ലണ്ടന്‍: ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ 282 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയാണ് ദക്ഷിണാഫ്രിക്ക. രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് 207 റണ്‍സിന് പുറത്തായതോടെയാണ് ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 282 റണ്‍സായത്. ഒന്നാം ഇന്നിങ്‌സില്‍ 212 റണ്‍സെടുത്ത ഓസീസ്, പ്രോട്ടീസിന് 138 റണ്‍സിന് പുറത്താക്കി 74 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു.
ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റുകളിലെ വിജയകരമായ അഞ്ച് റണ്‍ചേസുകള്‍ ഏതൊക്കെയെന്ന് നോക്കാം.
1. 344/1 - ഇംഗ്ലണ്ടിനെതിരേ വെസ്റ്റിന്‍ഡീസ്
1984-ല്‍ ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിനാണ് കരുത്തരായ വെസ്റ്റിന്‍ഡീസ് പരാജയപ്പെടുത്തിയത്. വിജയലക്ഷ്യമായ 342 റണ്‍സ് 66.1 ഓവറിലാണ് വിന്‍ഡീസ് അടിച്ചെടുത്ത്. അതും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിക്കൊണ്ട്. ഓപ്പണിങ് ബാറ്റര്‍ ഗോര്‍ഡന്‍ ഗ്രീനിഡ്ജ് 242 പന്തില്‍ നിന്ന് 214 റണ്‍സടിച്ച മത്സരത്തില്‍ ലാറി ഗോമസ് 140 പന്തില്‍ നിന്ന് 92 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ 287 റണ്‍സാണ് അന്ന് ഇരുവരും ചേര്‍ന്നെടുത്തത്.
2. 282/3 - ഇംഗ്ലണ്ട്, ന്യൂസീലന്‍ഡിനെതിരേ
2004-ല്‍ ന്യൂസീലന്‍ഡിനെതിരേ ഇംഗ്ലണ്ട് ഇവിടെ നാലാം ഇന്നിങ്‌സില്‍ 282 റണ്‍സ് ചേസ് ചെയ്ത് ജയിച്ചിട്ടുണ്ട്. നാസര്‍ ഹുസൈന്റെ സെഞ്ചുറിയും (103*), ആന്‍ഡ്രു സ്‌ട്രോസ് (83), ഗ്രഹാം തോര്‍പ്പ് (51*) എന്നിവരുടെ ഇന്നിങ്‌സുകളുമാണ് അന്ന് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്.
3. 279/5 - ഇംഗ്ലണ്ട്, ന്യൂസീലന്‍ഡിനെതിരേ
2022-ല്‍ ഇംഗ്ലണ്ട് ലോര്‍ഡ്‌സില്‍ ന്യൂസീലന്‍ഡിനെതിരേ 277 റണ്‍സ് ചേസ് ചെയ്ത് ജയിച്ചിട്ടുണ്ട്. ജോ റൂട്ട് സെഞ്ചുറി (115*) നേടിയ മത്സരത്തില്‍ ക്യാപ്റ്റന്‍ ജോറൂട്ട് 54 റണ്‍സെടുത്തിരുന്നു.
4. 218/3 - ഇംഗ്ലണ്ട്, ന്യൂസീലന്‍ഡിനെതിരേ
1965 ജൂണില്‍ ലോര്‍ഡ്‌സില്‍ ജോണ്‍ റീഡിന്റെ ന്യൂസീലന്‍ഡിനെതിരേ ഇംഗ്ലണ്ട് 216 റണ്‍സ് വിജയകരമായി ചേസ് ചെയ്തിട്ടുണ്ട്. 76 റണ്‍സെടുത്ത ജെഫ്രി ബോയ്‌ക്കോട്ടിന്റെയും 80* റണ്‍സെടുത്ത ടെഡ് ഡെക്‌സ്റ്ററിന്റെയും പ്രകടനമാണ് ഇംഗ്ലണ്ടിന് ഏഴു വിക്കറ്റിന്റെ ജയം സമ്മാനിച്ചത്.
5. 193/5 - ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസിനെതിരേ
2012-ലെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ അലസ്റ്റര്‍ കുക്കിന്റെയും (79), ഇയാന്‍ ബെല്ലിന്റെയും (63*) ബാറ്റിങ് മികവില്‍ വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 46.1 ഓവറില്‍ മറികടന്നിരുന്നു. അന്ന് അഞ്ചു വിക്കറ്റിന്റെ ജയമാണ് ആന്‍ഡ്രൂ സ്‌ട്രോസിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ടീം സ്വന്തമാക്കിയത്.
Content Highlights: South Africa needs 282 to triumph the WTC last against Australia astatine Lord`s








English (US) ·