ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒരു മുഴുവന്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടി വരാവുന്ന മാനസികാഘാതങ്ങളും തിരിച്ചടികളും ഏറ്റുവാങ്ങുകയും അവയെ പുഞ്ചിരിയോടെ അതിജീവിക്കാനും അതിശയിപ്പിക്കുന്ന വിജയങ്ങള്‍ നേടാനും കഴിഞ്ഞവര്‍ അപൂര്‍വമാണ്. പതിനെട്ടാമത് ഐപിഎല്‍ ടൂര്‍ണമെന്റില്‍ ഒരിക്കല്‍ കൂടി മുംബൈ ഇന്ത്യന്‍സിനെ നയിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ഹാര്‍ദിക് പാണ്ഡ്യയെ തന്നെയാണ് ഉദ്ദേശിച്ചത്.
ധീരത, ശാന്തത, സ്വന്തം കഴിവിലുള്ള വിശ്വാസം, കഠിനാധ്വാനം എന്നിവയുടെ അപൂര്‍വസംയോഗമാണ് ഹാര്‍ദിക്കില്‍ കാണാനാവുക, നമ്മള്‍ ഇന്ത്യക്കാരില്‍ അപൂര്‍വമായ ഒന്ന്. 2024-ല്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും പഴയ ക്ലബ്ബായ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചുവന്നതോടെ തുടങ്ങിയ പ്രശ്‌നങ്ങള്‍ മാസങ്ങള്‍ ഹാര്‍ദിക്കിനെ ഉലച്ചു. മുംബൈ ടീമിന് അഞ്ചു ഐ.പി.എല്‍ കിരീടങ്ങള്‍ നേടിക്കൊടുത്ത രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയത് അംഗീകരിക്കാന്‍ കഴിയാതിരുന്ന ആരാധകരുടെ കൂക്കുവിളികള്‍ക്കും നിരന്തരമായ അപമാനങ്ങള്‍ക്കും വേട്ടയാടലുകള്‍ക്കുമിടയില്‍ അദ്ദേഹം വശംകെട്ടു. ക്യാപ്റ്റൻസിയുടെ പേരില്‍ മാധ്യമങ്ങള്‍ പാണ്ഡ്യയെ കുരിശിൽ തറച്ചു, പഴയ കഥകള്‍ തപ്പിയെടുത്ത് അഹങ്കാരിയും താന്തോന്നിയുമെന്ന ലേബല്‍ വീണ്ടും പതിപ്പിച്ചു. അതിനിടെ ഉണ്ടായ വിവാഹമോചനത്തില്‍ സമൂഹമാകെ അദ്ദേഹത്തിന്റെ മുന്‍ഭാര്യക്കൊപ്പം നിന്നു... ഒരു സാധാരണക്കാരന് പിടിവിട്ടു പോവാന്‍, സമനില നഷ്ടമാവാന്‍ ഇത്രയൊന്നും ആവശ്യമില്ല!
പ്രശ്‌നങ്ങളെയൊക്കെ ഉരുക്കു മനസ്സോടെ, നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ട ഹാര്‍ദിക്കിന്റെ ചുണ്ടില്‍ അപ്പോഴും ആരെയും നിരായുധരാക്കുന്ന പ്രശസ്തമായ ആ പുഞ്ചിരി ഉണ്ടായിരുന്നു. തന്റെ മനസ്സിനെ തകര്‍ക്കാന്‍ ആര്‍ക്കും ആവില്ല എന്ന് വിളിച്ചു പറയുന്ന ചിരി. പട്ടിണിയില്‍ നിന്നു രക്ഷ നേടാന്‍ പാടുപെട്ട ബാല്യകാലത്തു നിന്നും ലോക കിരീടത്തിലേക്കുള്ള യാത്രയില്‍ ഹാര്‍ദിക് നടന്നുതീര്‍ത്തത് അതിദുഷ്‌കരമായ പാതകളാണ്.
