ന്യൂഡൽഹി: കളിക്കാരനെന്നനിലയിലും പരിശീലകനെന്നനിലയിലും നേട്ടങ്ങൾ കൊയ്താണ് ഖാലിദ് ജമീൽ ഇന്ത്യൻ ടീമിന്റെ ചുമതലയേൽക്കുന്നത്. അപ്രശസ്തരായിരുന്ന ഐസോൾ എഫ്‌സിയെ 2017-ൽ ഐ ലീഗിൽ ജേതാക്കളാക്കിയതോടെ ഖാലിദ് ജമീലെന്ന പരിശീലകൻ ഇന്ത്യൻ ഫുട്‌ബോളിൽ ചർച്ചാവിഷയമായി. കളിക്കാരനെന്നനിലയിൽ 2005-ൽ മഹീന്ദ്രയെ ഐ ലീഗ് ചാമ്പ്യന്മാരാക്കുന്നതിലും മിഡ്ഫീൽഡറായ ജമീൽ നിർണായകപങ്കുവഹിച്ചിരുന്നു.
പഞ്ചാബി മാതാപിതാക്കളുടെ മകനായി 1977-ൽ കുവൈത്തിലാണ് ജമീലിന്റെ ജനനം. ചെറുപ്രയത്തിൽത്തന്നെ കളിക്കളത്തിലെത്തി. കുവൈത്തിൽ അണ്ടർ-14 ക്യാമ്പിൽ പങ്കെടുക്കവേ ഫ്രഞ്ച് ഇതിഹാസം മിഷേൽ പ്ലാറ്റീനിയെ കണ്ടതാണ് ഫുട്‌ബോൾ കരിയറായി തിരഞ്ഞെടുക്കാൻ ജമീലിനെ പ്രേരിപ്പിച്ചത്. കുവൈത്ത് വിട്ട് ഇന്ത്യയിലെത്തിയ ജമീൽ 1997-ൽ മഹീന്ദ്ര യുണൈറ്റഡിൽ ചേർന്നു. മഹീന്ദ്രയ്ക്കായി 158 കളികളിൽ 35 ഗോളുകൾ നേടി. എയർ ഇന്ത്യ, മുംബൈ എഫ്‌സി ടീമുകൾക്കായും ഐ ലീഗിൽ കളിച്ചു. ഇന്ത്യൻ ടീമിനായി 1998-ൽ ഉസ്‌ബെക്കിസ്താനെതിരേ അരങ്ങേറി. ദേശീയടീമിനായി 40 മത്സരങ്ങളിൽ കളിച്ചു. നാലുഗോളുകളും നേടി. നിരന്തരമായ പരിക്കാണ് ജമീലിനെ 2009-ൽ കളിയിൽനിന്ന് വിരമിക്കാൻ നിർബന്ധിതമാക്കിയത്.
പരിശീലകനെന്നനിലയിൽ 2009-ൽ മുംബൈ എഫ്‌സിയിലാണ് തുടക്കം. വൻതാരനിരയില്ലാതെ ഐ ലീഗിൽ ഏഴുവർഷം മുംബൈ ടീമിനെ നിലനിർത്താനായി. 2017-ൽ മിസോറം ടീം ഐസോൾ എഫ്‌സിയുടെ ചുമതലയേറ്റു.
ഐ ലീഗ് ജേതാക്കളാവുന്ന നോർത്ത് ഈസ്റ്റിൽനിന്നുള്ള ആദ്യ ടീമായി ജമീലിനുകീഴിൽ ഐസോൾ. ഐഎസ്എലിലും ജമീൽ നേട്ടങ്ങൾ തുടർന്നു. 2021-ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ആദ്യമായി പ്ലേ ഓഫിൽ എത്തിക്കാൻ കഴിഞ്ഞു. 2023-ലാണ് ജംഷേദ്പുരിലെത്തിയത്. കഴിഞ്ഞ സീസണിൽ ടീമിനെ ഐഎസ്എൽ സെമിയിലെത്തിച്ചു.
മുന്നിലുള്ളത് വൻ വെല്ലുവിളി
സമീപകാലത്തെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് ഇന്ത്യൻ ഫുട്ബോൾ കടന്നുപോവുന്നത്. നൂറിനടുത്തുണ്ടായിരുന്ന ഇന്ത്യയുടെ ലോകറാങ്കിങ് 133-ലേക്ക് കൂപ്പുകുത്തി. സ്പാനിഷ് കോച്ച് മനോള മാർക്വേസിനു കീഴിൽ ഒരു സൗഹൃദമത്സരത്തിൽ മാത്രമാണ് ഇന്ത്യ ജയിച്ചത്. ഏഷ്യൻ കപ്പ് യോഗ്യതാ പോരാട്ടത്തിൽ രണ്ടുമത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു പോയിന്റ് മാത്രമുള്ള ഇന്ത്യ അവസാനസ്ഥാനത്താണ്. ഗ്രൂപ്പ് ജേതാക്കൾക്കാണ് യോഗ്യതയെന്നിരിക്കെ അവശേഷിക്കുന്ന കളികളിൽ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ഒക്ടോബർ ഒൻപതിന് സിംഗപ്പൂരുമായുള്ള നിർണായക മത്സരത്തിന് ടീമിനെ ഒരുക്കുകയാണ് ജമീലിന്റെ ആദ്യദൗത്യം.
Content Highlights: Khalid Jamil becomes archetypal Indian shot manager successful 13 years








English (US) ·