രണ്ടു ദേശങ്ങളിൽ രണ്ടു ജീവിത സാഹചര്യങ്ങളിൽ വളർന്ന രണ്ടു മനുഷ്യർ, സിനിമയെന്ന അഴിമുഖത്തുവെച്ചവർ ഒന്നായി, 43 വർഷമായി അവർ ഒരുമിച്ച് സഞ്ചരിക്കുന്നു, അതിനിടയിൽ മലയാളിയെ വിസ്മയിപ്പിച്ച 19 സിനിമകൾ പിറന്നു, മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ സൗന്ദര്യം മലയാളിക്ക് മനഃപാഠമാണ്. ടി.പി. ബാലഗോപാലൻ എം.എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, വരവേൽപ്പ്, പട്ടണപ്രവേശം, രസതന്ത്രം തുടങ്ങി ആ സ്നേഹവീട്ടിൽനിന്ന് പിറന്ന ഓരോ സിനിമയും മലയാളിക്ക് എന്നും എപ്പോഴും പ്രിയപ്പെട്ടതാണ്.
'അഭിനയിപ്പിച്ചിട്ട് കൊതിതീർന്നിട്ടില്ലാത്ത നടനാണ് ഇന്നും എനിക്ക് മോഹൻലാൽ' എന്നാണ് സത്യൻ അന്തിക്കാട് മോഹൻലാലിനെ കുറിച്ച് എപ്പോഴും പറയാറുള്ളത്. സത്യൻ അന്തിക്കാട് എന്ന സംവിധായകന്റെ സിനിമയെന്ന ചതുരംഗക്കളത്തിലെ ഏറ്റവും ശക്തനായ കരുവാണ് മോഹൻലാൽ. പത്തുവർഷത്തിനുശേഷം കൂട്ടുകെട്ടിലെ ഇരുപതാമത്തെ ചിത്രമായ 'ഹൃദയപൂർവ്വ'വുമായി ഈ ഓണക്കാലത്ത് സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും മലയാളിക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. സത്യൻ അന്തിക്കാടിനൊപ്പം സഹായികളായി മക്കളും സംവിധായകരുമായ അഖിലും അനൂപും കൂട്ടിനുണ്ട്. ഒപ്പം ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരുപാട് യുവപ്രതിഭകളും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ‘ഹൃദയപൂർവ്വം’ രണ്ടുതലമുറകളുടെ സംഗമംകൂടിയാണ്.
എന്തുകൊണ്ടാണ് ഹൃദയപൂർവ്വം താങ്കളുടെ ഹൃദയത്തിന് വളരെ പ്രിയപ്പെട്ടതാകുന്നത്?
പല കാരണങ്ങൾ കൊണ്ടും ഹൃദയപൂർവ്വം പ്രിയപ്പെട്ടതാണ്. അതിൽ ഏറ്റവും പ്രധാനം മോഹൻലാലിന്റെ സാന്നിധ്യം തന്നെ. മോഹൻലാൽ കൂടെയുണ്ടാകുമ്പോൾ സിനിമ എനിക്ക് ഒരു ജോലിയല്ല, മറിച്ച് ആനന്ദമാണ്. ആദ്യ സിനിമയായ കുറുക്കന്റെ കല്യാണം മുതൽ തുടങ്ങിയ ബന്ധമാണ്, 43 വർഷം കഴിഞ്ഞിട്ടും ഞങ്ങൾ തമ്മിലുള്ള ഇഴയടുപ്പം കൂടിയിട്ടേ ഉള്ളൂ. ക്യാമറയ്ക്ക് മുന്നിൽ ഇന്നും എന്നെ വിസ്മയിപ്പിക്കുന്ന നടനാണ് മോഹൻലാൽ. എന്റെ മക്കളിൽ അഖിൽ മുൻപ് മോഹൻലാലിന്റെ ചിത്രങ്ങളിൽ വർക്ക് ചെയ്തിട്ടുണ്ട്, എന്നാൽ അനൂപ് ആദ്യമായാണ് മോഹൻലാൽ ചിത്രം ചെയ്യുന്നത്. അനൂപിനോടും മറ്റ് പുതിയ തലമുറയിലുള്ള എല്ലാവരോടും ഹൃദയപൂർവ്വത്തിന് ഷൂട്ട് തുടങ്ങുന്നതിന് മുൻപ് ഞാൻ ഇങ്ങനെ പറഞ്ഞു, ഇത് നിങ്ങൾക്ക് കിട്ടുന്ന വലിയൊരു ഭാഗ്യമാണ്, ഇന്ത്യൻ സിനിമയിലെത്തന്നെ ഏറ്റവും മികച്ച അഭിനേതാവിനൊപ്പം ജോലിചെയ്യാനുള്ള അപൂർവ അവസരം. ഷൂട്ട് കഴിഞ്ഞപ്പോഴും അവരെല്ലാം ഒരേയൊരു ആവശ്യമേ എന്നോട് മുന്നോട്ടുെവച്ചുള്ളൂ, അടുത്ത സിനിമയും ലാൽ സാറിനൊപ്പം മതി എന്ന്, കാരണം അനായാസമായ ആ അഭിനയം കണ്ട് കൊതിതീർന്നിട്ടില്ലെന്ന്.