.jpg?$p=8caa465&w=852&q=0.8)
ബാല്യവും അതിജീവനപോരാട്ടവും
1993 ഒക്ടോബര്‍ 11-ന് ഗുജറാത്തിലെ സൂറത്തില്‍ ജനിച്ച ഹാര്‍ദിക്കിന്റെ കുട്ടിക്കാലം അതിജീവനത്തിനുള്ള നിരന്തരപോരാട്ടം ആയിരുന്നു. അച്ഛന്‍ ഹിമാന്‍ശു പാണ്ഡ്യ യുടെ കാര്‍വായ്പാ ബിസിനസ് പൊളിഞ്ഞപ്പോള്‍ കുടുംബത്തിന് വഡോദരയിലേക്ക് താമസം മാറ്റേണ്ടി വന്നു. ഹാര്‍ദിക്കിന് അഞ്ചുവയസ്സായിരുന്നു, ജ്യേഷ്ഠന്‍ ക്രുണാലിന് ഏഴും. ഹാര്‍ദിക്കിനും ക്രുണാലിനും ക്രിക്കറ്റ് നേരമ്പോക്ക് ആയിരുന്നില്ല, അതിജീവനത്തിനുള്ള പിടിവള്ളിയായിരുന്നു. കടം വാങ്ങിയ ക്രിക്കറ്റ് ഗിയറുമായി പൊരിവെയിലത്ത് നിരന്തരം അവര്‍ പരിശീലനം നടത്തി. മക്കള്‍ക്ക് പാലും റൊട്ടിയും വാങ്ങിക്കൊടുക്കാന്‍ അമ്മ നളിനി ഓരോ രൂപയും മിച്ചം പിടിച്ചു. അടുത്ത നേരത്തെ ആഹാരം എവിടെ നിന്നുണ്ടാകും എന്നറിയാത്ത ദിവസങ്ങളുണ്ടായിരുന്നുവെന്ന് ഹാര്‍ദിക്ക് പിന്നീട് പറഞ്ഞിട്ടുണ്ട്.
ക്രിക്കറ്റ്പ്രേമിയായ ഹിമാന്‍ശു മക്കളുടെ സ്വപ്നം സഫലമാക്കാന്‍ പനിരവധി ത്യാഗങ്ങള്‍ സഹിച്ചു. ഹാര്‍ദിക്കിന്റെ പ്രതിഭ കണ്ടെത്തുന്നത് ക്രിക്കറ്റ് അക്കാഡമിയില്‍ വച്ചാണ്. പരിശീലകര്‍ ഹാര്‍ദിക്കിന്റെ അക്രമോത്സുകതയും ശ്രദ്ധിച്ചു, ചിലപ്പോഴൊക്കെ അതിരുവിടുന്ന അക്രമോത്സുക മനോഭാവം. അതിന്റെ പേരില്‍ സംസ്ഥാന ജൂനിയര്‍ ടീമില്‍നിന്ന് അവന്‍ ഒഴിവാക്കപ്പെട്ടിട്ടുമുണ്ട്. പതിനെട്ടാം വയസ്സില്‍ സനത് കുമാറിന്റെ പരിശീലനത്തിലാണ് ഹാര്‍ദിക് ലെഗ് സ്പിന്നില്‍ നിന്നും ഫാസ്റ്റ് ബൗളിംഗിലേക്ക് മാറിയത്. അത് ഓള്‍റൗണ്ടറാവുന്നതിലേക്കുള്ള തുടക്കമായി. സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയ്ക്ക് വേണ്ടി നടത്തിയ ഉജ്ജ്വല പ്രകടനം ദേശീയശ്രദ്ധ ആകര്‍ഷിച്ചു- വെടിക്കെട്ട് ബാറ്റിംഗ്, അതിവേഗത്തിലുള്ള പന്തുകള്‍.
