അഫ്ഗാനികൾ പ്രശ്നമുണ്ടാക്കി, പാക്ക് വിരുദ്ധതയിൽ ഇടപെട്ടു: ഖുഷ്ദിലിന്റെ കയ്യേറ്റം ന്യായീകരിച്ച് പിസിബി

9 months ago 8

ഓൺലൈൻ ഡെസ്ക്

Published: April 06 , 2025 12:51 PM IST

1 minute Read

 MICHAEL BRADLEY/AFP
ആരാധകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ഖുഷ്ദിൽ ഷായെ പിടിച്ചുമാറ്റുന്നു.Photo: MICHAEL BRADLEY/AFP

മൗണ്ട്മംഗനൂയി∙ ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിനു പിന്നാലെ കളി കാണാനെത്തിയ ആരാധകരെ പാക്ക് താരം ഖുഷ്ദിൽ ഷാ കയ്യേറ്റം ചെയ്ത സംഭവം ന്യായീകരിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. കളി കാണാനെത്തിയ അഫ്ഗാൻ വംശജരായ ആളുകളാണു പ്രശ്നങ്ങളുണ്ടാക്കിയതെന്നും പാക്ക് വിരുദ്ധതയ്ക്കെതിരെ ഖുഷ്ദിൽ ഷാ പ്രതികരിക്കുകയായിരുന്നു എന്നുമാണ് പിസിബിയുടെ ‘കണ്ടെത്തൽ’. സുരക്ഷാ വീഴ്ചയാണു സംഭവിച്ചതെന്നും പാക്കിസ്ഥാൻ ബോർഡ് പ്രസ്താവനയിൽ അറിയിച്ചു. മത്സരം കഴിഞ്ഞു മടങ്ങുമ്പോഴാണ് പരിഹസിച്ച ആരാധകരെ കയ്യേറ്റം ചെയ്യാൻ പാക്കിസ്ഥാൻ താരം ഖുഷ്ദിൽ ഷാ ശ്രമിച്ചത്.

ഡഗ്ഔട്ട് ചാടിക്കടന്ന് കയ്യേറ്റത്തിനു ശ്രമിച്ച, പാക്ക് താരത്തെ സഹതാരങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണു പിന്തിരിപ്പിച്ചത്. ഖുഷ്ദിൽ ഷായോട് തർക്കിച്ച രണ്ടു പേരെ പെട്ടെന്നുതന്നെ സ്റ്റേഡിയത്തിൽനിന്നു പുറത്താക്കി. ‘‘കളി കാണാനെത്തിയ വിദേശികൾ പാക്ക് താരങ്ങളെ മോശം ഭാഷയിൽ അപമാനിച്ച സംഭവത്തെ ശക്തമായി അപലപിക്കുകയാണ്. പാക്ക് വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയര്‍ന്നതോടെ ഖുഷ്ദിൽ ഷാ കാണികളോടു നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാനിൽനിന്നുള്ള ആളുകൾ മോശം ഭാഷയിൽ സംസാരിക്കുന്നതു തുടർന്നു. പാക്ക് ടീം പരാതിപ്പെട്ടതിനാലാണ് ഇവരെ ഗ്രൗണ്ടിൽനിന്നു മാറ്റിയത്.’’– പാക്ക് ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു.

ഖുഷ്ദിൽ ഷായും ആരാധകരും തമ്മിലുള്ള തര്‍ക്കത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 43 റൺസ് വിജയമാണ് മൂന്നാം പോരാട്ടത്തിൽ ന്യൂസീലന്‍ഡ് നേടിയത്. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 40 ഓവറിൽ 221 റൺസെടുത്ത് ഓൾഔട്ടായി. വിജയത്തോടെ പരമ്പര 3–0ന് കിവീസ് തൂത്തുവാരി. നേരത്തേ ട്വന്റി20 പരമ്പരയും പാക്കിസ്ഥാനു നഷ്ടമായിരുന്നു.

മോശം കാലാവസ്ഥ കാരണം 42 ഓവറായാണു മത്സരം നടത്തിയത്. മറുപടി ബാറ്റിങ്ങിൽ ബാബർ അസം അർധ സെഞ്ചറി നേടി. 58 പന്തുകൾ നേരിട്ട ബാബർ 50 റൺസെടുത്തു പുറത്തായി. മധ്യനിര താരങ്ങളും തിളങ്ങിയെങ്കിലും വിജയ ലക്ഷ്യത്തിലെത്താൻ പാക്കിസ്ഥാനു സാധിച്ചില്ല. മുഹമ്മദ് റിസ്‍വാൻ (32 പന്തിൽ 37), തയ്യബ് താഹിർ (31 പന്തിൽ 33), അബ്ദുല്ല ഷഫീഖ് (56 പന്തിൽ 33) എന്നിവരാണ് പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാര്‍.

English Summary:

PCB issues connection implicit Khushdil Shah attack

Read Entire Article