Published: September 10, 2025 10:52 AM IST
1 minute Read
-
ഏഷ്യാകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാന് വിജയത്തുടക്കം
-
ആദ്യ മത്സരത്തിൽ ഹോങ്കോങ്ങിനെതിരെ 94 റൺസ് ജയം
അബുദാബി ∙ അരയും തലയും മുറുക്കിയിറങ്ങിയ അഫ്ഗാനിസ്ഥാനു മുന്നിൽ പൊരുതിനിൽക്കാനുള്ള കരുത്തുപോലും ഹോങ്കോങ്ങിന് ഉണ്ടായിരുന്നില്ല. ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഹോങ്കോങ്ങിനെതിരെ 94 റൺസ് ജയവുമായി അഫ്ഗാൻ വരവറിയിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടിയപ്പോൾ ഹോങ്കോങ്ങിന്റെ പോരാട്ടം 94 റൺസിൽ അവസാനിച്ചു.
189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹോങ്കോങ്ങിന് ആദ്യ ഓവറിൽത്തന്നെ ഓപ്പണർ അൻഷുമാൻ റാത്തിനെ (0) നഷ്ടമായി. പിന്നാലെ തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട ഹോങ്കോങ് ഒരു ഘട്ടത്തിൽ 5ന് 43 എന്ന നിലയിലായിരുന്നു. ഒരറ്റത്ത് പൊരുതിയ ബാബർ ഹയാത്തിന്റെ (39) ഇന്നിങ്സാണ് അവരെ നാണക്കേടിൽ നിന്നു രക്ഷിച്ചത്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനെ സിദ്ധിഖുല്ല അടൽ (52 പന്തിൽ 73 നോട്ടൗട്ട്), അസ്മത്തുല്ല ഒമർസായ് (21 പന്തിൽ 53) എന്നിവരുടെ ഇന്നിങ്സുകളാണ് മെച്ചപ്പെട്ട സ്കോറിൽ എത്തിച്ചത്. 20 പന്തിൽ 50 കടന്ന ഒമർസായ് ട്വന്റി20യിൽ ഒരു അഫ്ഗാൻ താരത്തിന്റെ വേഗമേറിയ അർധ സെഞ്ചറി എന്ന റെക്കോർഡ് സ്വന്തമാക്കി. അഞ്ചാം വിക്കറ്റിൽ സിദ്ധിഖുല്ല– അസ്മത്തുല്ല സഖ്യം നടത്തിയ തിരിച്ചടിയാണ് അഫ്ഗാനെ തുടർന്നു മുന്നോട്ടുനയിച്ചത്. 35 പന്തിൽ 82 റൺസ് കൂട്ടിച്ചേർത്ത സഖ്യം സ്കോർ 150 കടത്തി. 21 പന്തിൽ 5 സിക്സും 2 ഫോറും അടങ്ങിയതാണ് അസ്മത്തുല്ലയുടെ ഇന്നിങ്സ്. 52 പന്തിൽ 3 സിക്സും 6 ഫോറുമടക്കമാണ് സിദ്ധിഖുല്ല 73 റൺസ് നേടിയത്.
English Summary:








English (US) ·