ആരവങ്ങളില്ല. റഫറിയുടെ വിസില്‍ നാദമില്ല. സൈഡ് ബെഞ്ചില്‍ നിന്നുള്ള കോച്ചിന്റെ കല്പനകളില്ല. സര്‍വം ശാന്തം. മൗനമുഖരിതമായ ആ അന്തരീക്ഷത്തിലേക്ക് കൊച്ചുകുഞ്ഞിന്റെ നിഷ്‌കളങ്കഭാവത്തോടെ പന്തുതട്ടി കടന്നുവരുന്നു, കേരളം സൃഷ്ടിച്ച എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍മാരിലൊരാള്‍. സാങ്കല്പികമായ ഒരു ഗോള്‍പോസ്റ്റിന് മുന്നില്‍ 73 കാരനായ പഴയ കളിക്കൂട്ടുകാരന്റെ ഷോട്ട് തടയാന്‍ കാത്തുനില്‍ക്കുന്നു മുഴുക്കൈയന്‍ ജേഴ്‌സിയണിഞ്ഞ ഗോള്‍ക്കീപ്പര്‍.
'കണ്ണ് നിറഞ്ഞുപോയ നിമിഷമായിരുന്നു അത്.' പതിറ്റാണ്ടിലേറെക്കാലം കേരളത്തിന്റെ ഗോള്‍വലയം കാത്ത ഇട്ടി മാത്യു പറയുന്നു. എങ്ങനെ നിറയാതിരിക്കും ? വര്‍ഷങ്ങളോളം ഒപ്പം കളിക്കുകയും, തലങ്ങും വിലങ്ങും ഗോളുകളടിച്ചുകൂട്ടി സ്വന്തം ടീമിന് എണ്ണമറ്റ വിജയങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്ത സ്റ്റാര്‍ സ്ട്രൈക്കര്‍ നജീമുദ്ദീനാണ് പന്തുമായി തൊട്ടുമുന്നില്‍; ഓര്‍മ്മത്തെറ്റുകളുടെ ഓഫ്സൈഡ് ട്രാപ്പില്‍ നിന്ന് പൂര്‍ണ്ണമായി കുതറിമാറാനാകാതെ, നിസ്സഹായനായി... ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള മൈതാനങ്ങളില്‍ സുബ്രതോ ഭട്ടാചാര്‍ജിയെയും ഗുര്‍ചരണ്‍ സിംഗ് പാര്‍മറേയും അമര്‍ജീത് ഭാട്യയേയും സുധീര്‍ കര്‍മാര്‍ക്കറെയും പോലുള്ള എണ്ണം പറഞ്ഞ പ്രതിരോധ ഭടന്മാരെ പുഷ്പം പോലെ വകഞ്ഞുമാറ്റി കുതിച്ചിരുന്ന നജീമുദ്ദീനെ ആ രൂപത്തില്‍, ഭാവത്തില്‍ കാണാന്‍ അശക്തനായിരുന്നു ഇട്ടി.
പ്രിയസുഹൃത്തിന് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ വേണ്ടി മാത്രം, കളിക്കുന്ന കാലത്ത് അണിഞ്ഞിരുന്ന ഗോള്‍ക്കീപ്പറുടെ ജേഴ്‌സി ധരിച്ച് കൊച്ചിയില്‍ നിന്ന് കൊല്ലത്തെ നജീമുദ്ദീന്റെ വീട്ടിലെത്തിയതായിരുന്നു ഇട്ടി മാത്യു. 'നാലു ദിവസം മുന്‍പ് അപ്രതീക്ഷിതമായി നജീമിന്റെ ഒരു ഫോണ്‍ കോള്‍. ഇട്ടീ, നമുക്കൊന്ന് കൂടണ്ടേ എന്നാണ് ചോദ്യം. ഒപ്പം മറ്റൊരാഗ്രഹം കൂടി പങ്കുവെച്ചു അദ്ദേഹം. ഗ്രൗണ്ടില്‍ പോകണം. കളിക്കണം. എനിക്കത്ഭുതമായിരുന്നു. രോഗാവസ്ഥയിലായ ശേഷം ഫുട്‌ബോളിനെ കുറിച്ച് അങ്ങനെ സംസാരിച്ചു കേള്‍ക്കാറില്ല നജീമുദ്ദീന്‍. സന്തോഷത്തോടെ തന്നെ ആ ക്ഷണം സ്വീകരിച്ചു ഞാന്‍. വരും, നിങ്ങളുടെ ഷോട്ട് തടുക്കും.' അതായിരുന്നു വാഗ്ദാനം.
