2011 ഏപ്രില്‍ രണ്ടാം തീയതി മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഇന്ത്യ ലോകകപ്പ് നേടിയ ശേഷം സച്ചിന്‍ തെണ്ടുല്‍ക്കറെ തന്റെ തോളില്‍ ചുമന്നത് ഒരു 22-കാരനായിരുന്നു. 21 വര്‍ഷക്കാലം ഒരു രാജ്യത്തിന്റെ പ്രതീക്ഷകളെ മുഴുവന്‍ ചുമലിലേറ്റി ക്രിക്കറ്റ് പിച്ചിലേക്ക് നടന്നടുത്തിരുന്ന സച്ചിനെ തോളിലേറ്റാന്‍ പോന്ന താരം വിരാട് കോലിയല്ലാതെ മറ്റാരാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ ക്രിക്കറ്റില്‍ വലിയ വിടവ് അവശേഷിപ്പിച്ച് സച്ചിന്‍ പാഡഴിച്ചപ്പോള്‍ ആ വിടവ് നികത്താനുള്ള ദൗത്യം എത്തിയതും കോലിയിലായിരുന്നു. അടുത്ത ദശകത്തിലെ ഏറ്റവും വലിയ താരമെന്ന സിംഹാസനത്തിലേക്കാണ് പില്‍ക്കാലത്ത് ആ പയ്യന്‍ ഉയര്‍ന്നത്.
റണ്‍ നേട്ടത്തിന്റെ കൊടുമുടിയും രണ്ടര പതിറ്റാണ്ട് നീണ്ട കരിയറിനിടെ നേടി എണ്ണമറ്റ നാഴികക്കല്ലുകളും മാത്രമായിരുന്നില്ല സച്ചിന്‍. ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറും ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നവനും 100 കോടിയിലേറെ വരുന്ന ഒരു രാജ്യത്തിന്റെ പ്രതീക്ഷകളുടെ വെളിച്ചവുമായിരുന്നു അദ്ദേഹം. ആ അര്‍ഥത്തില്‍ യോഗ്യനായ ഒരു പിന്‍ഗാമിയെ കണ്ടെത്തുന്നത് അസാധ്യമാണെന്ന് തോന്നുന്ന തരത്തില്‍ വളരെ വലിയ പാരമ്പര്യം അവശേഷിപ്പിച്ചാണ് സച്ചിന്‍ ക്രീസ് വിട്ടത്. അവിടെയാണ് പശ്ചിമ ഡല്‍ഹിയില്‍ നിന്നുള്ള ആ പയ്യന്‍ അവതരിക്കുന്നത്.
അതിനു മുമ്പുതന്നെ ആ പയ്യന്‍ മറ്റൊരു അഗ്നി പരീക്ഷയിലൂടെ കടന്നുപോയിരുന്നു. 2006 ഡിസംബറിലെ ഒരു തണുത്ത പ്രഭാതത്തില്‍ സ്വന്തം അച്ഛനെ നഷ്ടമായി മണിക്കൂറുകള്‍ക്ക് ശേഷം ഡല്‍ഹി ഫിറോസ് ഷാ കോട്‌ല മൈതാനത്തെത്തിയ കോലി ഡ്രസ്സിങ് റൂമില്‍ തകര്‍ന്നിരുന്നു. പക്ഷേ പെട്ടെന്നു തന്നെ ശാന്തനായി മുഖം കഴുകി തന്റെ ഇന്നിങ്‌സ് പുനഃരാരംഭിക്കാന്‍ അയാള്‍ ഇറങ്ങി. രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരേ ഡല്‍ഹിക്കായി 238 പന്തില്‍ നിന്ന് 90 റണ്‍സ് നേടിയ ആ പയ്യന്‍ തോറ്റെന്ന് കരുതിയ മത്സരമാണ് ഡല്‍ഹിക്കായി രക്ഷിച്ചെടുത്തത്. ശേഷം അച്ഛന്റെ അന്ത്യ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ നേരത്തേ ഗ്രൗണ്ട് വിട്ടു. എല്ലാറ്റിനുമുപരി ക്രിക്കറ്റിനോടുള്ള സമര്‍പ്പണമാണ് കോലിയില്‍ അന്ന് കണ്ടത്.
