'അപകീർത്തി പ്രചാരണത്തിൽ ഏർപ്പെട്ടാൽ നിയമനടപടി'; മുന്നറിയിപ്പുമായി 'കണ്ണപ്പ' നിർമാതാക്കൾ

6 months ago 6

Kannappa Poster

കണ്ണപ്പ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: X

മുകേഷ് കുമാര്‍ സിങ്ങിന്റെ സംവിധാനത്തില്‍ വിഷ്ണു മഞ്ചു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കണ്ണപ്പ' വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. ശിവഭക്തനായ 'കണ്ണപ്പ'യുടെ കഥ പറയുന്ന പുരാണചിത്രമാണിത്. വിഷ്ണു മഞ്ചുവിന് പുറമേ മോഹന്‍ബാബു, ശരത്കുമാര്‍, മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. സ്റ്റീഫന്‍ ദേവസിയാണ്‌ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. റിലീസിന് മുന്നോടിയായി, ചിത്രത്തിനെതിരായ അപകീര്‍ത്തി പ്രചാരണങ്ങള്‍ക്ക് കടുത്ത മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നിര്‍മാതാക്കളായ ട്വന്റി ഫോര്‍ ഫ്രെയിംസ് ഫാക്ടറി. വിഷ്ണു മഞ്ചുവിന്റെ നേതൃത്വത്തിലുള്ള നിര്‍മാണക്കമ്പനിയാണ് ട്വന്റി ഫോര്‍ ഫ്രെയിംസ് ഫാക്ടറി.

'പൊതുസമൂഹവുമായി സംവദിക്കാന്‍, വളരെ ഉത്തരവാദിത്തത്തോടെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍, എല്ലാ നിരൂപകരും ചിത്രം കണ്ടശേഷം ഉള്ളടക്കത്തെ വിലയിരുത്താനും ഉദ്ദേശം മനസിലാക്കാനും മുന്‍വിധികളോടെയുള്ള പക്ഷപാതങ്ങള്‍ക്കോ പ്രതികാരമനോഭാവത്തോടെയുള്ള അഭിപ്രായപ്രകടനങ്ങള്‍ക്കോ അടിമപ്പെടാതെ, ഉത്തരവാദിത്തത്തോടെ അഭിപ്രായം പറയാനും ഞങ്ങള്‍ വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യം പവിത്രവും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതും അംഗീകരിക്കുമ്പോള്‍ തന്നെ, ക്രിയാത്മക സൃഷ്ടികള്‍ക്കുനേരെയുള്ള ബോധപൂര്‍വവും വിനാശകരവുമായ ആക്രമണം, അത് നേരിട്ടുള്ളതോ പേരിനെ കളങ്കപ്പെടുത്തുന്നതോ ആവട്ടെ, സംരക്ഷിത അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്നും നിയമനടപടികള്‍ക്ക് വിധേയമായ ദ്രോഹമാണെന്നും ഉചിതമായ നിയമനടപടി സ്വീകരിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടെന്നും സമീപകാല കോടതി ഉത്തരവുകളുടെ പശ്ചാത്തലത്തില്‍ വ്യക്തമാക്കുന്നു'- പ്രസ്താവനയില്‍ പറയുന്നു.

'കണ്ണപ്പ'യിലെ രണ്ട് പ്രധാന അഭിനേതാക്കളായ ഡോ. മോഹന്‍ ബാബുവിന്റെയും വിഷ്ണു മഞ്ചുവിന്റെയും വ്യക്തിത്വത്തിനും പ്രചാരണാവകാശങ്ങള്‍ക്കും 'ഡല്‍ഹി ഹൈക്കോടതി സംരക്ഷണം നല്‍കിയിട്ടുണ്ട്. അവരുടെ വ്യക്തിത്വവും പ്രതിച്ഛായയും ഏതെങ്കിലും തരത്തില്‍ ദുര്‍ബ്ബലപ്പെടുത്തുകയോ കളങ്കപ്പെടുത്തുകയോ ചെയ്യുന്നതും വാണിജ്യപരമോ വ്യക്തിപരമോ മറ്റേതെങ്കിലും നേട്ടങ്ങള്‍ക്കോ, അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കത്തിന്റെ ഉപയോഗവും പ്രചാരണവും കോടതിയുടെ നിര്‍ദ്ദേശപ്രകാരവും നിലവിലെ നിയമങ്ങള്‍ക്കനുസരിച്ചും പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവാം. ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ ചിത്രത്തിന്റെ അപകീര്‍ത്തിപരമോ, നിയമവിരുദ്ധമോ ആയ പ്രദര്‍ശനത്തിലോ സ്ട്രീമിങ്ങിലോ ഏര്‍പ്പെട്ടാല്‍, സിവില്‍, ക്രിമിനല്‍, സൈബര്‍ അധികാരപരിധികളടക്കമുള്ള എല്ലാ ഫോറങ്ങളിലും ഉചിതമായ നിയമനടപടികള്‍ ആരംഭിക്കുമെന്നും നിര്‍മാണക്കമ്പനി മുന്നറിയിപ്പു നല്‍കി.

Content Highlights: Kannappa: Makers of Vishnu Manchu-starrer contented beardown warning, endanger ineligible enactment against trolls

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article