ആ ബെയ്‌ലുകൾ വീഴാതിരുന്നെങ്കിൽ... ഇതിനേക്കാൾ ശക്തിയിൽ പന്ത് വന്നുകൊണ്ടിട്ടും ബെയിലുകൾ വീഴാതിരുന്നിട്ടുണ്ടല്ലോ...! ഇംഗ്ലണ്ടിന്റെ ഓഫ് സ്പിന്നർ ഷോയിബ് ബഷീറിന്റെ പന്ത് മുഹമ്മദ് സിറാജ് ഡിഫൻഡ് ചെയ്യുന്നു. ബാറ്റിൽനിന്ന് പിച്ചിലേക്ക് പതിച്ച പന്ത് ഉരുണ്ടുപോയി സ്റ്റമ്പിലൊന്ന് തൊട്ടതേയുള്ളു, അതാ ബെയ്ൽ താഴെവീഴുന്നു... ദുഃഖഭാരത്തിൽ തലകുനിച്ച് പിച്ചിൽ ഇരുന്നുപോയ സിറാജ്... ഒരുപകൽ മുഴുവൻ ക്രീസിൽ നിന്ന രവീന്ദ്ര ജഡേജയുടെ നിരാശ... ആ കാഴ്ച ഹൃദയഭേദകമായിരുന്നു... ഇംഗ്ലണ്ടിനെതിരേ ലോർഡ്‌സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 22 റൺസ് അകലെ വീണത് ഇന്ത്യൻ ടീമിനെ ഏറെക്കാലം വേദനിപ്പിക്കും...
‘ദേജാവൂ...’
സിറാജിന് സംഭവിച്ചത് മുൻപെപ്പോഴോ കണ്ടതായി തോന്നിയെങ്കിൽ അത് തോന്നലല്ല, സംഭവിച്ചതുതന്നെയാണ്. പാകിസ്താനെതിരേ ഇന്ത്യ ഇതുപോലെ തോറ്റിട്ടുണ്ട് 1999-ൽ. ചെന്നൈയിൽ പാകിസ്താൻ ഉയർത്തിയ 271 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ മുൻനിര വീണു. സെഞ്ചുറി നേടിയ സച്ചിൻ തെൻഡുൽക്കറും (136) മടങ്ങി. അവസാന വിക്കറ്റിൽ പേസർമാരായ ജവഗൽ ശ്രീനാഥും വെങ്കിടേഷ് പ്രസാദും. ശ്രീനാഥ് എട്ട് ബോളിൽ ഒരു റൺസും പ്രസാദ് ആറു ബോളിൽ പൂജ്യവുമായി നിൽക്കുന്നു. ഓഫ് സ്പിന്നർ സഖ്‌ലെയ്ൻ മുഷ്താഖിനെയും സ്വിങ്ങിന്റെ സുൽത്താൻ വസീം അക്രത്തെയും ഇരുവരും ഭംഗിയായി പ്രതിരോധിക്കുന്നു. ഇന്ത്യക്ക് ജയിക്കാൻ 13 റൺസ് മതി. വീണ്ടും സഖ്‌ലെയ്ൻ വരുന്നു. ആദ്യ പന്ത് ശ്രീനാഥ് പ്രതിരോധിച്ചു. അടുത്ത പന്ത് പ്രതിരോധിച്ചപ്പോൾ ബാറ്റിൽ തട്ടി താഴേക്ക് പതിച്ച പന്ത് ശ്രീനാഥിന്റെ കാലുകൾക്കിടയിലൂടെ ബൗൺസ് ചെയ്ത് ബെയ്ൽസിൽ മാത്രം കൊള്ളുന്നു... ബെയിൽസ് വീണു... പാകിസ്താന് 12 റൺസിന്റെ ജയം.