.jpg?$p=59b144c&w=852&q=0.8)
വിജയപീഠത്തില്‍ നിന്നും കൂക്കിവിളികളിലേക്ക്
2018-ല്‍ മുംബൈ ഇന്ത്യന്‍സ് ഹാർദിക്കിനെ ടീമിലെടുത്തത് വെറും പത്തുലക്ഷം രൂപയ്ക്കാണ്. കഴിവ് തെളിയിക്കപ്പെട്ടിട്ടില്ലാത്ത 21-കാരന്റെ അരങ്ങേറ്റം തകര്‍പ്പനായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 21 ബോളില്‍ പുറത്താകാതെ 61 റണ്‍സ്! തൊട്ടടുത്ത വര്‍ഷം ഓസ്‌ട്രേലിയയ്ക്ക് എതിരായ ടി-ട്വന്റി മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ ഹാര്‍ദിക്കിന് സാധിച്ചു. അത്ര ഗംഭീരമായിരുന്നു ഐ.പി.എല്ലിലെ പ്രകടനം. അടുത്ത കുറച്ചുവര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി. നേര്‍രേഖയിലല്ല ഹാര്‍ദിക്കിന്റെ ക്രിക്കറ്റ് ജീവിതം മുന്നോട്ട് പോയത്. ഇടയ്ക്കിടെ പരിക്കുകളുടെ ശല്യമുണ്ടായി, ചിലപ്പോള്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നു. പക്ഷേ, അതിനൊന്നും ഹാര്‍ദിക്കിന്റെ മനസ്സിനെ തളര്‍ത്താന്‍ ആയില്ല.
2022-ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച ഹാര്‍ദിക് തൊട്ടടുത്ത വര്‍ഷം ടീമിനെ റണ്ണറപ്പാക്കി. തുടര്‍ന്നാണ് മുംബൈ ഇന്ത്യന്‍സിലേക്ക് പോവുന്നത്. ഒറ്റനോട്ടത്തില്‍ പിഴവറ്റ നീക്കം- കരിയര്‍ വെച്ചു നോക്കിയാലും സാമ്പത്തികവശം പരിഗണിച്ചായാലും. ഭാവിയിലേക്കുള്ള ടീമിനെ തയ്യാറാക്കാന്‍ വേണ്ടിയാണ് ഹാര്‍ദിക്കിനെ നായകനാക്കുന്നത് എന്നായിരുന്നു മാനേജ്‌മെന്റ് പറഞ്ഞത്. പക്ഷേ, വമ്പന്‍ താരങ്ങള്‍ അടങ്ങിയ ടീമില്‍ അത് കലാപത്തിനും പടലപ്പിണക്കത്തിനും തുടക്കമിട്ടു. രോഹിത്തിനോട് കൂറുണ്ടായിരുന്ന മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ ഇളകി. മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തില്‍ ടീം കളിക്കുമ്പോള്‍ ക്യാപ്റ്റന്‍ ഹാര്‍ദിക്കിനെ അവര്‍ നിര്‍ദയമായി കൂക്കി വിളിച്ചു, അപമാനിച്ചു. പിന്നീട് അത് മറ്റിടങ്ങളിലും ആവര്‍ത്തിക്കപ്പെട്ടു.
സാമൂഹികമാധ്യമങ്ങള്‍ ഹാര്‍ദിക്കിനെതിരായ വിമര്‍ശനങ്ങളെ പെരുപ്പിച്ചു. അര്‍ഹതയില്‍ കൂടുതല്‍ പരിഗണന കിട്ടുന്നയാള്‍, സ്വാര്‍ത്ഥന്‍, രോഹിതിനെ ചതിച്ചയാള്‍ തുടങ്ങിയ 'വിശേഷണങ്ങള്‍' സമ്മാനിച്ചു. ഹാർദിക്കിന്റെ നേതൃത്വവും ക്രൂരമായി വിചാരണ ചെയ്യപ്പെട്ടു. ഒരുപക്ഷേ, കടുത്ത മാനസികസമ്മര്‍ദ്ദം കാരണമാവാം, വ്യക്തിപരമായ നിലയില്‍ മികച്ച പ്രകടനം നടത്താന്‍ ഹാര്‍ദിക്കാനായില്ല. ഡ്രസിങ് റൂമിലും പരസ്പരവിശ്വാസമില്ലായ്മ മുഴച്ചുനിന്നു. രോഹിത്തും സൂര്യകുമാര്‍ യാദവും ബുംറയും പോലുള്ള മുതിര്‍ന്ന കളിക്കാര്‍ ഹാർദിക്കിന്റെ നേതൃത്വ ശൈലിയില്‍ അസംതൃപ്തരായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. മുംബൈ ഇന്ത്യന്‍സിന് സീസണ്‍ മഹാദുരന്തമായി. കളിച്ച 14 മത്സരങ്ങളില്‍ ജയിച്ചത് വെറും നാലെണ്ണം, അവസാനക്കാരായി ഫിനിഷ് ചെയ്തു. ടീമിന്റെ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം.

