Published: May 01 , 2025 09:31 AM IST
1 minute Read
2008 ബെയ്ജിങ് ഒളിംപിക്സ് വേദി. ഏറെ പ്രതീക്ഷയോടെ എത്തിയ രാജ്യവർധൻ സിങ് റാത്തോഡ് മെഡൽ ഇല്ലാതെ മടങ്ങുന്നു. അക്ഷോഭ്യനായി നിൽക്കുന്ന ഇന്ത്യൻ ഷൂട്ടിങ് ടീം കോച്ച് സണ്ണി തോമസിന്റെ പ്രതികരണം ഒറ്റ വാക്കിൽ– ‘ഇന്ന് അദ്ദേഹത്തിന്റെ ദിനമല്ല’. അതേ വേദിയിൽ ഇന്ത്യയുടെ അഭിനവ് ബിന്ദ്ര രാജ്യത്തിനായി ആദ്യ വ്യക്തിഗത ഒളിംപിക്സ് സ്വർണം നേടിയപ്പോഴും സണ്ണി തോമസിന്റെ മുഖത്തു ഭാവവ്യത്യാസമില്ല. അമിതമായ ആഹ്ലാദമില്ല, നിരാശയുമില്ല.
‘പ്ലെസന്റ്ലി കൂൾ’ ആയിരുന്നു ഇംഗ്ലിഷ് അധ്യാപകനായ ആ പരിശീലകൻ. ഷൂട്ടിങ്ങിലെ ദ്രോണർ എപ്പോഴും ശാന്തനായിരുന്നു. 1993നും 2012നും ഇടയിൽ ഇന്ത്യയുടെ ഷൂട്ടിങ് രംഗത്ത് എന്തു മാറ്റം വന്നു എന്നു പരിശോധിച്ചാൽ മതി ആ ശാന്തസമുദ്രത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാൻ.
2004ൽ ആതൻസ് ഒളിംപിക്സിൽ രാജ്യവർധൻ സിങ് റാത്തോഡിലൂടെ ഒളിംപിക്സ് ചരിത്രത്തിലെ ആദ്യ വെള്ളി മെഡൽ, 2008ൽ ബെയ്ജിങ് ഒളിംപിക്സിൽ അഭിനവ് ബിന്ദ്രയിലൂടെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണ മെഡൽ, 2012ലെ ലണ്ടൻ ഒളിംപിക്സിൽ വിജയകുമാറിലൂടെ വെള്ളിയും ഗഗൻ നാരംഗിലൂടെ വെങ്കലവും നേടി ഡബിൾ മെഡൽ– തുടർച്ചയായ 3 ഒളിംപിക്സുകളിലും താരങ്ങളെ എത്തിച്ചു മെഡൽ നേട്ടം സ്വന്തമാക്കിയ പരിശീലകനായി സണ്ണി തോമസ് തലയുയർത്തി നിന്നു. രാജ്യത്തെ ഒരു പരിശീലകനും അവകാശപ്പെടാനില്ലാത്ത നേട്ടമാണു സണ്ണി തോമസിന്റേത്.
1941 സെപ്റ്റംബർ 26നു കോട്ടയം ജില്ലയിലെ തിടനാട് മേക്കാട്ട് കെ.കെ.തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായാണ് ജനനം. ചെറുപ്പത്തിൽ ക്രിക്കറ്റിനോടും ടെന്നിസിനോടും ബോൾ ബാഡ്‌മിന്റനോടുമായിരുന്നു സണ്ണിക്കു പ്രണയം. ടീമിനെ ഒത്തൊരുമയോടെ കൊണ്ടു പോകാൻ സാധിക്കുന്ന ഒരു മാർഗദർശിയായിരുന്നു സണ്ണി തോമസ് എന്നും. എത്ര വലിയ താരമായാലും മത്സര ദിവസത്തിൽ എന്തു ചെയ്യാൻ ആകുമെന്നതിലാണു വിജയമിരിക്കുന്നത് വിശ്വസമായിരുന്നു അദ്ദേഹത്തിന്. സംസാരിക്കുന്നവരുടെ മനസ്സിൽ പ്രചോദനത്തിന്റെ ഒരു കനൽ എങ്കിലും നിക്ഷേപിക്കാൻ സാധിച്ചിരുന്നതും ആ വ്യക്തിത്വത്തിന്റെ പ്രത്യേകതയാണ്.
English Summary:








English (US) ·