.jpg?%24p=29246ba&f=16x10&w=852&q=0.8)
ഗോപീകൃഷ്ണൻ കെ. വർമ 'സിത്താരേ സമീൻപർ' ചിത്രത്തിന്റെ പോസ്റ്ററിൽ | Photo: Facebook/ Aamir Khan Productions
ഡൗണ്‍സിന്‍ഡ്രോം ബാധിച്ച കൗമാരക്കാരുടെ കഥപറഞ്ഞ ആമിര്‍ ഖാന്‍ ചിത്രമായിരുന്നു 'സിത്താരേ സമീന്‍പര്‍'. ചിത്രത്തില്‍ 'ഗുഡ്ഡു' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോപീകൃഷ്ണന്‍ കെ. വര്‍മ എന്ന കോഴിക്കോട്ടുകാരന്‍ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇന്ത്യ ബുക്‌സ് ഓഫ് റെക്കോര്‍ഡില്‍ പേരുള്ള താരമാണ് ഗോപീകൃഷ്ണന്‍. 2021-ല്‍ പുറത്തിറങ്ങിയ 'തിരികെ' എന്ന ചിത്രത്തിലൂടെയാണ് ഗോപീകൃഷ്ണന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമയില്‍ ഗോപീകൃഷ്ണന്റെ യാത്രയെക്കുറിച്ച് സംസാരിക്കുകയാണ് പിതാവ് കിഷോറും ഡോ. ഷാജി തോമസ് ജോണും.
രണ്ട് സഹോദരങ്ങള്‍ തമ്മിലെ ബന്ധത്തിന്റെ കഥപറയുന്ന 'തിരികെ'യിലെ അഭിനയിച്ചതോടെയാണ് ഗോപീകൃഷ്ണന്‍ ഇന്ത്യ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്. ഒരു കൊമേഴ്സ്യല്‍ സിനിമയില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച, ഡൗണ്‍സിന്‍ഡ്രോമുള്ള ആദ്യനടന്‍ എന്ന പേരിലാണ് ഗോപീകൃഷ്ണന്‍ റെക്കോഡിട്ടത്.
ഗോപീകൃഷ്ണന്‍ ജനിച്ച ഉടനെ തൃശ്ശൂരില്‍ ഒരു ഡോക്ടറെക്കാണിച്ചപ്പോള്‍, 'എന്തൂട്ടിനാ ഇതിനെയൊക്കെ വളര്‍ത്തണേ' എന്നാണ് ആ ഡോക്ടര്‍ തൃശ്ശൂര്‍ ഭാഷയില്‍ തന്നോട് ചോദിച്ചത് എന്നാണ് പിതാവ് കിഷോര്‍ ഒരല്പം വിഷമത്തോടെ ഓര്‍ക്കുന്നത്. എന്നാലിന്ന്, ഗോപി ഓരോ നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും അതേ ഡോക്ടറുടെ ആ വാക്കുകള്‍ തന്റെയുള്ളില്‍ മുഴങ്ങിക്കേള്‍ക്കുമെന്ന് കുറച്ചധികം അഭിമാനത്തോടെ കിഷോര്‍ പറയുന്നു. 'ഞങ്ങള്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്ന മറ്റൊരു ഡോക്ടര്‍, ഷാജി തോമസ് ജോണ്‍ സാറിന്റെ വാക്കുകളാണ് ഇപ്പോള്‍ ഓരോ പ്രതിസന്ധി വരുമ്പോഴും ശക്തി തരുന്നത്. എന്തുപ്രശ്‌നം സാറിന്റെ അടുത്തു പോയി പറഞ്ഞാല്‍, 'സോ വാട്ട്' എന്ന് അദ്ദേഹം തിരിച്ചുചോദിക്കും. ആ ചോദ്യമാണ് ഇന്ന് ഞങ്ങളുടെ കുടുംബത്തെ മുന്നോട്ടുകൊണ്ടുപോവുന്നത്.ഗോപിയെ സിനിമയില്‍ കാണുമ്പോള്‍ അച്ഛന്‍ എന്ന നിലയില്‍ എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത വികാരമാണ്. സന്തോഷവും സങ്കടവും അഭിമാനവും എല്ലാം കൂടിയുള്ള അനുഭമാണ് തോന്നുന്നത്', കിഷോര്‍ പറയുന്നു.
ഗോപീകൃഷ്ണന്‍ സിനിമയിലെത്തിയ വഴിയെക്കുറിച്ച് ഡോ. ഡോ. ഷാജി തോമസ് ജോണ്‍ പറയുന്നു. 'ഗോപിയിലെ കഴിവ് ഞാന്‍ ശ്രദ്ധിച്ചിരുന്നു. 'തിരികെ' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പറ്റിയ ഡൗണ്‍സിന്‍ഡ്രോം ബാധിച്ച കുട്ടിയെ പരിചയമുണ്ടോയെന്ന് എന്നോട് അന്വേഷിച്ചു. എന്റെ മനസില്‍പ്പെട്ടന്ന് വന്നത് ഗോപിയാണ്. സജീവമായി ഇടപെടുന്ന ഊര്‍ജസ്വലമായി പെരുമാറുന്ന കുട്ടിയാണ്. അന്ന് ഞാന്‍ ഗോപിയുടെ പേര് നിര്‍ദേശിച്ചു', അദ്ദേഹം പറഞ്ഞു.
'സിത്താരേ സമീന്‍പറി'ല്‍ ഗോപീകൃഷ്ണനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഇന്‍ട്രോ വീഡിയോ ശ്രദ്ധനേടിയിരുന്നു. കമല്‍ഹാസിന്‍ പ്ലസ് മോഹന്‍ലാല്‍ എന്ന വിശേഷണത്തോടെയാണ് അണിയറപ്രവര്‍ത്തകര്‍ ഗോപീകൃഷ്ണനെ അവതരിപ്പിച്ചത്.
Content Highlights: Meet Gopi Krishnan, First Indian Actor With Down Syndrome, Now In Aamir Khan's 'Sitaare Zameen Par'
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·