
Photo | x.com/DailyNewsZim, AP
തൊണ്ണൂറുകളിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാന്‍ കഴിയാത്ത പേരുകളിലൊന്നാണ് സിംബാബ്‌വെയുടെ ഫാസ്റ്റ് ബൗളര്‍ ഹെന്റി ഒലോംഗയുടേത്. 1998-ല്‍ ഷാര്‍ജയില്‍ നടന്ന കൊക്കക്കോള കപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളുടെ, പ്രത്യേകിച്ച് സച്ചിന്‍ തെണ്ടുല്‍ക്കറുടെ കടുത്ത ബാറ്റിങ് പ്രഹരത്തിന് ഇരയായിരുന്നു അദ്ദേഹം. 92 പന്തില്‍ 124 റണ്‍സാണ് സച്ചിന്‍ അന്ന് നേടിയത്. ഒലോംഗ വെറും ആറോവറില്‍നിന്ന് 50 റണ്‍സ് വഴങ്ങി ആ മത്സരത്തില്‍. ഇന്ത്യ പത്തുവിക്കറ്റിന്റെ ആധികാരിക ജയവും നേടി.
പിന്നീട് ക്രിക്കറ്റിന്റെ വഴിയില്‍നിന്ന് മാറി, പലവഴികളിലൂടെ സഞ്ചരിച്ച ചരിത്രമാണ് ഒലോംഗയുടേത്. 2003 ലോകകപ്പില്‍, കൈയില്‍ പ്രതിഷേധസൂചകമായി കറുത്ത ആംബാന്‍ഡ് ധരിച്ചതാണ് ഈ വഴിത്തിരിവുകളുടെയെല്ലാം കാരണമായി വര്‍ത്തിച്ചത് എന്നു പറയാം. അന്ന് റോബര്‍ട്ട് മുഗാംബെയുടെ ആധിപത്യത്തിലായിരുന്നു സിംബാബ്‌വെ. രാജ്യത്തിന്റെ ഏകാധിപത്യ ഭരണത്തില്‍ പ്രതിഷേധിച്ച് ആ ലോകകപ്പില്‍ ഒലോംഗയും ആന്‍ഡി ഫ്‌ളവറും കറുത്ത ആംബാന്‍ഡ് ധരിച്ച് മൈതാനത്ത് പ്രതിഷേധിച്ചു. ഇത് ഒലോംഗയ്ക്ക് നിരവധി ശത്രുക്കളെയുണ്ടാക്കി. പലയിടത്തുനിന്നും വധഭീഷണികള്‍ ഉയര്‍ന്നു. എന്തിന്, ആ പ്രവൃത്തി ഒലോംഗയെ നാടുവിടാന്‍പോലും നിര്‍ബന്ധിതനാക്കി.
അങ്ങനെ ഓസ്‌ട്രേലിയയിലേക്ക് പലായനം ചെയ്യുകയായിരുന്നു അദ്ദേഹം. അവിടെ സംഗീതം കരിയറാക്കി ഉപജീവനം നടത്തി. 2019-ല്‍ ഓസീസ് ടിവി പരമ്പരയായ 'ദ് വോയിസി'ല്‍ ഉള്‍പ്പെടെ അദ്ദേഹം പങ്കെടുത്തു. ക്രിക്കറ്റില്‍നിന്ന് സംഗീതത്തിന്റെ ലോകത്തേക്കുള്ള ആ യാത്ര, കയ്‌പേറിയ ഒരുപാട് അനുഭവങ്ങളുടേതുകൂടിയായിരുന്നു. രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍, സിംബാബ്‌വെ ക്രിക്കറ്റില്‍ സജീവമായിരുന്ന ആ കാലത്ത്, ഒലോംഗ പാടി റെക്കോഡ് ചെയ്ത ഒരു പാട്ടിന്റെ വരികള്‍ ഓര്‍ത്തെടുക്കുന്നുണ്ട് അദ്ദേഹം 'ദ് ടെലഗ്രാഫി'ന് നല്‍കിയ അഭിമുഖത്തില്‍. ജന്മനാടായ സിംബാബ്‌വെയോടുള്ള ഹൃദയഹാരിയായ ബന്ധം വ്യക്തമാക്കിക്കൊണ്ടുള്ള വരികളാണത്. എന്നിട്ടും പക്ഷേ, പിറന്ന മണ്ണും വീടും വേര്‍പ്പിരിഞ്ഞു കഴിയേണ്ടിവന്നു അദ്ദേഹത്തിന്.
പിന്നീടൊരിക്കലും അദ്ദേഹം സിംബാബ്‌വെയിലേക്ക് തിരികെപ്പോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രായം എണ്‍പതു കടന്ന പിതാവിനെ കണ്ടിട്ട് 20 കൊല്ലം കഴിഞ്ഞു. തന്റെ സ്വന്തം യുട്യൂബ് ചാനലിലൂടെ പാട്ടുകള്‍ പുറത്തിറക്കലാണിപ്പോള്‍ ഒലോംഗയുടെ പ്രധാന പരിപാടി. ഓസ്‌ട്രേലിയയുടെ ചെറിയ ചെറിയ ഗ്രാമങ്ങളിലും സ്‌കൂളുകളിലും ബാറുകളിലുമൊക്കെ പരിപാടിയുണ്ടാവാറുണ്ട്. ബോട്ടുകള്‍ വൃത്തിയാക്കുന്ന ജോലിയിലടക്കം ഏര്‍പ്പെട്ടിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മോട്ടിവേഷന്‍ ക്ലാസുകള്‍, പ്രസംഗങ്ങള്‍ അങ്ങനെത്തുടങ്ങി പല വേഷങ്ങള്‍ അണിഞ്ഞു.
2017-ല്‍ മുഗാബെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനു പിന്നാലെ 2019-ല്‍ സിംബാബ്‌വെയിലേക്ക് തിരികെപ്പോവാനിരുന്നതായിരുന്നു അദ്ദേഹം. പക്ഷേ, അത് നടന്നില്ല. അഡ്‌ലെയ്ഡില്‍ ഒരു പുതിയ ജീവിതം ആരംഭിച്ചെന്നും പാശ്ചാത്യനെപ്പോലെ ജീവിതം മാറിയെന്നും വ്യക്തമാക്കുകയാണ് ഒലോംഗ.
Content Highlights: Henry Olonga From Zimbabwe Cricket Star to Australian Musician








English (US) ·