20 April 2025, 06:32 PM IST

Photo: instagram.com/churchillbrothersfcgoa
ന്യൂഡൽഹി: രണ്ടാഴ്ചത്തെ കാത്തിരിപ്പിനൊടുവിൽ ഗോവ ചർച്ചിൽ ബ്രദേഴ്‌സിന് ഐ ലീഗ് ഫുട്‌ബോൾ കിരീടവും ഐഎസ്എൽ യോഗ്യതയും. ഇന്റർ കാശി-നാംധാരി എഫ്സി മത്സരം സംബന്ധിച്ച അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ അപ്പീൽകമ്മിറ്റിയുടെ വിധി കാശി ടീമിന് എതിരായതോടെയാണ് ചർച്ചിൽ ചാമ്പ്യന്മാരായി പ്രഖ്യാപിക്കപ്പെട്ടത്.
ലീഗ് സമാപിച്ചപ്പോൾ 40 പോയിന്റുമായി ചർച്ചിൽ ഒന്നാമതായിരുന്നു. രണ്ടാമതുള്ള ഇന്റർ കാശിക്ക് 39 പോയിന്റും. ജനുവരി 13-ന് നാംധാരിക്കെതിരായ കളിയിൽ കാശി ടീം തോറ്റിരുന്നു. എന്നാൽ, അയോഗ്യനായ താരത്തെ കളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഫെഡറേഷൻ അച്ചടക്ക സമിതി നാംധാരി തോറ്റതായി പ്രഖ്യാപിക്കുകയും ഇന്റർ കാശിക്ക് മൂന്നുപോയിന്റ് അനുവദിക്കുകയും ചെയ്തു. ഇതിനെതിരേ അപ്പീൽകമ്മിറ്റിക്ക് നൽകിയ പരാതിയിലാണ് നാംധാരിക്ക് അനുകൂലവിധി വന്നത്. വിധി നാംധാരിക്ക് എതിരായിരുന്നെങ്കിൽ മൂന്നു പോയിന്റുകൾ അധികമായി നേടി ഇന്റർ കാശി 42 പോയിന്റോടെ ജേതാക്കളാവുമായിരുന്നു. അപ്പീൽകമ്മിറ്റി വിധിക്കെതിരേ അന്താരാഷ്ട കായിക തർക്കപരിഹാര കോടതിയെ സമീപിക്കുമെന്ന് ഇന്റർ കാശി വ്യക്തമാക്കി.
മൂന്നാംതവണയാണ് ചർച്ചിൽ ഐ ലീഗ് ജേതാക്കളാവുന്നത്. ചർച്ചിലിന് സ്ഥാനക്കയറ്റം ലഭിച്ചതോടെ അടുത്ത സീസണിൽ ഐഎസ്എലിൽ ഗോവയിൽനിന്ന് രണ്ടു ടീമാവും. എഫ്സി ഗോവയാണ് നിലവിൽ ഗോവയിൽ നിന്നുള്ള ടീം.
Content Highlights: Churchill Brothers declared I-League champions








English (US) ·