അഫ്ഗാനോട് തോൽവി; ബംഗ്ലദേശ് ടീമിന് ‘കൂക്കിവിളിച്ച്’ സ്വീകരണം, കാറുകൾ ആക്രമിച്ചു; ഞങ്ങളും മനുഷ്യരെന്ന് താരത്തിന്റെ കുറിപ്പ്

3 months ago 3

ഓൺലൈൻ ഡെസ്‌ക്

Published: October 16, 2025 10:39 PM IST

1 minute Read

 X/@BCBtigers
ബംഗ്ലദേശ്– അഫ്ഗാനിസ്ഥാൻ മത്സരത്തിൽനിന്ന്. ചിത്രം: X/@BCBtigers

ധാക്ക∙ ഏകദിന പരമ്പര പൂർണമായും അഫ്ഗാനിസ്ഥാനു മുന്നിൽ അടിയറവു വച്ച് നാട്ടിൽ തിരിച്ചെത്തിയ ബംഗ്ലദേശ് ക്രിക്കറ്റ് ടീമിനെതിരെ ആരാധക രോഷം. വിമാനത്താവളത്തിന് പുറത്തെത്തിയ ബംഗ്ലദേശ് താരങ്ങളെ കൂക്കിവിളിച്ചാണ് ആരാധകര്‍ സ്വീകരിച്ചത്. താരങ്ങളുടെ വാഹനങ്ങൾ ആക്രമിച്ചതായും റിപ്പോർട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും ടീമിനെ വിമർശിച്ച് പോസ്റ്റുകളുടെ പ്രളയമാണ്.

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര 3–0നാണ് മെഹ്ദി ഹസൻ മിറാസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലദേശ് ടീം തോറ്റത്. ആദ്യ മത്സരത്തിൽ 5 വിക്കറ്റിനു തോറ്റ ബംഗ്ലദേശ്, പിന്നീടുള്ള മത്സരങ്ങളിൽ യഥാക്രമം 81 റൺസിനും 200 റൺസിനുമാണ് പരാജയപ്പെട്ടത്. ആരാധക രോഷത്തിനു പിന്നാലെ ബംഗ്ലദേശ് താരം മുഹമ്മദ് നയിം ഷെയ്ഖ് സമൂഹമാധ്യമത്തിൽ വികാരഭരിതമായ കുറിപ്പ് പങ്കുവച്ചു.

കുറിപ്പിന്റെ പൂർണരൂപം:

‘‘കളിക്കളത്തിലിറങ്ങുന്ന ‍ഞങ്ങൾ, കളിക്കുക മാത്രമല്ല - നമ്മുടെ രാജ്യത്തിന്റെ പേര് നെഞ്ചിൽ വഹിക്കുകയും ചെയ്യുന്നു. ചുവപ്പും പച്ചയും നിറമുള്ള പതാക ‍ഞങ്ങളുടെ ശരീരത്തിൽ മാത്രമല്ല; ഞങ്ങളുടെ രക്തത്തിലുമുണ്ട്. ഓരോ പന്തിലും, ഓരോ റൺസിലും, ഓരോ ശ്വാസത്തിലും, ആ പതാകയെ അഭിമാനത്തോടെ ഉയർത്താൻ ഞങ്ങൾ പരിശ്രമിക്കുന്നു.

‘‘ചിലപ്പോൾ നമ്മൾ വിജയിക്കും, ചിലപ്പോൾ വിജയിക്കില്ല. വിജയം വരും, തോൽവി വരും - അതാണ് സ്പോർട്സിന്റെ യാഥാർഥ്യം. തോൽക്കുമ്പോൾ, അതു നിങ്ങളെ വേദനിപ്പിക്കുന്നു, നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്നു എന്നറിയാം - കാരണം നിങ്ങൾ ഞങ്ങളെപ്പോലെ തന്നെ ഈ രാജ്യത്തെ സ്നേഹിക്കുന്നു.

എന്നാൽ ഇന്ന് ‍ഞങ്ങൾക്കു നേരെയുണ്ടായ വെറുപ്പ്, ഞങ്ങളുടെ വാഹനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ, അതു ശരിക്കും വേദനിപ്പിക്കുന്നു. ഞങ്ങളും മനുഷ്യരാണ്; തെറ്റുകൾ വരുത്തും, പക്ഷേ രാജ്യത്തോടുള്ള സ്നേഹമോ പരിശ്രമമോ ഒരിക്കലും കുറവല്ല. ഓരോ നിമിഷവും, രാജ്യത്തിനുവേണ്ടി, ജനങ്ങൾക്കുവേണ്ടി, നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ ഞങ്ങൾ ശ്രമിക്കുന്നു.

വെറുപ്പല്ല, സ്നേഹമാണ് നമുക്ക് വേണ്ടത്. വിമർശനം കോപത്തോടെയല്ല, യുക്തിയോടെ വരട്ടെ. കാരണം നാമെല്ലാവരും ഒരേ പതാകയുടെ മക്കളാണ്. ജയിച്ചാലും തോറ്റാലും - ചുവപ്പും പച്ചയും എപ്പോഴും നമുക്കെല്ലാവർക്കും അഭിമാനത്തിന്റെ ഉറവിടമാകട്ടെ. ഞങ്ങൾ പോരാടും, വീണ്ടും എഴുന്നേൽക്കും - രാജ്യത്തിനു വേണ്ടി, നിങ്ങൾക്കുവേണ്ടി, ഈ പതാകയ്ക്കു വേണ്ടി.’’– മുഹമ്മദ് നയിം ഷെയ്ഖ് കുറിച്ചു.

English Summary:

Bangladesh cricket squad faces instrumentality backlash aft ODI bid loss. The squad returned location to aggravated fans and disapproval online aft losing 3-0 to Afghanistan. Support and constructive disapproval are needed during defeats.

Read Entire Article