ടി.പി.ബാലഗോപാലൻ, ഗോപാലകൃഷ്ണ പണിക്കർ, ദാസൻ, പ്രേമചന്ദ്രൻ തുടങ്ങി നിങ്ങളുടെ കൂട്ടുകെട്ടിൽ പിറന്ന കഥാപാത്രങ്ങളെല്ലാം എവർഗ്രീനാണ്, ഹൃദയപൂർവ്വത്തിലെ കഥപാത്രത്തെപ്പറ്റി...
സന്ദീപ് ബാലകൃഷ്ണൻ എന്നാണ് ഹൃദയപൂർവ്വത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ടി.പി.ബാലഗോപാലനിൽ നിന്നും ഗോപാലകൃഷ്ണ പണിക്കരിൽ നിന്നുമൊക്കെ ഏറെ വ്യത്യസ്തനാണ് സന്ദീപ് ബാലകൃഷ്ണൻ. അന്നത്തെ കഥാപാത്രങ്ങളുടെ ജീവിതസാഹചര്യമല്ല സന്ദീപിന്റേത്. സാമ്പത്തിക പ്രതിസന്ധികളോ, കുടുംബപ്രാരബ്ദങ്ങളോ ഒന്നും അയാൾക്കില്ല. പക്ഷേ അതിനേക്കാൾ തീവ്രമായ അനുഭവങ്ങളിലൂടെയാണ് സന്ദീപ് കടന്നുപോകുന്നത്. അത് സരസമായി അവതരിപ്പിക്കുന്നതാണ് ഈ സിനിമയിലെ ലാൽ മാജിക്.
മോഹൻലാലിന്റെ ആദ്യ സിങ്ക് സൗണ്ട് ചിത്രമാണിത്. സാങ്കേതികമായി സിനിമ ഏറെ മുന്നേറികഴിഞ്ഞു. അഭിനയിച്ചുകഴിഞ്ഞ് പിന്നീട് ഡബ്ബിങ് തിയേറ്ററിൽ വന്ന് അതിലെ സംഭാഷണങ്ങൾ ആവർത്തിക്കുന്നതിനെക്കാൾ മികച്ച റിസൾട്ടാണ് തത്സമയം ശബ്ദം റെക്കോർഡ് ചെയ്യുമ്പോൾ ലഭിക്കുന്നത്. മോഹൻലാലിന്റെ സ്വഭാവിക അഭിനയത്തിന് അതേറെ മാറ്റുകൂട്ടുന്നുമുണ്ട്. അഭിനയിക്കുമ്പോൾ ശബ്ദത്തിലുണ്ടാകുന്ന ഓരോ ശ്വാസഗതിപോലും നമുക്ക് കേൾക്കാം. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും നല്ല സൗണ്ട് റെക്കോർഡിസ്റ്റുകളിലൊരാളായ അനിൽ രാധാകൃഷ്ണനാണ് ഹൃദയപൂർവ്വത്തിന്റെ സിങ്ക് സൗണ്ട് കൈകാര്യം ചെയ്തിരിക്കുന്നത്.
സത്യൻ അന്തിക്കാട് സിനിമാ കുടുംബത്തിലെ വലിയൊരുനിര മൺമറഞ്ഞിരിക്കുന്നു, പുതിയ സിനിമകൾ എഴുതുമ്പോൾ അവരെ മിസ് ചെയ്യാറുണ്ടോ?