1999-ല്‍ സച്ചിന്റെ ജീവിതത്തിലുണ്ടായ ഹൃദയഭേദകമായ സംഭവത്തെ അനുസ്മരിപ്പിക്കുന്ന ഒന്നുകൂടിയായിരുന്നു അത്. 1999-ല്‍ മുംബൈയില്‍ വെച്ച് പിതാവ് രമേശ് തെണ്ടുല്‍ക്കര്‍ മരിക്കുമ്പോള്‍ സച്ചിന്‍ ലോകകപ്പിനായി ഇംഗ്ലണ്ടിലായിരുന്നു. അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി സച്ചിന്‍ നാട്ടിലേക്ക് തിരിച്ചു. സച്ചിന്റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ ടീമുകള്‍ക്കെതിരേ ഇന്ത്യ തോറ്റു. ഇതോടെ തിരികെയെത്തിയ സച്ചിന്‍ കെനിയക്കെതിരേ സെഞ്ചുറി നേടി ഇന്ത്യയെ ട്രാക്കിലാക്കി.
എന്നാല്‍ സച്ചിനില്‍ നിന്ന് വ്യത്യസ്തമായി ഒരു ടെസ്റ്റ് ക്രിക്കറ്ററെന്ന ലേബല്‍ സ്വന്തമാക്കാന്‍ കോലി സമയമെടുത്തു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ട്രാക്ക് മനസിലാക്കിയ കോലി പിന്നീട് അക്ഷരാര്‍ഥത്തില്‍ ഒരു ടെസ്റ്റ് ബാറ്ററായി ഉയര്‍ന്നു. 2014 ഒക്ടോബറിനും 2019 ഡിസംബറിനും ഇടയില്‍ 55 ടെസ്റ്റുകളില്‍ നിന്നായി 21 സെഞ്ചുറികളാണ് കോലി സ്വന്തമാക്കിയത്. ഇതില്‍ ഏഴ് എണ്ണം ഇരട്ട സെഞ്ചുറികളായിരുന്നു. കോലിയുടെ കരിയറിലെ പീക്ക് ടൈം കൂടിയായിരുന്നു ഇത്.
ഇന്ത്യന്‍ ടീമില്‍ ഫിറ്റ്‌നസിന്റെ പ്രാധാന്യത്തിന് തുടക്കമിട്ടതും കോലിയായിരുന്നു. 36-ാം വയസിലും ഒരു ദിവസം മുഴുവന്‍ ഫീല്‍ഡ് ചെയ്ത് തൊട്ടടുത്ത് ബാറ്റിങ്ങിനിറങ്ങുന്ന കോലി ക്രിക്കറ്റിലെ സ്ഥിരം കാഴ്ചകളില്‍ ഒന്നായിരുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യുവാക്കള്‍ക്കിടയിലും മാതൃകയാകാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്.
ഒരു സമനിലയ്ക്കായി ശ്രമിച്ച് നോക്കുക എന്ന മനോഭാവം മാറ്റി വിദേശ പിച്ചുകളില്‍ പോലും വിജയം മാത്രം ലക്ഷ്യമിട്ട് കളിക്കാന്‍ ടീമിനെ പ്രചോദിപ്പിച്ചതും കോലിയായിരുന്നു. സച്ചിനെ പോലെ ശാന്തനും സൗമ്യനുമായിരുന്നില്ല കോലി. പ്രതിസന്ധികളാണ് അയാളിലെ ബാറ്ററുടെ മികവ് പുറത്തെടുത്തിരുന്നത്. ഏത് എതിര്‍നിരയേയും അവരുടെ മടയില്‍ച്ചെന്ന് വെല്ലുവിളിക്കാന്‍ കോലി കാണിച്ച ധൈര്യം ഇന്ത്യന്‍ ക്രിക്കറ്റില്‍ അധികമാര്‍ക്കും അവകാശപ്പെടാനില്ല. കരിയറില്‍ ഭൂരിഭാഗം മത്സരങ്ങളിലും സച്ചിന്‍ ഇന്ത്യയ്ക്കായി നാലാം നമ്പറിലാണ് ബാറ്റ് ചെയ്തത്. സച്ചിന്‍ കളിമൊഴിഞ്ഞതോടെ നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തന്‍ കോലിയായിരുന്നു. നീണ്ട 14 വര്‍ഷം ആ ദൗത്യം കോലി വിജയകരമായി നടപ്പാക്കുകയും ചെയ്തു. സച്ചിന്‍ കളമൊഴിഞ്ഞപ്പോള്‍ ആ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ നമുക്ക് ഒരു കോലിയുണ്ടായിരുന്നു. ഇപ്പോള്‍ കോലി മതിയാക്കുമ്പോള്‍ ആ സ്ഥാനത്തേക്ക് ഇനിയാര് വരുമെന്ന കാത്തിരിപ്പിലാണ് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍.
Content Highlights: Virat Kohli filled Sachin`s shoes, but who volition travel him? Explore Kohli`s impactful career








English (US) ·