‘അന്ന് നിങ്ങൾ ഗില്ലിനോട് എന്തുതരം ആംഗ്യമാണ് കാട്ടിയത്?’: പരിഹസിച്ച് യുവതി, അബ്രാർ അഹമ്മദിന് കിവീസിലും സമാധാനമില്ല– വിഡിയോ

9 months ago 8

ഓൺലൈൻ ഡെസ്‌ക്

Published: April 04 , 2025 03:18 PM IST

1 minute Read

അബ്രാർ അഹമ്മദ്, അബ്രാർ അഹമ്മദ് ഗില്ലിന് നൽകിയ വിവാദ യാത്രയയപ്പ്
അബ്രാർ അഹമ്മദ്, അബ്രാർ അഹമ്മദ് ഗില്ലിന് നൽകിയ വിവാദ യാത്രയയപ്പ്

ഹാമിൽട്ടൻ∙ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനിടെ യുവതാരം ശുഭ്മൻ ഗില്ലിനെ പുറത്താക്കിയശേഷം ‘പ്രത്യേക യാത്രയയപ്പ്’ നൽകി ചമ്മിയ പാക്കിസ്ഥാൻ താരം അബ്രാർ അഹമ്മദിന്, ആ സംഭവത്തിന്റെ പേരിൽ ന്യൂസീലൻഡിലും സമാധാനമില്ല. ചാംപ്യൻസ് ട്രോഫിയിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ന്യൂസീലൻഡ് പര്യടനത്തിന് എത്തിയ പാക്കിസ്ഥാൻ ടീമിൽ അംഗമായ അബ്രാർ അഹമ്മദിനെ, ഗില്ലിനു നൽകിയ യാത്രയയപ്പിന്റെ പേരിൽ സ്റ്റേഡിയത്തിൽവച്ച് യുവതി ചോദ്യം ചെയ്യുന്ന വിഡിയോ പുറത്തുവന്നു. ഹാമിൽട്ടനിലെ സെഡൻ പാർക്കിൽ നടന്ന ന്യൂസീലൻഡ് – പാക്കിസ്ഥാൻ രണ്ടാം ഏകദിനത്തിനിടെയാണ് സംഭവം.

ഈ മത്സരത്തിൽ അബ്രാർ അഹമ്മദ് പാക്കിസ്ഥാന്റെ പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നില്ല. മത്സരത്തിനിടെ സ്റ്റേഡിയത്തിന്റെ അരികിലൂടെ നടക്കുമ്പോഴാണ്, ഗാലറിയിൽനിന്ന് ഒരു യുവതി ശുഭ്മൻ ഗില്ലിന്റെ കാര്യം അബ്രാറിനോടു ചോദിച്ചത്. 

‘‘നിങ്ങൾ അന്ന് ശുഭ്മൻ ഗില്ലിനോട് കാട്ടിയതെന്താണ്?’ – ഇതായിരുന്നു അബ്രാർ അഹമ്മദിനോട് യുവതിയുടെ ചോദ്യം. യുവതിയുടെ ചോദ്യം കേട്ടെങ്കിലും ചമ്മിയ ചിരിയോടെ വേഗം അവിടെനിന്ന് സ്ഥലം കാലിയാക്കുന്ന അബ്രാർ അഹമ്മദിനെയാണ് വിഡിയോ ദൃശ്യങ്ങളിൽ കാണുന്നത്.

∙ ചാംപ്യൻസ് ട്രോഫിയിൽ സംഭവിച്ചത്...

ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായി ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് ഇന്ത്യൻ താരം ശുഭ്മൻ ഗില്ലിനെ പുറത്താക്കിയ ശേഷം അബ്രാർ അഹമ്മദ് ‘യാത്രയയപ്പ്’ നൽകി വൈറലായത്. ഗില്ലിനെ പുറത്താക്കിയശേഷം കൈകൾ കെട്ടി മിഥുനത്തിലെ ‘ഇന്നസെന്റ് മോഡലി’ൽ നിന്ന് അബ്രാർ, ‘കയറിപ്പോ’ എന്ന അർഥത്തിൽ തലകൊണ്ട് കാട്ടിയ ആംഗ്യമാണ് വൈറലായത്. മത്സരത്തിനിടെ അബ്രാറിന്റെ ആംഗ്യത്തിന് ‘ഹീറോ പരിവേഷം’ ആയിരുന്നെങ്കിൽ, കളി തോറ്റതോടെ ആ നിൽപ്പ് ട്രോളുകളിലും നിറഞ്ഞു. മത്സരത്തിൽ ഇന്ത്യ ആറു വിക്കറ്റിനാണ് പാക്കിസ്ഥാനെ തകർത്തത്.

പാക്കിസ്ഥാൻ ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി, ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം ഓപ്പണറായാണ് ശുഭ്മൻ ഗിൽ ക്രീസിലെത്തിയത്. ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെതിരെ സെഞ്ചറിയുമായി ടീമിന്റെ വിജയശിൽപിയായ ഉപനായകൻ കൂടിയായ ഗിൽ, ഇത്തവണയും മികച്ച ഫോമിലായിരുന്നു. രോഹിത് പുറത്തായ ശേഷം വിരാട് കോലിക്കൊപ്പം അർധസെഞ്ചറി കൂട്ടുകെട്ടുമായി വിജയത്തിന് അടിത്തറയിടുന്നതിനിടെയാണ് ഗില്ലിനെ അബ്രാർ പുറത്താക്കിയത്. 52 പന്തിൽ ഏഴു ഫോറുകളോടെ 46 റൺസെടുത്ത ഗിൽ, അബ്രാർ അഹമ്മദിന്റെ മികച്ചൊരു പന്തിലാണ് ക്ലീൻ ബൗൾഡായി പുറത്തായത്.

അതിനു തൊട്ടുമുൻപ് ഗില്ലിന്റെ ക്യാച്ച് പാക്കിസ്ഥാൻ താരം കൈവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് തകർപ്പനൊരു പന്തിൽ അബ്രാർ ഗില്ലിനെ പുറത്താക്കിയത്. അബ്രാറിന്റെ കാരംബോളിൽ വിക്കറ്റ് തെറിക്കുന്നതുകണ്ട് അവിശ്വസനീയതയോടെ ഒരുനിമിഷം ക്രീസിൽ നിന്ന ശേഷമാണ് ഗിൽ പവലിയനിലേക്ക് മടങ്ങിയത്. ഇതിനിടെയാണ്, കൈകൾ കെട്ടിനിന്ന് ‘കയറിപ്പോകൂ’ എന്ന അർഥത്തിൽ അബ്രാർ ആംഗ്യം കാട്ടിയത്. മത്സരം പാക്കിസ്ഥാൻ തോറ്റതോടെ ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ ട്രോളുകളാണ് പ്രചരിച്ചത്.

English Summary:

Female instrumentality confronts Abrar Ahmed for look disconnected with Shubman Gill during Champions Trophy 2025

Read Entire Article