് പാണ്ഡെ, കനിക ധില്ലൻ, തനുജ് ഗാർഗ് എന്നിവരുൾപ്പെടെ സിനിമാരംഗത്തെ നിരവധി പ്രമുഖർ, സിനിമയുടെ യഥാർത്ഥ സ്രഷ്‌ടാക്കൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും എഐ ഉപയോഗിച്ച് മാറ്റം വരുത്തിയ റിലീസിനെ വിമർശിക്കുകയും ചെയ്തിരുന്നു. ഇത് അധാർമ്മികവും കലാപരമായ ആത്മാർത്ഥതയ്ക്ക് ഹാനികരവുമാണെന്നാണ് അവർ വിശേഷിപ്പിച്ചത്. ധനുഷും സോനം കപൂറും പ്രധാന വേഷങ്ങളിൽ എത്തിയ 'രാഞ്ഝണാ' 2013-ലാണ് പുറത്തിറങ്ങിയത്. ചിത്രം നിരൂപക പ്രശംസയും വാണിജ്യ വിജയവും ഒരുപോലെ നേടിയിരുന്നു.
Content Highlights: Dhanush criticizes unauthorized AI-altered ending of Raanjhanaa
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·