വിവാഹമോചനവും അപമാനങ്ങളും
സെര്‍ബിയക്കാരി നടാഷ സ്റ്റാന്‍കോവിച്ചിനെ ഹാര്‍ദിക്ക് വിവാഹം ചെയ്തത് 2020ലാണ്. മോഡലും നടിയുമായ നടാഷ പൂര്‍ണ ഗര്‍ഭിണിയായിരിക്കെയാണ് വിവാഹം നടന്നത്. ഇരുവര്‍ക്കും ഒരു മകനുണ്ട്- അഗസ്ത്യ. 2024-ല്‍ മുംബൈ ടീമിലേക്ക് എത്തുന്നതിന് മാസങ്ങള്‍ക്കു മുമ്പു തന്നെ ദമ്പതികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്നു സൂചനകളുണ്ടായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി നടാഷ ആ സീസണിലെ ഐ.പി.എല്‍ മത്സരങ്ങള്‍ കാണാന്‍ സ്റ്റാന്‍ഡിലുണ്ടായിരുന്നില്ല. 2024 മാര്‍ച്ചില്‍ അവര്‍ ഇന്‍സ്റ്റയിലെ തന്റെ ഹാന്‍ഡിലില്‍ നിന്നും 'പാണ്ഡ്യ' ഒഴിവാക്കിയത് ശ്രദ്ധിക്കപ്പെട്ടു. അവരുടെ ചില പോസ്റ്റുകളും- 'ദൈവത്തിന് എല്ലാത്തിനും ഒരു പദ്ധതിയുണ്ട്' ഉദാഹരണം- ഇഴകീറി ചര്‍ച്ച ചെയ്യപ്പെട്ടു.
ഐ.പി.എല്ലിലെ വിവാദങ്ങള്‍ കൂടിയായപ്പോള്‍ അവരുടെ വ്യക്തിജീവിതങ്ങള്‍ പരസ്യചര്‍ച്ചയായി, അവര്‍ക്കെതിരെ നിരവധി അപവാദങ്ങള്‍ പ്രചരിച്ചു. ലോകകപ്പ് ഹീറോയില്‍ നിന്നും കുടുംബത്തിലെ വില്ലനിലേക്ക് എന്ന തലക്കെട്ട് ഉദാഹരണം. ജൂലായ് 18-നായിരുന്നു വിവാഹമോചനം. പ്രശസ്തിക്കു പിന്നാലെ പായുന്ന ഒരു അത്യാഗ്രഹി കുടുംബത്തിനു വേണ്ടി എല്ലാം ത്യജിച്ച നല്ലവളായ സ്ത്രീയെ, അമ്മയെ തഴഞ്ഞു എന്ന മട്ടില്‍ ആരോപണങ്ങള്‍ വന്നു. പ്രശസ്തിക്കു വേണ്ടി കുടുംബത്തെ വിറ്റു എന്ന് ചിലര്‍ ട്വീറ്റു ചെയ്തു. പക്ഷേ, ഹാര്‍ദിക്ക് നിശബ്ദനായിരുന്നു. ആരെയും കുറ്റപ്പെടുത്തിയില്ല. പരസ്പര ബഹുമാനത്തോടെ പിരിയുന്നു, മകന്‍ അഗസ്ത്യനെ ഒരുമിച്ചു വളര്‍ത്തും എന്ന സംയുക്ത പ്രസ്താവന മാത്രം. പിന്നീട് സുഹൃത്തുക്കള്‍ പറഞ്ഞു, പാണ്ഡ്യ അങ്ങേയറ്റം തകര്‍ന്നു പോയെങ്കിലും വേദനകള്‍ മുഴുവന്‍ പരിശീലനത്തിലേക്ക് ഒഴുക്കിവിട്ടു എന്ന്.
