Published: October 19, 2025 08:16 PM IST Updated: October 19, 2025 08:31 PM IST
1 minute Read
ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാൻ സേന അഫ്ഗാനിസ്ഥാന്റെ അതിർത്തിമേഖലകളിൽ നടത്തിയ ബോംബാക്രമണങ്ങളിൽ 3 പ്രാദേശിക ക്രിക്കറ്റ് കളിക്കാർ മരിച്ചതിൽ രാജ്യാന്തര ക്രിക്കറ്റ് ബോർഡ് (ഐസിസി) അനുശോചനം രേഖപ്പെടുത്തിയതിനെ വിമർശിച്ച് പാക്ക് മന്ത്രി. പക്ഷപാതപരമായാണ് ഐസിസി പെരുമാറിയതെന്ന് പാക്ക് ഫെഡറൽ ഇൻഫർമേഷൻ മന്ത്രി അഠാ തരാർ കുറ്റപ്പെടുത്തി. ക്രിക്കറ്റ് താരങ്ങളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഐസിസിയുടെ ബിസിസിഐയും ശനിയാഴ്ച പ്രസ്താവന പുറത്തിറക്കിയിരുന്നു. പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെയായിരുന്നു പ്രസ്താവന.
പാക്ക് ആക്രമണത്തെ തുടർന്ന് അടുത്ത മാസത്തെ ത്രിരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് പരമ്പരയിൽനിന്നു പിന്മാറുന്നതായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. പാക്കിസ്ഥാനും ശ്രീലങ്കയും ഉൾപ്പെട്ടതായിരുന്നു പരമ്പര. ഇതിനു പിന്നാലെയാണ് ഐസിസി പ്രസ്താവന പുറത്തിറക്കിയത്. എന്നാൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിലാണ് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊലപ്പെട്ടതെന്ന രീതിയിലുളള പ്രസ്തവനയെ അപലപിക്കുന്നതായി പാക്ക് മന്ത്രി പറഞ്ഞു. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാൻ ഐസിസി തയാറായില്ലെന്നും അഠാ തരാർ പറഞ്ഞു. അഫ്ഗാനിസ്ഥാനു പകരം സിംബാബ്‍വെ ത്രിരാഷ്ട്ര പരമ്പരയിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
വർഷങ്ങളായി പാക്കിസ്ഥാൻ തീവ്രവാദത്തിന്റെ ഇരയാണെന്ന് പറഞ്ഞ മന്ത്രി, ഐസിസി പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെട്ടു. “ഐസിസി പ്രസ്താവനയ്ക്ക് ഏതാനും മണിക്കൂറുകൾക്ക് ശേഷം, ഐസിസി ചെയർമാൻ ജയ് ഷാ തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ അതേ വാക്കുകൾ ആവർത്തിച്ചതും അഫ്ഗാനിസ്ഥാൻ ബോർഡും സമാനമായ വാക്കുകൾ ഉപയോഗിച്ചതും വിചിത്രമാണ്. യഥാർഥ തെളിവുകളൊന്നും ഹാജരാക്കാതെയാണ് അഫ്ഗാനിസ്ഥാൻ ബോർഡ് പ്രസ്താവനകൾ നടത്തിയത്.’’ പാക്ക് മന്ത്രി ആരോപിച്ചു. റാഷിദ് ഖാൻ, ഗുൽബാദിൻ നായിബ് തുടങ്ങിയ താരങ്ങൾ ഉൾപ്പെടെ ഒട്ടേറെ അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ പാക്കിസ്ഥാൻ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു.
ഏഷ്യാ കപ്പിലെ ഹസ്തദാനം വിവാദത്തിലടക്കം പാക്കിസ്ഥാൻ ക്രിക്കറ്റിനോട് പക്ഷപാതപരമായ സമീപനമാണ് സ്വീകരിച്ചതെന്നും അഠാ തരാർ പറഞ്ഞു. “ഇത് ഐസിസിയുടെ സ്വാതന്ത്ര്യത്തെയും പക്ഷപാതരഹിതമായ സമീപനത്തെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. ഒരു രാജ്യാന്തര കായിക ഭരണ സമിതി സ്ഥിരീകരിക്കപ്പെടാത്ത ഒരു അവകാശവാദം പ്രോത്സാഹിപ്പിക്കരുത്. ഐസിസി സ്വതന്ത്രമായി തുടരുകയും വിവാദപരമായ പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കുകയും വേണം.’’– അദ്ദേഹം പറഞ്ഞു.
പാക്ക് ആക്രമണത്തിൽ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ഉർഗുൻ ജില്ലയിൽനിന്നുള്ള കബീർ, സിബ്ഗത്തുല്ല, ഹാറൂൺ എന്നീ പ്രാദേശിക കളിക്കാരാണു കൊല്ലപ്പെട്ടത്. താൽക്കാലിക വെടിനിർത്തൽ 2 ദിവസത്തേക്കു കൂടി നീട്ടിയതിനു പിന്നാലെ വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ നോർത്ത് വസീറിസ്ഥാനിൽ സൈനിക ക്യാംപിനുനേരെയുണ്ടായ ചാവേറാക്രമണത്തിനു തിരിച്ചടിയായാണു വ്യോമാക്രമണം.
English Summary:








English (US) ·