അബുദാബി∙ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാനെ വീഴ്ത്തിയ ബംഗ്ലദേശ് സൂപ്പർ ഫോർ സാധ്യതകൾ സജീവമാക്കി. ആവേശപ്പോരാട്ടത്തിൽ 8 റൺസിനാണ് ബംഗ്ലദേശിന്റെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി.
അർധ സെഞ്ചറി നേടിയ ഓപ്പണർ തൻസിദ് ഹസന്റെ (31 പന്തിൽ 52) ഇന്നിങ്സാണ് ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ബംഗ്ലദേശിനു ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ അഫ്ഗാന്റെ പോരാട്ടം 146ൽ അവസാനിച്ചു. സ്കോർ: ബംഗ്ലദേശ് 20 ഓവറിൽ 5ന് 154. അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 146ന് പുറത്ത്. ബംഗ്ലദേശിനോടു തോറ്റതോടെ അവസാന മത്സരത്തിൽ ശ്രീലങ്കയെ തോൽപിച്ചാൽ മാത്രമേ അഫ്ഗാന് ഇനി സൂപ്പർ ഫോർ പ്രതീക്ഷയുള്ളൂ.
അഫ്ഗാൻ പോരാട്ടം155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാന് ആദ്യ പന്തിൽ തന്നെ ഓപ്പണർ സിദ്ധിഖുല്ല അടലിനെ (0) നഷ്ടമായി. സ്പിന്നർ നാസും അഹമ്മദിനായിരുന്നു വിക്കറ്റ്. തന്റെ മൂന്നാം ഓവറിൽ ഇബ്രാഹിം സദ്രാനെയും (5) വീഴ്ത്തിയ നാസും അഫ്ഗാനെ ഞെട്ടിച്ചു. അതോടെ പവർപ്ലേയിൽ 2 വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാന് നേടാൻ സാധിച്ചത് 27 റൺസ്.
പിന്നാലെ ആഞ്ഞടിച്ച റഹ്മാനുല്ല ഗുർബാസ് (31 പന്തിൽ 35) രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും ഗുർബാസിനെ വീഴ്ത്തിയ റിഷാദ് ഹുസൈൻ ബംഗ്ലദേശിന് മേൽക്കൈ നൽകി. മധ്യനിരയിൽ പൊരുതിയ അസ്മത്തുല്ല ഒമർസായിയിൽ (16 പന്തിൽ 30) ആയിരുന്നു അഫ്ഗാന്റെ പിന്നീടുള്ള പ്രതീക്ഷ. ഒമർസായ്, ടസ്കിൻ അഹമ്മദിന് മുന്നിൽ വീണതോടെ അതും അവസാനിച്ചു. അവസാന ഓവറുകളിൽ പൊരുതിയ ക്യാപ്റ്റൻ റാഷിദ് ഖാന് (11 പന്തിൽ 20) അഫ്ഗാന്റെ തോൽവി ഭാരം കുറയ്ക്കാൻ മാത്രമേ സാധിച്ചുള്ളൂ.
നേരത്തെ, ഇന്നിങ്സിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിക്കാനായിരുന്നു ബംഗ്ല ബാറ്റർമാരുടെ തീരുമാനം. ഇതു മനസ്സിലാക്കിയ അഫ്ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ പവർപ്ലേയിൽ തന്നെ സ്പിന്നർമാരെ കൊണ്ടുവന്നെങ്കിലും സ്കോറിങ് നിരക്ക് പിടിച്ചുനിർത്താൻ സാധിച്ചില്ല. പവർപ്ലേയിൽ 59 റൺസാണ് ഓപ്പണർമാരായ സെയ്ഫ് ഹസനും (28 പന്തിൽ 30) തൻസിദ് ഹസനും (31 പന്തിൽ 52) ചേർന്നു നേടിയത്.
പവർപ്ലേ അവസാനിച്ചതിനു പിന്നാലെ സെയ്ഫിനെ പുറത്താക്കിയ റാഷിദാണ് അഫ്ഗാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അപ്പോഴും ഒരറ്റത്ത് ആക്രമിച്ചു കളിച്ച തൻസിദ് 10 ഓവറിൽ ബംഗ്ലദേശ് സ്കോർ 87ൽ എത്തിച്ചു.
എന്നാൽ 11–ാം ഓവറിലെ ആദ്യ പന്തിൽ ക്യാപ്റ്റൻ ലിറ്റൻ ദാസ് (9) പുറത്തായത് ബംഗ്ലദേശിനു ക്ഷീണമായി. സ്പിന്നർ നൂർ അഹമ്മദിനായിരുന്നു വിക്കറ്റ്. പിന്നാലെ തൻസിദിനെയും വീഴ്ത്തിയ നൂർ മത്സരത്തിൽ അഫ്ഗാൻ ആധിപത്യം തിരിച്ചുപിടിച്ചു. 31 പന്തിൽ 3 സിക്സും 4 ഫോറും അടങ്ങുന്നതായിരുന്നു തൻസിദിന്റെ ഇന്നിങ്സ്.
English Summary:








English (US) ·