കഴിഞ്ഞ ദിവസം കാലത്താണ് ഇട്ടി മാത്യു നജീമിന്റെ വീട്ടിലെത്തിയത്. ഞൊടിയിടയില്‍ വീടിന്റെ പൂമുഖം ഒരു 'മൈതാന'മായി മാറുന്നു. പ്രതീക്ഷിച്ചതിലേറെ ക്ഷീണിതനായിരുന്നു നജീമുദ്ദീന്‍. കളിക്കളത്തിലെ പഴയ പടക്കുതിരയുടെ സ്ഥാനത്ത് ശാരീരിക അവശതകളെ നിലയ്ക്ക് നിര്‍ത്താന്‍ പ്രയാസപ്പെടുന്ന ഒരാള്‍. 'ഒന്ന് രണ്ടു തവണ നജീമിന് മുന്നില്‍ പന്ത് വെച്ചുകൊടുത്ത് അദ്ദേഹത്തെ കിക്കെടുക്കാന്‍ പ്രേരിപ്പിച്ചു ഞാന്‍. പ്രയാസപ്പെട്ടാണെങ്കിലും പതുക്കെ പന്ത് തട്ടിത്തുടങ്ങിയതോടെ പഴയ ഉന്മേഷം കുറച്ചൊന്ന് വീണ്ടുകിട്ടിയപോലെ. എങ്കിലും അതും നൈമിഷികമായിരുന്നു. ഉരുണ്ടുപോകുന്ന പന്തിനെ നിസ്സഹായനായി ഒന്ന് നോക്കിയ ശേഷം ഒന്നും മിണ്ടാതെ കസേരയില്‍ ചെന്നിരുന്നു അദ്ദേഹം. ഇരമ്പുന്ന ഗാലറികളുടെ ആരവം ഏറ്റുവാങ്ങി നെഞ്ചുവിരിച്ചു നില്‍ക്കുന്ന പഴയ സ്ട്രൈക്കറുടെ ചിത്രമായിരുന്നു അപ്പോള്‍ എന്റെ മനസ്സില്‍.' ഇട്ടി മാത്യു.
വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഓര്‍മ്മത്തെറ്റുകള്‍ വേട്ടയാടിത്തുടങ്ങിയിരുന്നു നജീമുദ്ദീനെ. ഡല്‍ഹിയിലെ ഡ്യുറാന്‍ഡ് കപ്പില്‍ ടൈറ്റാനിയത്തിന് കളിക്കുന്നതിനിടെ ഉണ്ടായ വീഴ്ചയില്‍ തലയ്ക്കേറ്റ ക്ഷതം മസ്തിഷ്‌കത്തിനെ ബാധിച്ചതാവാം കാരണമെന്ന് വിധിയെഴുതിയിട്ടുണ്ട് അദ്ദേഹത്തെ ചികില്‍സിച്ച വിദഗ്ധ ഡോക്ടര്‍മാര്‍. മാസങ്ങള്‍ മാത്രം മുന്‍പ് മറ്റൊരു രോഗ ബാധ കൂടി കണ്ടെത്തിയതോടെ ആരോഗ്യാവസ്ഥ കൂടുതല്‍ മോശമായി. ഓര്‍മ്മകള്‍ മിന്നിമറഞ്ഞുകൊണ്ടിരുന്ന കാലത്തും പൊതു ചടങ്ങുകളില്‍ പങ്കെടുത്തിരുന്ന നജീമുദ്ദീന്‍ അതോടെ സ്വന്തം ലോകത്തേക്ക് ഒതുങ്ങി. ഭാര്യയോടൊപ്പം കൊല്ലത്ത് രാമവര്‍മ്മ ക്ലബ്ബിനടുത്തുള്ള വീട്ടിലാണ് ഇപ്പോള്‍ താമസം. മക്കളായ സോഫിയയും സുമയ്യയും സാദിയയും വിദേശത്താണ്.