ഇന്നസെന്റിനെയും ഒടുവിലിനെയും ലളിതചേച്ചിയെയും മാമുക്കോയയെയുമൊക്കെ തീർച്ചയായും മിസ് ചെയ്യുന്നുണ്ട്. അവരൊക്കെ എന്റെ സിനിമാ കുടുംബത്തിലെ അംഗങ്ങളായിരുന്നു. ഇപ്പോൾ തിരക്കഥ രൂപപ്പെടുത്തുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി പല കഥാപാത്രങ്ങളുടെയും രൂപം മനസ്സിൽ തെളിയുന്നില്ല എന്നതാണ്. പണ്ടൊക്കെ എഴുത്തുതുടങ്ങുമ്പോൾത്തന്നെ ഈ കഥാപാത്രം ലളിത ചേച്ചി, ഇത് ഇന്നസെന്റ്, ഇത് ഒടുവിൽ എന്നൊക്കെ മനസ്സിൽ സങ്കൽപ്പിക്കാൻ പറ്റും. ആ നിമിഷം മുതൽ ആ കഥാപാത്രങ്ങളായി അവരെത്തന്നെ ഞാൻ കണ്ടുതുടങ്ങുകയും ചെയ്യും. ഹൃദയപൂർവ്വത്തിന്റെ കഥ നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ അല്ലാത്തതു കൊണ്ട് വലിയ പ്രശ്നമുണ്ടായില്ല. പുണെയിലായിരുന്നു പ്രധാന ചിത്രീകരണം. സിദ്ദിഖും ലാലു അലക്സും ജനാർദ്ദനനുമൊക്കെ കൂടെയുണ്ടായിരുന്നു. ഒപ്പം പുതിയ തലമുറയിലെ മികച്ച താരങ്ങളും.

മകൻ അഖിലാണ് കഥ, തിരക്കഥ സോനു, താരങ്ങളായി മാളവികയും സംഗീത് പ്രതാപുമൊക്കെയുണ്ട്, പുതിയ ടീമിനെപ്പറ്റി..
ശരിയാണ്, ഒരുന്യൂജെൻ ടച്ച് ഹൃദയപൂർവ്വത്തിനുണ്ട്. എന്റെ മകൻ അഖിലാണ് ഈ സിനിമയുടെ ആശയം എന്നോട് പറയുന്നത്. എനിക്കത് വളരെ ആകർഷകമായി തോന്നി. മോഹൻലാലിന്റെ അഭിനയസാധ്യതകൾ നന്നായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരുകഥ. കേട്ടപ്പോൾ നിർമാതാവായ ആന്റണി പെരുമ്പാവൂരിനും താത്പര്യമായി. അഖിലും അനൂപും അവരുടെ സ്വന്തം സിനിമകൾ ഒരുക്കാനുള്ള തിരക്കിലായിരുന്നു. അപ്പോഴാണ് നൈറ്റ് കോൾ എന്ന ഹ്രസ്വചിത്രം ചെയ്ത സോനു ടി.പിയെ എനിക്ക് ഓർമ്മവന്നത്. സോനുവും ഞാനുകൂടി ഇരുന്ന് ചർച്ചചെയ്ത് തിരക്കഥ തയ്യാറാക്കി. ഞാൻ അറിയാതെതന്നെ ഇതിലൊരു യുവതലമുറയുടെ പങ്കാളിത്തം വന്നുചേരുകയായിരുന്നു. അനൂപ് അവന്റെ സ്വന്തം പടത്തിന്റെ ജോലികൾ മാറ്റിവെച്ച് ഹൃദയപൂർവ്വത്തിൽ അസോസിയേറ്റ് ഡയറക്ടറായി. ക്യാമറാമാനായി അനു മൂത്തേടത്ത് വന്നു. യുവ സംഗീത സംവിധായകരിൽ ഏറ്റവും മിടുക്കനായ ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനം ഏറ്റെടുത്തു. മനു മഞ്ജിത്ത് പാട്ടുകളെഴുതി. സംഗീത് പ്രതാപും മാളവിക മോഹനനും അടക്കമുള്ള പുതിയ അഭിനേതാക്കളെത്തി. വാസ്തവത്തിൽ രണ്ടുതലമുറകളുടെ ഒരു സംഗമമായി 'ഹൃദയപൂർവ്വം' മാറി.
ശ്രീനിവാസനില്ലാതെ മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട് പൂർണമാകില്ല, ഈ സിനിമയിൽ അദ്ദേഹത്തെ മിസ് ചെയ്തിരുന്നോ?
