അപരാജിതരായി ബാബ അപരാജിതും (89*) സച്ചിൻ ബേബിയും (85*); കേരളത്തിന് 315 റൺസിന്റെ കൂറ്റൻ ലീഡ്

2 months ago 3

മനോരമ ലേഖകൻ

Published: November 18, 2025 06:54 PM IST

1 minute Read

sachin-baby-batting
സച്ചിൻ ബേബി (ഫയൽ ചിത്രം: മനോരമ)

ഇൻഡോർ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ കേരളം ശക്തമായ നിലയിൽ. 89 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ കേരളം, രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 226 റൺസെന്ന നിലയിലാണ്. കേരളത്തിന് ഇപ്പോൾ ആകെ 315 റൺസിന്റെ ലീഡുണ്ട്. നേരത്തെ, മധ്യപ്രദേശിന്റെ ആദ്യ ഇന്നിങ്സ് 192 റൺസിന് അവസാനിച്ചിരുന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ, സച്ചിൻ ബേബി (85*) ബാബ അപരാജിത് (89*) എന്നിവരാണ് ക്രീസിൽ.

മൂന്നാം ദിവസം കളി തുടങ്ങുമ്പോൾ സരൻഷ് ജെയിനും ആര്യൻ പാണ്ഡെയും ചേർന്നുള്ള കൂട്ടുകെട്ടിലായിരുന്നു മധ്യപ്രദേശിന്റെ പ്രതീക്ഷ. എന്നാൽ ഏദൻ ആപ്പിൾ ടോമിന്റെ ഇരട്ടപ്രഹരം തുടക്കത്തിൽ തന്നെ അവരുടെ പ്രതീക്ഷകൾ തകർത്തു. നാലാം ഓവറിലെ അവസാന രണ്ട് പന്തുകളിൽ ആര്യൻ പാണ്ഡെയെയും മൊഹമ്മദ് അർഷദ് ഖാനെയും ഏദൻ വിക്കറ്റിനു മുന്നിൽ കുരുക്കി. ഇന്നലെയും ഏദൻ തുടരെയുള്ള രണ്ട് പന്തുകളിൽ രണ്ട് വിക്കറ്റ് നേടിയിരുന്നു. ശുഭം ശർമയെയും ഹർപ്രീത് സിങ്ങിനെയുമായിരുന്നു അടുത്തടുത്ത പന്തുകളിൽ എൽബിഡബ്ല്യുവിൽ കുടുക്കിയത്.

തുടർന്നെത്തിയ കുമാർ കാർത്തികേയയ്ക്കും കുൽദീപ് സിങ്ങിനുമൊപ്പം ചേർന്ന് സരൻഷ് ജെയിൻ ലീഡിനായി പൊരുതിയെങ്കിലും അധിക നേരം പിടിച്ചു നിൽക്കാനായില്ല. കുമാർ കാർത്തികേയയെ ശ്രീഹരി എസ് നായർ പുറത്താക്കിയപ്പോൾ 67 റൺസെടുത്ത സരൻഷ് ജെയിൻ, നിധീഷിന്റെ പന്തിൽ പുറത്തായി. 192 റൺസിൽ മധ്യപ്രദേശിന്റെ ഇന്നിങ്സിന് അവസാനമായി. കേരളത്തിന് വേണ്ടി ഏദൻ ആപ്പിൾ ടോം നാലും നിധീഷ് എം.ഡി. മൂന്നും വിക്കറ്റു വീഴ്ത്തി.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർ രോഹൻ കുന്നുമ്മലിന്റെ (7) വിക്കറ്റ് നഷ്ടമായി. കുമാർ കാർത്തികേയയുടെ പന്തിൽ എൽബിഡബ്ല്യു ആയാണ് രോഹൻ മടങ്ങിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ അഭിഷേക് ജെ.നായരും സച്ചിൻ ബേബിയും ചേർന്ന് 68 റൺസ് കൂട്ടിച്ചേർത്തു. 30 റൺസെടുത്ത അഭിഷേകിനെ കുൽദീപ് സെൻ പുറത്താക്കി. തൊട്ടു പിറകെ രണ്ട് റൺസുമായി ക്യാപ്റ്റൻ മുഹമ്മദ് അസഹ്റുദ്ദീനും മടങ്ങി. സരൻഷ് ജെയിനിന്റെ പന്തിൽ ഹർപ്രീത് സിങ് ക്യാച്ചെടുത്താണ് അസഹ്റുദ്ദീൻ പുറത്തായത്. എന്നാൽ നാലാം വിക്കറ്റിൽ ഒത്തു ചേർന്ന സച്ചിൻ ബേബിയും ബാബ അപരാജിത്തും ചേർന്ന് മത്സരം കേരളത്തിന്റെ വരുതിയിലാക്കി. ഇരുവരും ചേർന്ന് ഇത് വരെ 144 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

English Summary:

Ranji Trophy: Ranji Trophy sees Kerala successful a beardown presumption against Madhya Pradesh. Kerala secured a important archetypal innings pb and extended their vantage successful the 2nd innings, placing them successful a commanding position.

Read Entire Article