Published: November 18, 2025 08:44 PM IST Updated: November 19, 2025 08:59 AM IST
1 minute Read
ചെന്നൈ∙ രാജസ്ഥാൻ റോയൽസിൽ നിന്ന് ടീമിലേക്കെത്തിയ മലയാളി താരം സഞ്ജു സാംസണ് ഗംഭീര ‘ഇൻട്രോ’യുമായി ചെന്നൈ സൂപ്പർ കിങ്സ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് മഞ്ഞ ജഴ്സിയിൽ സഞ്ജുവിനെ സിഎസ്കെ അവതരിപ്പിച്ചത്. സഞ്ജുവിന്റെ സുഹൃത്തും സിനിമാ സംവിധായകനും നടനുമായ ബേസിൽ ജോസഫും വിഡിയോയിലുണ്ട്. ബേസിലിന്റെ നറേഷനിലാണ് വിഡിയോ.
ബാൽക്കണിയിലെ കസേരയിൽ പുറംതിരിഞ്ഞിരിക്കുന്ന സഞ്ജുവിനെ കാണിച്ചുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. മൊബൈൽ സ്ക്രീനിൽ, സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലെത്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിനു ലഭിച്ച ലൈക്കുകളും കാണാം. പിന്നീടാണ് ബേസിലിനെ കാണിക്കുന്നത്. ‘‘ടൈം ആയി, എടാ മോനേ പണി തുടങ്ങിക്കോ എന്നു ബേസിൽ പറയുന്നതോടെ സഞ്ജുവിന്റെ ഇൻട്രോയ്ക്കുള്ള ഒരുക്കങ്ങളും ആരംഭിക്കുന്നു.
സഞ്ജുവിനുള്ള മഞ്ഞ ജഴ്സി തുന്നുന്നതും, കൂറ്റൻ കട്ടൗട്ട് നിർമിക്കുന്നതുമെല്ലാം വിഡിയോയിൽ കാണിക്കുന്നുണ്ട്. പിന്നീട് സഞ്ജുവും സൂപ്പർ സ്റ്റാർ രജനീകാന്തും ഒന്നിച്ചുള്ള ഫോട്ടോ ഫ്രെയിമിന്റെ പശ്ചാത്തലത്തിൽ സഞ്ജു നടന്നു വരുകയും ജഴ്സി ധരിക്കുകയും ചെയ്തു. ‘അപ്പോ നമ്മുടെ പയ്യൻ ഇനി യെലോ, കൂടെ നമ്മളും’ എന്ന ഡയലോഗും ബേസിൽ പറയുന്നു. രജനീകാന്തിന്റെ ‘പേട്ട’ സിനിമയിലെ ‘മരണ മാസ്’ എന്ന ഗാനമാണ് വിഡിയോയുടെ ബിജിഎം ആയി ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവുമൊടുവിൽ ‘ആരംഭിക്കാങ്കലാ..’ എന്നു ബേസിൽ തമിഴിൽ പറയുമ്പോൾ പശ്ചാത്തലത്തിൽ ‘വിക്രം’ സിനിമയിലെ സംഗീതവും സഞ്ജുവിന്റെ മുഖവും പ്രത്യക്ഷപ്പെടുന്നതോടെ വിഡിയോ അവസാനിക്കുന്നു.
ഈ മാസം 15നാണ് സഞ്ജുവിന്റെ വരവ് ചെന്നൈ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സഞ്‌ജു – രവീന്ദ്ര ജഡേജ കൈമാറ്റ കരാർ യഥാർഥ്യമായതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകിയിരുന്നു. ചെന്നൈ സഞ്ജുവിനെ 18 കോടി രൂപയ്ക്കു ടീമിലെത്തിച്ചപ്പോൾ രാജസ്ഥാനിലേക്കു ചേക്കേറിയ ജഡേജയ്ക്ക് ലഭിക്കുക 14 കോടി രൂപ.
അതേസമയം ചെന്നൈ ക്യാപ്റ്റനായി ഋതുരാജ് ഗെയ്ക്‌വാദ് തിരികെയെത്തി. കഴിഞ്ഞ സീസണിൽ ക്യാപ്റ്റനായിരുന്ന ഋതുരാജ്, പരുക്കേറ്റു പുറത്തായതിനു പിന്നാലെ നായകസ്ഥാനം എം.എസ്.ധോണി ഏറ്റെടുത്തിരുന്നു. ഈ സീസണിലും ധോണി ക്യാപ്റ്റനായി തുടരുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും ക്യാപ്റ്റനായി ഋതുരാജ് തിരിച്ചെത്തുമെന്ന് ചെന്നൈ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
English Summary:








English (US) ·