അപ്പോൾ നോട്ടിങ് ഹിൽ അല്ലേ? കോലിയുടെ ലണ്ടനിലെ വിലാസത്തെക്കുറിച്ച് സൂചന നൽകി മുൻ ഇംഗ്ലീഷ് ക്രിക്കറ്റർ

6 months ago 6

വിരാട് കോലി ഇന്ത്യയില്‍നിന്ന് ലണ്ടനിലേക്ക് താമസം മാറുമെന്ന റിപ്പോര്‍ട്ടുകള്‍ ഏറെ നാളായി പ്രചരിക്കുന്നുണ്ട്. സജീവ ക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷം യുകെയില്‍ സ്ഥിരതാമസമാക്കാനാണ് കോലിയുടെയും അനുഷ്‌കയുടെയും തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്രിക്കറ്റില്‍നിന്നുള്ള ഇടവേളകളില്‍ ലണ്ടനില്‍ പലപ്പോഴും കോലിയേയും അനുഷ്‌ക ശര്‍മയേയും ഒന്നിച്ച് കണാറുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ ലണ്ടനിലെ നോട്ടിങ് ഹില്ലില്‍ കോലി വീട് വാങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇപ്പോഴിതാ ലണ്ടനിലെ കോലിയുടെ വസതിയെക്കുറിച്ച് സൂചനകള്‍ തന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീം പരിശീലകനുമായ ജൊനാഥന്‍ ട്രോട്ട്.

കോലിയുടെ താമസം ലണ്ടനിലെ സെന്റ് ജോണ്‍സ് വുഡിലാണെന്ന് ട്രോട്ട് ഒരു പരിപാടിക്കിടെ സൂചന നല്‍കിയതോടെ കോലിയുടെ വസതിയെ ചുറ്റിപ്പറ്റി വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നിറയുകയാണ്. സോണി സ്പോര്‍ട്സില്‍ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ വിരാട് കോലി വിഷയമായി വന്നപ്പോഴായിരുന്നു ട്രോട്ടിന്റെ വാക്കുകള്‍. ''അദ്ദേഹം (കോലി) സെന്റ് ജോണ്‍സ് വുഡിലോ സമീപത്തോ താമസിക്കുന്നില്ലേ? അദ്ദേഹത്തെ തിരിച്ചുവരാന്‍ പ്രേരിപ്പിക്കാന്‍ കഴിയില്ലേ?'' എന്നാണ് ട്രോട്ട് പറഞ്ഞത്. ഇതോടെ സോഷ്യല്‍ മീഡിയ കോലിയുടെ വസതിയെക്കുറിച്ചുള്ള ചര്‍ച്ചകളാല്‍ നിറയുകയായിരുന്നു.

വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ ഒരു ആഡംബര റെസിഡന്‍ഷ്യല്‍ ഏരിയയാണ് സെന്റ് ജോണ്‍സ് വുഡ്. മനോഹരമായ വീടുകളും മരങ്ങള്‍ നിറഞ്ഞ തെരുവുകളും നിറഞ്ഞ പ്രദേശം. ലണ്ടനിലെ രാജകീയ പാര്‍ക്കുകളില്‍ ഒന്നായ റീജന്റ്സ് പാര്‍ക്ക്, സെന്റ് ജോണ്‍സ് വുഡിന് സമീപമാണ്. യുകെയില്‍ നോട്ടിങ് ഹില്‍ ആണ് കോലിയുടെ വിലാസമെന്ന് ദി ടെലഗ്രാഫിന്റെ ഒരു മുന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഒരു വര്‍ഷം മുമ്പ് കോലി ഇവിടെ വീട് വാങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

സജീവ ക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷം കോലിയും കുടുംബവും യുകെയില്‍ സ്ഥിരതാമസമാക്കുമെന്ന അഭ്യൂഹം വന്നുതുടങ്ങിയിട്ട് ഏതാനും നാളുകളായി. കഴിഞ്ഞ ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിനു പിന്നാലെ കുടുംബത്തെ കാണാന്‍ ലണ്ടനിലേക്കാണ് കോലി പറന്നത്. യുകെയില്‍ നിന്നുള്ള ചിത്രങ്ങള്‍ കോലി പതിവായി പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഇത്തരം അഭ്യൂഹങ്ങള്‍ ശക്തമായത്. കോലിയുടെ മകന്‍ അകായ് ജനിച്ചത് യുകെയിലെ ആശുപത്രിയിലാണ്. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ഒഴിവാക്കി കോലി യുകെയിലേക്കു പോയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

കോലി ഇന്ത്യ വിടുമെന്ന് അദ്ദേഹത്തിന്റെ മുന്‍ പരിശീലകന്‍ രാജ്കുമാര്‍ ശര്‍മയും പറഞ്ഞിരുന്നു. മാത്രമല്ല, ഇംഗ്ലണ്ട് പര്യടനത്തിനായി എത്തിയ ഇന്ത്യന്‍ ടീമിനെ കോലി ലണ്ടനിലെ തന്റെ വസതിയിലേക്ക് ക്ഷണിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, മുഹമ്മദ് സിറാജ് എന്നിവര്‍ കോലിയുടെ വസതിയില്‍ സന്ദര്‍ശനത്തിനെത്തിയതായി ഇംഗ്ലീഷ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

Content Highlights: Virat Kohli`s London residence sparks statement aft hints from erstwhile England cricketer Jonathan Trot

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article