16 August 2025, 11:40 AM IST

Photo: PTI, AP
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുമായി കളത്തിനകത്തും പുറത്തും അത്ര നല്ല ബന്ധത്തിലല്ലാത്തയാളാണ് മുന്‍ പാകിസ്താന്‍ താരം ഷാഹിദ് അഫ്രീദി. ഓപ്പറേഷന്‍ സിന്ദൂര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയ്‌ക്കെതിരേ അഫ്രീദി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഇപ്പോഴിതാ കളിച്ചിരുന്ന കാലത്ത് പാകിസ്താനില്‍ വെച്ച് അഫ്രീദിയുമായി ഉടക്കിയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. വിമാനത്തില്‍വെച്ചായിരുന്നു താന്‍ അഫ്രീദിയുമായി ഒരിക്കല്‍ ഉടക്കിയതെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പത്താന്‍ വ്യക്തമാക്കി. വിമാനത്തില്‍ ഇരിക്കുകയായിരുന്ന ഇര്‍ഫാന്റെ മുടിയിലൂടെ വിരലോടിച്ച അഫ്രീദി മുടി ചീത്തയാക്കിയതാണ് പ്രകോപനത്തിന് തുടക്കം.
''2006-ലെ പര്യടനത്തിനിടെ ഞങ്ങള്‍ കറാച്ചിയില്‍ നിന്ന് ലാഹോറിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. രണ്ട് ടീമുകളും ഒരുമിച്ചായിരുന്നു യാത്ര. ആ സമയം അഫ്രീദി വന്ന് എന്റെ തലയില്‍ കൈ വച്ചു, എന്റെ മുടി ചീകിക്കൊണ്ട് 'എങ്ങനെയുണ്ട് കുട്ടി' എന്ന് ചോദിച്ചു. നിങ്ങള്‍ എപ്പോള്‍ മുതലാണ് എന്റെ അച്ഛനായതെന്ന് ഞാന്‍ തിരിച്ചുചോദിച്ചു. അതിനുശേഷം, അഫ്രീദി എന്നോട് ചില മോശം വാക്കുകള്‍ പറഞ്ഞു. എന്റെ സീറ്റിന് തൊട്ടടുത്തായിരുന്നു അദ്ദേഹത്തിന്റെ സീറ്റ്. അന്ന് ഞാന്‍ അബ്ദുള്‍ റസാഖിന്റെ കൂടെയായിരുന്നു ഇരുന്നത്. ഇവിടെ എന്ത് തരം മാംസങ്ങള്‍ ലഭിക്കുമെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. വ്യത്യസ്ത തരം മാംസങ്ങളെക്കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞു. പിന്നെ ഞാന്‍ ഇവിടെ പട്ടിയിറച്ച് ലഭിക്കുമോ എന്ന് ചോദിച്ചു. അഫ്രീദി അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. എന്റെ ചോദ്യം കേട്ട് റസാഖ് ഞെട്ടിപ്പോയി. 'ഹേ ഇര്‍ഫാന്‍ നിങ്ങള്‍ എന്താണ് ഇങ്ങനെ പറയുന്നത്' എന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹം (അഫ്രീദി) പട്ടിയിറച്ച് കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു എന്ന് ഞാന്‍ പറഞ്ഞു. അതിനുശേഷം, അഫ്രീദിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അദ്ദേഹം എന്ത് പറഞ്ഞാലും, 'നോക്കൂ, അവന്‍ വീണ്ടും കുരയ്ക്കുന്നു' എന്ന് ഞാന്‍ പറയുമായിരുന്നു. അതിനു ശേഷം ആ വിമാനയാത്രയിലുടനീളം അഫ്രീദി നിശബ്ദനായിരുന്നു.'' - പത്താന്‍ വ്യക്തമാക്കി.
Content Highlights: Former Indian cricketer Irfan Pathan recounts a heated speech with Shahid Afridi during a flight








English (US) ·