അന്ന് തകർന്നുപോയി, കുംബ്ലെക്ക് മുന്നിൽ വച്ച് കരഞ്ഞു; പഞ്ചാബിൽ അപമാനിക്കപ്പെട്ടതായി ​ഗെയ്ൽ 

4 months ago 4

ടി20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. അന്താരാഷ്ട്ര തലത്തില്‍ മാത്രമല്ല, ലോകത്തുള്ള ഒട്ടേറെ ടി20 ലീഗുകളില്‍ തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട് ഗെയ്ല്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും സമാനമായിരുന്നു താരത്തിന്റെ പ്രകടനം. കൊല്‍ക്കത്ത, ബെംഗളൂരു, പഞ്ചാബ് ടീമുകള്‍ക്കായി താരം പാഡണിഞ്ഞു. 2021 ല്‍ മുബൈക്കെതിരേയാണ് ഗെയ്ല്‍ അവസാനമായി കളിക്കുന്നത്. പഞ്ചാബിനായി കളിച്ച താരം സീസണിന്റെ പാതിവഴിയില്‍വെച്ചാണ് ഫ്രാഞ്ചൈസി വിടുന്നത്. വിഷയത്തില്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഗെയ്ല്‍. പഞ്ചാബ് ടീമിൽ നിന്ന് താൻ അപമാനിക്കപ്പെട്ടതായി ​ഗെയ്ൽ പ്രതികരിച്ചു.

പഞ്ചാബിൽ എന്റെ ഐപിഎൽ നേരത്തെ അവസാനിച്ചു. സത്യം പറഞ്ഞാൽ, കിങ്സ് ഇലവൻ പഞ്ചാബിൽ ഞാൻ അപമാനിക്കപ്പെട്ടു. ലീഗിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുകയും ഫ്രാഞ്ചൈസിക്ക് മുതൽകൂട്ടാവുകയും ചെയ്ത ഒരു സീനിയർ കളിക്കാരനാണ് ഞാൻ. എന്നിട്ടും എനിക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് തോന്നി. പകരം, അവർ എന്നെ ഒരു കുട്ടിയെപ്പോലെയാണ് കണ്ടത്. ജീവിതത്തിൽ ആദ്യമായി ഞാൻ വിഷാദത്തിലേക്ക് വഴുതിവീഴുകയാണെന്ന് തോന്നിപ്പോയി. - ശുഭങ്കർ മിശ്രയുടെ യൂട്യൂബ് ചാനലിൽ ഗെയ്ൽ തുറന്നുപറഞ്ഞു.

പണത്തേക്കാൾ പ്രധാനം നമ്മുടെ മാനസികാരോഗ്യമാണ്. അനിൽ കുംബ്ലെയെ വിളിച്ച് ഞാൻ പോകുകയാണെന്ന് പറഞ്ഞു. ആ സമയത്ത് ലോകകപ്പ് നടക്കുകയായിരുന്നു. മുംബൈയ്‌ക്കെതിരായ മത്സരത്തിന് ശേഷമാണ് ഫ്രാഞ്ചൈസി വിടാൻ തീരുമാനിച്ചിരുന്നതെന്ന് വിൻഡീസ് താരം​ പറഞ്ഞു. ഇവിടെ നിന്നാൽ അത് തന്നെത്തന്നെ കൂടുതൽ ദ്രോഹിക്കുകയാണെന്ന് ചിന്തിച്ചതായും ​ഗെയ്ൽ വെളിപ്പെടുത്തി.

അങ്ങനെ ഞാൻ അദ്ദേഹത്തെ വിളിച്ച് നേരിട്ട് സംസാരിച്ചു. സംസാരിക്കുന്നതിനിടയിൽ ഞാൻ ശരിക്കും തകർന്നുപോയി, കാരണം എനിക്ക് അത്രയേറെ വിഷമമുണ്ടായിരുന്നു. അതെ, ഞാൻ കരഞ്ഞു. - ​ഗെയ്ൽ വെളിപ്പെടുത്തി.

കുംബ്ലെയോടും അന്ന് ആ ഫ്രാഞ്ചൈസി പ്രവർത്തിച്ചിരുന്ന രീതിയിലും എനിക്ക് നിരാശ തോന്നി. ഞാൻ അദ്ദേഹത്തോട് നന്ദി പറഞ്ഞു. കെ.എൽ. രാഹുലായിരുന്നു ക്യാപ്റ്റൻ. ഇവിടെ നിൽക്കുന്നുണ്ടെങ്കില്‍ അടുത്ത കളി കളിക്കാമെന്ന് രാഹുൽ പറഞ്ഞു. എന്നാൽ ആശംസകൾ നേർന്ന് ബാഗ് പാക്ക് ചെയ്ത് അവിടെ നിന്നിറങ്ങിയതായി ഗെയ്ൽ തുറന്നുപറഞ്ഞു.

Content Highlights: Cried In Front Of Kumble Chris Gayle Accuses punjab disrespect

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article