കേരളത്തിന്റെ പ്രഥമ സന്തോഷ് ട്രോഫി വിജയത്തിന്റെ (1973) മുഖ്യശില്പികളില്‍ ഒരാളായിരുന്നു കൊല്ലം തേവള്ളി സ്വദേശി നജീമുദ്ദീന്‍ --- മലയാളികളുടെ ഒരു തലമുറയുടെ 'മാറഡോണ.' അതിനും ഒരു വര്‍ഷം മുന്‍പ്, 1972 ല്‍ കേരളത്തിന്റെ ദേശീയ ജൂനിയര്‍ കിരീട വിജയത്തിലും പങ്കാളിയായി. 'ആ ടൂര്‍ണ്ണമെന്റിലാണ് ഞങ്ങള്‍ ആദ്യമായി ഒരുമിച്ചു കളിച്ചത്.' ഇട്ടിയുടെ ഓര്‍മ്മ. 1981 വരെ തുടര്‍ച്ചയായി എട്ടു വര്‍ഷം സീനിയര്‍ ടീമിന് കളിക്കുന്നതിനിടെ 1979 ലെ കോയമ്പത്തൂര്‍ നാഷണല്‍സില്‍ സംസ്ഥാന ടീമിന്റെ നായകപദവി നജീമിനെ തേടിയെത്തുന്നു. 1992 ലാണ് ടൈറ്റാനിയത്തിന് വേണ്ടി അവസാനം കളിച്ചത്. ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചത് 2009 ല്‍. 'അസിസ്റ്റന്റ് കമേഴ്സ്യല്‍ മാനേജര്‍ പോസ്റ്റില്‍ നിന്നാണ് ഞങ്ങള്‍ ഇരുവരും റിട്ടയര്‍ ചെയ്തതെന്നത് മറ്റൊരു യാദൃച്ഛികത. ഞാന്‍ വിരമിച്ച് ഒന്‍പത് മാസം കഴിഞ്ഞായിരുന്നു നജീമിന്റെ വിടവാങ്ങല്‍..' ഇട്ടി മാത്യു. ഉന്നതഫോമില്‍ തിളങ്ങിനിന്ന കാലത്ത് കൊല്‍ക്കത്തയിലേയും മുബൈയിലേയും ഗ്ലാമര്‍ ക്ലബുകളില്‍ നിന്നുള്ള ക്ഷണം നിരസിച്ചിരുന്നില്ലെങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരമായി വിരാജിച്ചേനേ നജീമുദ്ദീന്‍ എന്ന് വിശ്വസിക്കുന്നവര്‍ നിരവധി.
രണ്ടു മണിക്കൂറോളം ഒപ്പം ചെലവഴിച്ച ശേഷം സുഹൃത്തിനെ കെട്ടിപ്പിടിച്ചു യാത്രയാക്കുമ്പോള്‍ വികാരാധീനനായിരുന്നു നജീമുദ്ദീന്‍. 'ഇനിയും വരില്ലേ ?എനിക്കിനിയും കളിക്കണം, ഗോളടിക്കണം.' നിഷ്‌കളങ്കനായ ഒരു കുഞ്ഞിനെപ്പോലെ ചോദിച്ചുകൊണ്ടിരുന്നു നജീമുദ്ദീന്‍.
Content Highlights: ex footballer najeemudheen and itti mathew








English (US) ·