ലോകകപ്പ് വിജയവും മാറിയ ലോകവും
2024 മേയ് 24-നാണ് ഐ.പി.എല്‍ സീസണ്‍ അവസാനിച്ചത്. ജൂണ്‍ ഒന്നിന് ടി-20 ലോകകപ്പ് അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി ആരംഭിക്കുകയും ചെയ്തു. കടുത്ത മാനസികസമ്മര്‍ദ്ദങ്ങള്‍ക്കിടെയായിരുന്നു ടൂര്‍ണമെന്റെങ്കിലും രോഹിത് ശര്‍മയുടെ നേതൃത്വത്തിന് കീഴില്‍ ഹാര്‍ദിക്ക് വളരെ അന്തസ്സോടെയുള്ള പ്രകടനമാണ് കാഴ്ചവച്ചത്. ആരോടും പിണക്കവും പരിഭവവും ഇല്ല, ഏവര്‍ക്കും പുഞ്ചിരി മാത്രം മറുപടി. ജൂണ്‍ 29, ബാര്‍ബഡോസില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനല്‍. രോഹിത് അവസാന ഓവര്‍ ഏല്‍പ്പിച്ചത് ഹാര്‍ദിക്കിനെയാണ്. ജയിക്കാന്‍ വേണ്ടിയിരുന്നത് 141 റണ്‍സ്. പക്ഷേ, ക്ലാസന്റേയും ഡേവിഡ് മില്ലറുടെയും ജാന്‍സന്റെയും വിക്കറ്റെടുത്ത ഹാർദിക്ക് 11 വര്‍ഷത്തിനു ശേഷം ഇന്ത്യയില്‍ ലോകകപ്പ് തിരിച്ചെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. വിജയത്തിന് ശേഷം ഗ്രൗണ്ടില്‍ മുട്ടുകുത്തിയ ഹാര്‍ദിക്കിന്റെ മുഖത്ത് കണ്ണീര്‍ ഒഴുകുന്നുണ്ടായിരുന്നു. ആ കണ്ണീരില്‍ കൂക്കിവിളികളും വ്യക്തിപരമായ ആക്ഷേപിക്കുന്ന തലക്കെട്ടുകളും മാഞ്ഞുമാഞ്ഞു പോയി. ഇപ്പോഴിതാ, ചാമ്പ്യന്‍സ് ട്രോഫി ജയത്തിലും ഈ ഗുജറാത്തിക്ക് കാര്യമായ റോളുണ്ട്.
കൂക്കിവിളിച്ച് അപമാനിച്ചു വിട്ട ക്രിക്കറ്റ്പ്രേമികള്‍ ലോകകപ്പുമായി വിമാനമിറങ്ങിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയെ ഹൃദയംഗമമായി സ്വീകരിച്ചു, സ്‌നേഹം കൊണ്ടു മൂടി. 'എന്നെ സംബന്ധിച്ചിടത്തോളം 360 ഡിഗ്രിയിലുള്ള മാറ്റമായിരുന്നു അത്. അതെപ്പോള്‍ സംഭവിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ, വിധിക്ക് സ്വന്തം പദ്ധതിയുണ്ട്. രണ്ടരമാസം കൊണ്ട് എല്ലാം മാറിപ്പോയി,' കഴിഞ്ഞ ദിവസം അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. 'എനിക്കു ചുറ്റും എന്തൊക്കെ സംഭവിച്ചാലും ക്രിക്കറ്റായിരിക്കും എന്റെ ഏറ്റവും വലിയ ചങ്ങാതിയെന്ന് എനിക്കറിയാം. ഞാന്‍ പരിശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ കഠിനാധ്വാനത്തിനു ഫലമുണ്ടായപ്പോള്‍ അത് എനിക്കു കണക്കുകൂട്ടാന്‍ പറ്റുന്നതിനപ്പുറമായിരുന്നു,' തോല്‍വി സമ്മതിച്ച് യുദ്ധക്കളം വിടാന്‍ ഒരിക്കലും തയ്യാറാകാത്ത പോരാളി പറയുന്നു.
