
Photo: x.com/cheteshwar1/
ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പുജാരയുടെ ക്രിക്കറ്റ് ജീവിതത്തിലുണ്ടായ അമ്പരപ്പിക്കുന്ന ഒരു സംഭവത്തിന്റെ വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ ഭാര്യ പൂജയുടെ പുസ്തകം. 'ദി ഡയറി ഓഫ് എ ക്രിക്കറ്റേഴ്സ് വൈഫ്' എന്ന പുസ്തകത്തിലാണ് ഒരിക്കല്‍ തന്നെ ടീമില്‍നിന്ന് പുറത്താക്കണമെന്ന് സഹതാരങ്ങളില്‍ ഒരാള്‍ ഫോണില്‍ പറയുന്നത് യാദൃശ്ചികമായി കേള്‍ക്കാന്‍ ഇടയായ സാഹചര്യം പുജാര വെളിപ്പെടുത്തിയതിനേക്കുറിച്ച് പൂജ പറയുന്നത്. ഇതേ താരം പിന്നീട് പുജാരയുടെ ജന്മദിനത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഹൃദ്യമായ ആശംസ പോസ്റ്റ് ചെയ്തതിനേക്കുറിച്ചും പുസ്‌തകത്തില്‍ പറയുന്നു.
2018-19 ലെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയാണ് സംഭവം. അന്ന് പെര്‍ത്ത് ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി വെറും 28 റണ്‍സ് മാത്രം നേടിയ പുജാര മോശം ഫോമിലായിരുന്നു. ഇന്ത്യ തോറ്റ ആ മത്സരത്തില്‍ പുജാരയ്ക്ക് പേശിവലിവ് അനുഭവപ്പെടുകയും ചെയ്തിരുന്നു. പരിക്ക് കാരണം പുജാര അടുത്ത മത്സരത്തിന് ഉണ്ടാകില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും വന്നിരുന്നു. പുജാരയുടെ പിതാവ് നാട്ടിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് ഈ സംഭവം.
മൂന്ന് ദിവസത്തെ ഇടവേള പരമാവധി പരിക്ക് ഭേദമാകുന്നതിനായി പ്രയോജനപ്പെടുത്തുകയായിരുന്നു പുജാര. മുറിയില്‍നിന്ന് അധികം പുറത്തിറങ്ങിയില്ല. പരിക്കേറ്റ കാലിന് നന്നായി വിശ്രമം നല്‍കുകയും ചികിത്സയ്ക്ക് വിധേയനാകുകയും ചെയ്തു. അങ്ങനെയൊരു അവസരത്തിലാണ് ടെലിഫോണില്‍ ഒരാളുടെ സംഭാഷണം പുജാര യാദൃശ്ചികമായി കേള്‍ക്കുന്നത്. ഫിറ്റല്ലാത്തതിനാല്‍ അടുത്ത മത്സരത്തില്‍ പുജാര കളിക്കരുതെന്നാണ് അദ്ദേഹം ഫോണില്‍ പറഞ്ഞത്. അന്ന് പക്ഷേ, അദ്ദേഹം തന്നോട് ഇതൊന്നും പറഞ്ഞില്ലെന്ന് പൂജ തന്റെ പുസ്തകത്തില്‍ കുറിച്ചു. പപ്പയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല.
പിന്നീട് ഒരിക്കല്‍ പുജാരയുടെ ജന്മദിനത്തില്‍ യാദൃശ്ചികമായാണ് താന്‍ ഈ സംഭവം അറിയുന്നതെന്നും പൂജ പറയുന്നു. 'ഒരു യാത്ര കഴിഞ്ഞുവന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയായിരുന്നു അത്. ഞാനും ചേതേശ്വറും കട്ടിലില്‍ ചാരിയിരുന്ന് ഞങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ സ്‌ക്രോള്‍ ചെയ്ത് ജന്മദിനാശംസകള്‍ വായിക്കുകയായിരുന്നു. അക്കൂട്ടത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു സന്ദേശം പ്രത്യേകിച്ച് ആവേശകരവും ഹൃദയസ്പര്‍ശിയുമായിരുന്നു. ഞാന്‍ അത് ചേതേശ്വറിന് ഉറക്കെ വായിച്ചു കേള്‍പ്പിച്ചു. എത്ര മനോഹരമായ സന്ദേശമെന്നും പറഞ്ഞു. പൂര്‍ണ നിശബ്ദതയായിരുന്നു. അദ്ദേഹം ഒരു വാക്കുപോലും പറഞ്ഞില്ല. അമ്പരന്ന് ഞാന്‍ ഫോണില്‍നിന്ന് നോക്കിയപ്പോള്‍ ചേതേശ്വറിന്റെ മുഖത്ത് ഒരു പ്രത്യേക ഭാവം കണ്ടു. എന്താണ് കുഴപ്പം, ഞാന്‍ ചോദിച്ചു. 'ഒന്നുമില്ല,' അവന്‍ നിശബ്ദനായി പറഞ്ഞു. പക്ഷേ, ഞാന്‍ അത് വിശ്വസിച്ചില്ല. ചേതേശ്വര്‍ പൂര്‍ണ്ണമായും നിശബ്ദനായപ്പോള്‍, അതിനര്‍ത്ഥം അവന്‍ എന്തോ മറച്ചുവെക്കുകയായിരുന്നു എന്നാണെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അത് ഒരു പതിവ് സംഭവമായിരുന്നു. കളിക്കളത്തിലെ ഗോസിപ്പുകളും രാഷ്ട്രീയവും ഞാന്‍ സാധാരണയായി മറ്റ് കളിക്കാരുടെ ഭാര്യമാരില്‍ നിന്നാണ് അറിയാറ്. പുജാരയില്‍ നിന്നല്ല. നീ പുകഴ്ത്തുന്ന ഈ വ്യക്തി ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം എന്നെ ടീമില്‍നിന്ന് പുറത്താക്കാന്‍ നോക്കിയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി', പൂജ കുറിച്ചു.
Content Highlights: Puja`s book, `Diary of a Cricketer`s Wife`, reveals a teammate tried to get Pujara dropped








English (US) ·