03 August 2025, 06:10 PM IST

Photo: Screengrab/ x.com/cricketnmore
കെന്നിങ്ടണ്‍: ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ മത്സരത്തിനിടെ ഇന്ത്യന്‍ താരം പ്രസിദ്ധ് കൃഷ്ണയും ഇംഗ്ലീഷ് താരം ജോ റൂട്ടും തമ്മിലുണ്ടായ വാക്കുതര്‍ക്കം ഏറെ ചര്‍ച്ചയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ അമ്പയര്‍മാരടക്കമുള്ളവർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
എന്നാല്‍, നാലാം ദിനത്തിലെ മത്സരത്തിനിടെ ഇരുവരുടെയും ഇടപെടല്‍ സൗഹാർദപരമായിരുന്നു. നാലാം ദിനം ബെന്‍ ഡക്കറ്റിനെ പ്രസിദ്ധ് പുറത്താക്കിയതിനു പിന്നാലെ ക്രീസിലേക്കെത്തിയത് റൂട്ടായിരുന്നു. പ്രസിദ്ധിന്റെ ആദ്യ പന്തില്‍ത്തന്നെ റൂട്ട് സിംഗിള്‍ എടുത്തു. റൂട്ട് റണ്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അദ്ദേഹത്തെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷമാണ് പ്രസിദ്ധ് തന്റെ ബൗളിങ് മാര്‍ക്കിലേക്ക് നടന്നത്. ഇതോടെ ഇരുവരും തമ്മില്‍ കളത്തില്‍ ഉടലെടുത്ത പ്രശ്‌നം കളത്തില്‍ തന്നെ തീര്‍ന്നുവെന്നായി ആരാധകര്‍.
രണ്ടാംദിവസത്തെ മത്സരത്തിനിടെ ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 22-ാം ഓവറിലായിരുന്നു റൂട്ടും പ്രസിദ്ധും ഉടക്കിയത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അഞ്ചാം പന്തില്‍ റൂട്ടിന് റണ്ണെടുക്കാന്‍ സാധിച്ചില്ല. പിന്നാലെ ബൗളര്‍ റൂട്ടിനെ നോക്കി എന്തോ ചിലത് പറഞ്ഞു. റൂട്ടും താരത്തിന് മറുപടി നല്‍കി. അടുത്ത പന്തില്‍ റൂട്ട് ഫോറടിക്കുകയും ചെയ്തു. ശേഷം താരങ്ങള്‍ നേര്‍ക്കുനേര്‍ നിന്ന് വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ അമ്പയര്‍മാരായ അഹ്സാന്‍ റാസയും കുമാര്‍ ധര്‍മസേനയും ഇടപെട്ടാണ് രംഗം തണുപ്പിച്ചത്.
രണ്ടാം ദിനത്തിലെ മത്സരത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ റൂട്ടുമായുണ്ടായ പ്രശ്‌നത്തെക്കുറിച്ച് പ്രസിദ്ധ് പ്രതികരിച്ചിരുന്നു. ''ബൗള്‍ ചെയ്യുമ്പോള്‍ ബാറ്റര്‍മാരുമായി സംസാരിക്കുന്നത് എന്റെ രീതിയാണ്. അവരെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചിട്ടുമുണ്ട്. അതുപോലെ റൂട്ടിനെയും വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിക്കുക എന്നതായിരുന്നു പ്ലാന്‍. അതുകൊണ്ടാണ് തുടക്കത്തില്‍ എന്റെ പന്തുകള്‍ കളിക്കാന്‍ ജോ റൂട്ട് ബുദ്ധിമുട്ടിയപ്പോള്‍ നന്നായി കളിക്കുന്നുണ്ടല്ലോ എന്ന് ഞാന്‍ പറഞ്ഞത്. എന്നാല്‍, അതിനോട് റൂട്ട് പ്രതികരിച്ച രീതി എന്നെ അമ്പരപ്പിച്ചു. ജോ റൂട്ട് ടെസ്റ്റിലെ ഇതിഹാസ താരങ്ങളിലൊരാളാണ്. അദ്ദേഹത്തെ എനിക്കിഷ്ടമാണ്. ഗ്രൗണ്ടിന് പുറത്ത് ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്'', പ്രസിദ്ധ് പറഞ്ഞു. രണ്ട് താരങ്ങള്‍ അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്ന ചെറിയൊരു കാര്യം മാത്രമാണ് അവിടെ സംഭവിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.
Content Highlights: Prasidh Krishna and Joe Root`s on-field statement during the Oval Test ends with a affable exchange








English (US) ·