കാര്‍ അപകടത്തില്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ഡിയാഗോ ജോട്ട മരിച്ചുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. സ്‌പെയിനിലെ സമോറ നഗരത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ജോട്ടയ്ക്കും ഒപ്പം സഞ്ചരിച്ചിരുന്ന സഹോദരന്‍ ആൻഡ്രെ സില്‍വയ്ക്കും ജീവന്‍ നഷ്ടപ്പെട്ടു. വിവാഹം കഴിഞ്ഞ് 10 ദിവസം മാത്രം കഴിയുമ്പോഴാണ് താരത്തിന് ദാരുണാന്ത്യം സംഭവിക്കുന്നത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 നാണ് അപകടം നടക്കുന്നത്. ജോട്ടയും സഹോദരന്‍ അഡ്രിയാനും സഞ്ചരിച്ചിരുന്ന ലംബോര്‍ഗിനിയാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കാര്‍ റോഡില്‍ നിന്ന് തെന്നിമാറുകയും ടയര്‍ ഊരിത്തെറിക്കുകയുമായിരുന്നു. പിന്നാലെ വാഹനം മറിഞ്ഞ് തീപ്പിടിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമോറയില്‍ എ 52 ഹൈവേയിലാണ് അപകടം നടക്കുന്നത്. അപകടത്തിന് പിന്നാലെ അഗ്നി രക്ഷാസേനയും എമര്‍ജന്‍സി മെഡിക്കല്‍ യൂണിറ്റും സ്ഥലത്ത് ഇരച്ചെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ അസോസിയേഷനും ലിവര്‍പൂളും മരണവിവരം സ്ഥിരീകരിച്ചുകൊണ്ട് പ്രസ്താവനയിറക്കി. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ടീം നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുന്‍ ലിവര്‍പൂള്‍ താരം സ്റ്റീവന്‍ ജെറാര്‍ഡ് അടക്കമുള്ള കായികരംഗത്തെ പ്രമുഖര്‍ ജോട്ടയുടെ വിയോഗത്തില്‍ അനുശോചിച്ചു. കായികലോകം ജോട്ടയുടെ അപ്രതീക്ഷിത വിയോഗവാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് മുക്തമായിട്ടില്ല.
1996-ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് അക്കാദമിയിലൂടെയാണ് തന്റെ കളി ജീവിതം ആരംഭിച്ചത്. 2016-ല്‍ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മാറി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്‌സിലെത്തി. 2020-ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബ്ബിനായി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്. ലിവർപൂളിനായി എഫ്എ കപ്പ്, പ്രീമിയർ ലീഗ്, ലീഗ്സ് കപ്പ് തുടങ്ങിയവ നേടിയിട്ടുണ്ട്. പോർച്ചുഗലിനായി രണ്ട് തവണ യുവേഫ നേഷൻസ് ലീഗും സ്വന്തമാക്കിയ ടീമിലുണ്ടായിരുന്നു.
10 ദിവസം മുമ്പായിരുന്നു ജോട്ടയുടെ വിവാഹം. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന കാമുകി റൂട്ട് കാര്‍ഡോസോയെയാണ് താരം വിവാഹം കഴിച്ചത്. അപകടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വിവാഹ വീഡിയോ ജോട്ട ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 'ഞങ്ങള്‍ ഒരിക്കലും മറക്കാത്ത ഒരു ദിവസം' എന്ന ക്യാപ്ഷനും ഇതിന് നല്‍കിയിരുന്നു. 'എന്റെ സ്വപ്‌നം സാക്ഷാത്കരിച്ചു' എന്ന് പറഞ്ഞ് വിവാഹഗൗണിലുള്ള ചിത്രങ്ങള്‍ രണ്ട് ദിവസം മുമ്പ് റൂട്ടും ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരുന്നു. 'ഞാനാണ് ആ ഭാഗ്യവാന്‍' എന്നാണ് ഈ ചിത്രങ്ങള്‍ക്ക് താഴെ ജോട്ട റൂട്ടിനായി കുറിച്ചത്.
Content Highlights: tyre Blow retired Lamborghini In Flames Diogo Jotas Fatal Car Accident








English (US) ·