ഞാനും മോഹൻലാലും ഒന്നിക്കുമ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ശ്രീനിവാസനെത്തന്നെയാണ്. ടി.പി.ബാലഗോപാലൻ മുതൽ തുടങ്ങിയതാണ് ഞങ്ങളുടെ കൂട്ടുകെട്ട്. സിനിമയിൽ എന്റെ പാത ഏതാണെന്ന് മനസ്സിലാക്കിത്തന്നയാളാണ് ശ്രീനിവാസൻ. നാടോടിക്കാറ്റും സന്ദേശവും വരവേൽപ്പുമൊക്കെ ഇന്നും ചർച്ചചെയ്യപ്പെടുന്ന സിനിമകളാണ്. ശ്രീനിയുടെ പല സംഭാഷണങ്ങളും പഴഞ്ചൊല്ലുപോലെ മലയാളി പറയാറുണ്ട്. 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ..', 'പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്', ഇതൊക്കെ മലയാളിയുടെ മനസ്സിൽ പതിഞ്ഞുപോയ സംഭാഷണങ്ങളാണ്. മുളന്തുരുത്തിയിൽ ഹൃദയപൂർവ്വത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഒരുദിവസം ശ്രീനിവാസൻ ലൊക്കേഷനിൽ വന്നിരുന്നു. വളരെ വൈകാരികമായ നിമിഷമായിരുന്നു അത്. മോഹൻലാൽ എന്നെയും ശ്രീനിവാസനെയും ചേർത്തുപിടിച്ചു. ഞങ്ങൾ ഒരുമിച്ച് ചെയ്ത ചിത്രങ്ങൾ ഒരുഫ്ളാഷ് ബാക്ക് പോലെ മനസ്സിൽ തെളിഞ്ഞു. മോഹൻലാലിന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. ശ്രീനിവാസൻ എന്ന സുഹൃത്തില്ലായിരുന്നെങ്കിൽ, എഴുത്തുകാരനില്ലായിരുന്നെങ്കിൽ ഇത്രയേറെ നല്ല സിനിമകൾ എനിക്ക് ചെയ്യാൻ കഴിയില്ലായിരുന്നു. ഒപ്പം പ്രവർത്തിച്ചപ്പോൾ മാത്രമല്ല, ശ്രീനിയോടൊപ്പം തിരക്കഥാ ചർച്ചയ്ക്ക് ഇരിക്കുമ്പോൾ പഠിച്ച പാഠങ്ങൾ ഞാൻ സ്വന്തമായി തിരക്കഥ എഴുതിയപ്പോഴും മറ്റ് എഴുത്തുകാരുടെ രചനകൾ സിനിമയാക്കിയപ്പോഴും എന്നെ സഹായിച്ചിട്ടുണ്ട്.

ഓണം റിലീസായാണ് ഹൃദയപൂർവ്വം തിയേറ്ററിലെത്തിയിരിക്കുന്നത്, പ്രേക്ഷകരോട്..
കുടുംബപ്രേക്ഷകർ കൂട്ടത്തോടെ തിയേറ്ററിലേക്ക് വരുന്ന സമയമാണ് ഓണക്കാലം. മറ്റ് ടെൻഷനുകളുമൊന്നുമില്ലാതെ കുടുംബങ്ങൾക്ക് കണ്ട് ആസ്വദിക്കാവുന്ന ഒരു മോഹൻലാൽ ചിത്രവുമായി മലയാളികൾക്ക് മുന്നിൽവരാൻ സാധിച്ചു എന്നുള്ളത് വലിയ സന്തോഷമാണ്. ചിന്താവിഷ്ടയായ ശ്യാമളയിലൂടെ മലയാളിക്ക് പ്രിയ അഭിനേത്രിയായി മാറിയ സംഗീത ഒരു പ്രധാന വേഷത്തിൽ ഹൃദയപൂർവ്വത്തിൽ അഭിനയിക്കുന്നുണ്ട്. സംഗീതയും മോഹൻലാലും മാളവികയും ഒന്നിച്ചിട്ടുള്ള ഒരുപാട് നല്ല സീനുകളുണ്ട് സിനിമയിൽ. ഹൃദയസ്പർശിയായ കഥ നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. എത്ര ഗൗരവമേറിയ വിഷയമാണെങ്കിലും നർമം കലർത്തി പറയുമ്പോഴാണ് കൂടുതൽ ആസ്വാദ്യകരമാകുക. കുടുംബപ്രേക്ഷകരെ ഹൃദയപൂർവ്വം ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ഉറപ്പ്.
സത്യൻ അന്തിക്കാട് വീണ്ടുമൊരു മോഹൻലാൽ സിനിമയുമായി എത്തിയിരിക്കുന്നു. മാറിയ കാലത്തെയുംമറഞ്ഞുപോയ അഭിനേതാക്കളെയും മറികടന്ന് പുതിയ കാലത്തിന്റെ എല്ലാ വെല്ലുവിളികളും നേരിട്ടാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. അപ്പോഴും സിനിമയുടെ ഉള്ളിൽ സ്‌നേഹവും ആനന്ദവും സ്പന്ദിക്കുന്നു...
Content Highlights: Hridayapoorvam: A Heartfelt Reunion of Mohanlal and Sathyan Anthikad's Cinematic Legacy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·