Published: September 09, 2025 09:56 PM IST Updated: September 10, 2025 01:30 AM IST
2 minute Read
അബുദാബി ∙ ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഹോങ്കോങ്ങിനെതിരെ അഫ്ഗാനിസ്ഥാന് 94 റൺസ് ജയം. സ്‌കോർ: അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ്. ഹോങ്കോങ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 94 റൺസ്. ബാബർ ഹയാത്തും (43 പന്തിൽ 39 റൺസ്) ഏഴാമനായി ഇറങ്ങിയ നായകൻ യാസിം മുർത്താസയും (16) മാത്രമാണ് ഹോങ്കോങ് നിരയിൽ രണ്ടക്കം കടന്നത്. അഫ്‌ഗാന് വേണ്ടി ഫസൽഹഖ് ഫറൂഖി, ഗുൽബദിൻ നയ്ബ് എന്നിവർ രണ്ടു വിക്കറ്റ് വീതവും അസ്മത്തുല്ല ഒമർസായ്, റാഷിദ് ഖാൻ, നൂർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.
189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ഹോങ്കോങ്ങിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഇന്നിങ്‌സിലെ രണ്ടാം പന്തിൽ ഓപ്പണർ അൻഷി രാത്തിനെ (0) നഷ്‌ടമായി. പിന്നാലെ സീഷാൻ അലിയും (5), നിസാഖത്ത് ഖാനും (0) മടങ്ങിയതോടെ ഹോങ്കോങ് 2.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 13 റൺസ് എന്ന നിലയിലായി. അഞ്ചാം ഓവറിൽ കൽഹാൻ ചല്ലുവും (4) പത്താം ഓവറിൽ കിൻചിത് ഷാ(6)യും പുറത്തായി. പത്ത് ഓവർ പൂർത്തിയായപ്പോൾ ഹോങ്കോങ് 5 വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിലായിരുന്നു. ഒരറ്റത്ത് നിന്നു പൊരുതിയ ബാബർ ഹയാത്തും യാസിം മുർത്താസയും പിന്നാലെ മടങ്ങി. അയ്‌സാസ് ഖാൻ (6), എഹ്‌സാൻ ഖാൻ (6) എന്നിവരും വന്നപാടെ മടങ്ങി. ആയുഷ് ശുക്ല (1), അതീഖ് ഇക്‌ബാൽ (1) എന്നിവർ പുറത്താകാതെ നിന്നു.
നേരത്തെ, അർധ സെഞ്ചറി നേടിയ സിദ്ധിഖുല്ല അടൽ (52 പന്തിൽ 73 നോട്ടൗട്ട്), അസ്മത്തുല്ല ഒമർസായ് (21 പന്തിൽ 53) എന്നിവരുടെ ഇന്നിങ്സുകളാണ് അഫ്ഗാന്റെ വിജയത്തിന് അടിത്തറ പാകിയത്. താരതമ്യേന ദുർബലരായ ഹോങ്കോങ്ങിനെ അടിച്ചൊതുക്കി മികച്ച സ്കോർ കണ്ടെത്താമെന്ന കണക്കുകൂട്ടലിൽ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനു തുടക്കം പിഴച്ചു. സ്കോർ 25 നിൽക്കെ ഓപ്പണർ റഹ്മാനുല്ല ഗുർബാസിനെ (8) അവർക്കു നഷ്ടമായി. തൊട്ടടുത്ത ഓവറിൽ ഇബ്രാഹിം സദ്രാനും (1) വീണതോടെ അഫ്ഗാൻ 2ന് 26 എന്ന നിലയിലായി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച സിദ്ധിഖുല്ല– മുഹമ്മദ് നബി (26 പന്തിൽ 33) സഖ്യം മറ്റു പരുക്കുകളില്ലാതെ പവർപ്ലേ അവസാനിപ്പിച്ചു. പവർപ്ലേ അവസാനിക്കുമ്പോൾ 2ന് 41 എന്ന നിലയിലായിരുന്നു അഫ്ഗാൻ.
മൂന്നാം വിക്കറ്റിൽ 41 പന്തിൽ 51 റൺസ് കൂട്ടിച്ചേർത്ത സഖ്യം അഫ്ഗാനെ പതിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. നബിയെ പുറത്താക്കിയ കിൻചിത് ഷാ ഹോങ്കോങ്ങിന് പ്രതീക്ഷ നൽകി. പിന്നാലെ ഗുൽബദിൻ നയ്ബും (5) പുറത്തായതോടെ അഫ്ഗാൻ വീണ്ടും പരുങ്ങലിലായി. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച സിദ്ധിഖുല്ല– അസ്മത്തുല്ല സഖ്യം നടത്തിയ തിരിച്ചടിയാണ് അഫ്ഗാനെ മുന്നോട്ടുനയിച്ചത്. 35 പന്തിൽ 82 റൺസ് കൂട്ടിച്ചേർത്ത സഖ്യം സ്കോർ 150 കടത്തി. 21 പന്തിൽ 5 സിക്സും 2 ഫോറും അടങ്ങുന്നായിരുന്നു അസ്മത്തുല്ലയുടെ ഇന്നിങ്സ്. 52 പന്തിൽ 3 സിക്സും 6 ഫോറുമടക്കമാണ് സിദ്ധിഖുല്ല 73 റൺസ് നേടിയത്. ഹോങ്കോങ്ങിനായി ആയുഷ് ശുക്ല, കിൻചിത് ഷാ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.
English Summary:








English (US) ·