ടേണിങ് പോയിന്റ്‌സ്
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്ന് ടെസ്റ്റിലും ഇന്ത്യക്ക് മേൽക്കൈയുണ്ടായിരുന്നു. ‘തൊമ്മനയയുമ്പോൾ ചാണ്ടിമുറുകും’ എന്ന പഴഞ്ചൊല്ലുപോലെ ഒന്നു ശരിയാകുമ്പോൾ മറ്റൊന്നു പാളുന്നു. മുൻനിര ബാറ്റർമാർ മികവു പുലർത്തിയ ആദ്യ ടെസ്റ്റിൽ വാലറ്റമായിരുന്നു പ്രശ്നം. വാലറ്റം ശരിയായപ്പോൾ ‘തല’ തിരിഞ്ഞു. ലോർഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ ജസ്‌പ്രീത് ബുംറ 54 പന്തിലാണ് അഞ്ച് റൺസ് നേടിയത്. മുഹമ്മദ് സിറാജ് 30 പന്തിൽ നാലും. മുന്നേറ്റനിരയിൽ ബുംറയേക്കാൾ കൂടുതൽ പന്ത് നേരിട്ടത് രാഹുൽ മാത്രമാണെന്നത് ‘തല’ പ്രശ്നത്തിന് അടിവരയിടുന്നു.
ഋഷഭിന്റെ റൺ ഔട്ട്
ലോർഡ്‌സ് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ ഋഷഭ് പന്ത് റണ്ണൗട്ട് ആയതാണ് പ്രധാനപ്പെട്ട ടേണിങ് പോയിന്റ്. കെ.എൽ. രാഹുലും ഋഷഭ് പന്തും ചേർന്ന് ഒന്നാം ഇന്നിങ്‌സിൽ 141 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ലഞ്ചിന് പിരിയുംമുൻപ് രാഹുലിന് സെഞ്ചുറി പൂർത്തിയാക്കാനാണ് ഋഷഭ് സിംഗിളിനായി ഓടിയത്... ഇംഗ്ലണ്ട് നായകൻ ബെൻസ്റ്റോക്സിന്റെ ഉന്നം പിഴച്ചില്ല... ഋഷഭ് റണ്ണൗട്ട്. ആ കൂട്ടുകെട്ട് തുടർന്നിരുന്നെങ്കിൽ ഇന്ത്യ ലീഡ് നേടിയേനെ.
ഇനി എത്ര ചാൻസ്?
193 എന്ന സ്കോർ പിന്തുടരവേ രണ്ടാം ഇന്നിങ്‌സിൽ ഒരു വിക്കറ്റിന് 41 എന്ന നിലയിലായിരുന്നു ഇന്ത്യ. ആ ഘട്ടത്തിൽ കരുൺ നായർക്കെതിരേ ഇംഗ്ലണ്ട് പേസർ ബ്രെയ്ഡൻ കാഴ്‌സിന്റെ ഓഫ് സ്റ്റമ്പ് ലൈനിന് പുറത്ത് കുത്തിയ പന്ത് പൊടുന്നനേ അകത്തേക്കു വരുന്നു. ഒരു ഷോട്ടുപോലും കളിക്കാതെ പന്ത് വിട്ടുകളയാൻ ശ്രമിക്കുന്ന കരുണിന്റെ പാഡിലാണത് കൊണ്ടത്. എൽബിഡബ്ല്യു ഔട്ട് വിളിക്കാൻ അമ്പയർക്ക് ആലോചിക്കേണ്ടി വന്നില്ല.
കരുൺ നന്നായി പ്രതിരോധിച്ച് കളിച്ചുവരുന്നതിനിടെയാണീ ജാഗ്രതക്കുറവ്. മൂന്നാം നമ്പറിൽ കരുൺ തുടർച്ചയായി പരാജയപ്പെടുന്നത് ഇന്ത്യക്ക് തലവേദനയായി മാറിയിട്ടുണ്ട്. അടുത്ത ടെസ്റ്റിൽ സായ് സുദർശനെ മൂന്നാംനമ്പറിൽ കണ്ടാൽ അദ്‌ഭുതപ്പെടാനില്ല.
Content Highlights: Sirajs Lords Dismissal Reminder Of Srinaths 1999 Chennai trial dismissal








English (US) ·