Published: August 29, 2025 11:08 AM IST
1 minute Read
ദുബായ്∙ ത്രിരാഷ്ട്ര പരമ്പരയ്ക്കു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ അഫ്ഗാനിസ്ഥാനെ ഏഷ്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് ടീമെന്നു വിശേഷിപ്പിച്ച് പാക്കിസ്ഥാനി മാധ്യമപ്രവർത്തകൻ. പാക്കിസ്ഥാൻ ക്യാപ്റ്റൻ ആഗ സൽമാനും പങ്കെടുത്ത വാർത്താ സമ്മേളനത്തിലാണ് അഫ്ഗാൻ ടീമിനെ പാക്ക് മാധ്യമപ്രവർത്തകൻ വാനോളം പുകഴ്ത്തിയത്. 2024 ലെ ട്വന്റി20 ലോകകപ്പിൽ ചാംപ്യൻമാരായ ഇന്ത്യയ്ക്കു പുറമേ മികച്ച പ്രകടനം നടത്തിയ ഏഷ്യൻ ടീം അഫ്ഗാനിസ്ഥാനായിരുന്നു.
ലോകകപ്പിന്റെ സെമി ഫൈനൽ വരെയെത്തിയ അഫ്ഗാൻ നിര കരുത്തരായ ഓസ്ട്രേലിയയെയും ന്യൂസീലൻഡിനെയും തോൽപിച്ചിരുന്നു. പാക്ക് റിപ്പോർട്ടറുടെ വാക്കുകൾ കേട്ട് ആദ്യം മുഖത്ത് കൃത്രിമമായ ചിരി വരുത്തിയ ആഗ സൽമാൻ പിന്നീട് താഴേക്കുനോക്കി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഏഷ്യാ കപ്പിനുള്ള തയാറെടുപ്പായാണ് പാക്കിസ്ഥാൻ, യുഎഇ, അഫ്ഗാനിസ്ഥാൻ ടീമുകൾ ത്രിരാഷ്ട്ര പരമ്പര കളിക്കുന്നത്. യുഎഇയിൽ നടക്കുന്ന പരമ്പരയിലൂടെ അവിടത്തെ സാഹചര്യങ്ങളിൽ കളിച്ച് മത്സര പരിചയം നേടുകയെന്നതാണു ടീമുകളുടെ ലക്ഷ്യം.
ഏഷ്യാകപ്പിൽ പാക്കിസ്ഥാൻ, ഇന്ത്യ, ഒമാൻ, യുഎഇ ടീമുകൾ എ ഗ്രൂപ്പിലാണ്. ബി ഗ്രൂപ്പിൽ അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ്, ഹോങ് കോങ് ടീമുകളും കളിക്കും. ബാബർ അസം, മുഹമ്മദ് റിസ്‍വാൻ തുടങ്ങിയ പ്രധാന താരങ്ങളില്ലാതെയാണ് ആഗ സൽമാന്റെ നേതൃത്വത്തിലുള്ള പാക്ക് ടീം ഏഷ്യാകപ്പിനൊരുങ്ങുന്നത്.
പാക്ക് ഓപ്പണർ ഫഖർ സമാൻ പരുക്കിന്റെ പിടിയിലാണ്. പേസർമാരായ ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നിവർക്ക് പഴയ ഫോമിൽ കളിക്കാൻ സാധിക്കുന്നില്ല. അവസാനം കളിച്ച ഏഴ് ട്വന്റി20 മത്സരങ്ങളിൽ മൂന്നെണ്ണം വിജയിക്കാൻ മാത്രമാണ് പാക്കിസ്ഥാനു സാധിച്ചിട്ടുള്ളത്. ത്രിരാഷ്ട്ര പരമ്പരയിൽ മോശം പ്രകടനം തുടർന്നാൽ ഏഷ്യാ കപ്പിൽ പാക്ക് ടീമിന്റെ ആത്മവിശ്വാസത്തെ അതു ബാധിച്ചേക്കും.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @A. എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·