ഹാര്‍ദിക് ആക്രമിക്കപ്പെട്ടതിനു പിന്നില്‍
ഒരു ക്രിക്കറ്റ് താരത്തിന്റെ പെരുമാറ്റ രീതി എങ്ങനെയായിരിക്കണമെന്ന് ഒരു ശരാശരി ഇന്ത്യക്കാരന്റെ മനസ്സില്‍ ചില സങ്കല്‍പ്പങ്ങളുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കറെപ്പോലെ, രാഹുല്‍ ദ്രാവിഡിനെപ്പോലെ വിനയശാലികള്‍, എളിമക്കാര്‍. മാന്യദേഹങ്ങള്‍. ഈ വാര്‍പ്പുമാതൃകയുമായി തുടക്കം മുതല്‍ പൊരുത്തപ്പെടാത്തയാളാണ് ഹാര്‍ദിക്. ഹെയര്‍സ്റ്റൈല്‍, കഴുത്തു നിറയെ തടിയന്‍ മാലകള്‍, ശരീരം നിറച്ചുള്ള ടാറ്റൂകള്‍, വിലകൂടിയ കാറുകള്‍, കണ്ണഞ്ചിക്കുന്ന ഫാഷന്‍, വെട്ടിത്തുറന്നുള്ള സംസാരം, ആരെയും കൂസാത്ത ഭാവം, നടപ്പ്. അഹങ്കാരിയെന്നും ധിക്കാരിയെന്നും തുടക്കത്തിലേ ഹാര്‍ദിക് മുദ്രകുത്തപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. ആ ദൃഷ്ടിയോടെ നോക്കുമ്പോള്‍ അദ്ദേഹം ചെയ്യുന്നതെല്ലാം തെറ്റാണെന്നു തോന്നാം.
ആപത്തുകാലത്ത് രൂപപ്പെടുത്തിയെടുത്ത ആത്മവിശ്വാസമാണ് വഡോദരയിലെ ചേരികളില്‍ നിന്നും ക്രിക്കറ്റിന്റെ മഹാഗോപുരങ്ങളിലേക്ക് അയാളെ ഉയര്‍ത്തിയത്. ഹാര്‍ദിക് ഒരിക്കല്‍ പറഞ്ഞിരുന്നു, 'ഞാന്‍ കളിക്കുന്നത് ഇന്ത്യയ്ക്ക് വേണ്ടിയാണ്, അംഗീകാരത്തിനു വേണ്ടിയല്ല' എന്ന്. അതുതന്നെയാണ് ഹാര്‍ദിക്കിനെ ഇരുണ്ട ദിനങ്ങളെ മറികടക്കാന്‍ സഹായിച്ചിട്ടുണ്ടാവുക. ഹാര്‍ദിക്കിനെ മുംബൈ ക്യാപ്റ്റനാക്കിയത് ഗുജറാത്തിനു വേണ്ടി അദ്ദേഹം നേടിയ വിജയങ്ങള്‍ കണ്ടാണ്, അല്ലാതെ നീത അംബാനി സൗജന്യം ചെയ്തതല്ല എന്ന് ക്രിക്കറ്റ് പ്രേമികള്‍ മനസ്സിലാക്കും എന്നു പ്രതീക്ഷിക്കാം! മാത്രമല്ല, പോയ വര്‍ഷത്തെ തൊഴുത്തില്‍കുത്തലുകള്‍ ഇക്കുറി ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലും എടുത്തിട്ടുണ്ടാവുമെന്നുറപ്പാണ്.
പിന്‍തൊഴി: കഴിഞ്ഞ വര്‍ഷത്തെ ജീവിതയാത്രയെക്കുറിച്ചു ചോദിച്ചപ്പോള്‍ 'ഗംഭീരമായിരുന്നു, പ്രയാസമേറിയതായിരുന്നെങ്കിലും വളരെ രസകരമായിരുന്നു' എന്നു പറയുന്നയാളെ (ഹാര്‍ദിക്കിനെ) മാനസികമായി തകര്‍ക്കുക എളുപ്പമല്ല. ജഡ്ജസ്, പ്ലീസ് നോട്ട്!
Content Highlights: Hardik Pandya IPL Mumbai Indians Gujarat Titans World Cup Cricket Captaincy Resilience Controversy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·