'അഭിനേതാക്കളുടെ പ്രതീക്ഷ തല്ലിക്കെടുത്തരുത്'; എന്തുകൊണ്ട് സഹനടി?, ജൂറി മറുപടി നൽകണമെന്ന് ഉർവശി

5 months ago 6

05 August 2025, 04:32 AM IST

urvashi

ഉർവശി | Photo: G.R Rahul | Mathrubhumi

ചെന്നൈ: തനിക്കും വിജയരാഘവനും സഹനടീനടൻമാർക്കുള്ള ദേശീയ പുരസ്കാരം നൽകിയ ജൂറിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഉർവശി. ‘ഞാനും കുട്ടേട്ടനും (വിജയരാഘവൻ) പ്രധാന കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. മികച്ച നടിക്കും നടനുമുള്ള പുരസ്കാരം നൽകാമായിരുന്ന ശക്തമായ കഥാപാത്രങ്ങളായിരുന്നു അവ. എന്നിട്ടും സഹനടനിലും സഹനടിയിലും ഒതുക്കി. ഇതിന് ജൂറി നിർബന്ധമായും വിശദീകരണം നൽകണമെന്ന് ഉർവശി ആവശ്യപ്പെട്ടു.

സിനിമയെക്കുറിച്ചു മാത്രമല്ല, അഭിനേതാക്കളുടെ കലാപാരമ്പര്യത്തെക്കുറിച്ചുകൂടി ജൂറിക്ക് വിവരമുണ്ടാകണം. പുരസ്കാരം നൽകിയതിനെക്കുറിച്ച് എനിക്ക് കേന്ദ്ര സർക്കാരിനോടല്ല ചോദിക്കാനുള്ളത്. ജൂറിയാണ് അതിന് ഉത്തരവാദികൾ. ഞങ്ങളെപ്പോലുള്ള അഭിനേതാക്കൾക്ക് രാജ്യം വർഷത്തിലൊരിക്കൽ നൽകുന്ന േപ്രാഗ്രസ് റിപ്പോർട്ടാണ് ദേശീയ പുരസ്കാരം. ഞങ്ങളുടെ കഴിവിനെ രാജ്യം അംഗീകരിച്ചു എന്നതിനുള്ള മുദ്രപ്പത്രമാണത്. പുരസ്കാരം ഒതുക്കുന്നത് അഭിനേതാക്കളുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്നതിന് തുല്യമാണ്. ഞാൻ സംസാരിക്കുന്നത് എനിക്കുവേണ്ടിയല്ല. എല്ലാ അഭിനേതാക്കൾക്കുംവേണ്ടിയാണ്. ഒരാൾക്കും ഭാവിയിൽ ഇതുണ്ടാകരുത്. എന്നെപ്പോലുള്ള ഒരു മുതിർന്ന നടി ഇതിനെ ചോദ്യംചെയ്തില്ലെങ്കിൽ, പ്രതികരിച്ചില്ലെങ്കിൽ ഇനി ഇവിടെ ആരുടേയും നാവ് പൊങ്ങാൻ പോകുന്നില്ലെന്നും ഉർവശി പറഞ്ഞു.

പുരസ്കാരങ്ങളെക്കാൾ വലുതാണ് പ്രേക്ഷകരുടെ അഭിപ്രായം. പുരസ്കാരത്തിനുവേണ്ടി ശുപാർശ ചെയ്യാനോ ഗിമ്മിക്കു കളിക്കാനോ ഒരിക്കലും ശ്രമിച്ചിട്ടില്ല. മറ്റു സിനിമകൾക്കു നൽകിയ പുരസ്കാരങ്ങളെക്കുറിച്ചു ചോദിച്ചപ്പോൾ ‘ആടു ജീവിതം’ തിരസ്കരിക്കപ്പെട്ടതിനെക്കുറിച്ചും ഉർവശി പ്രതികരിച്ചു. ആ സിനിമ തഴഞ്ഞതിനുപിന്നിൽ ചില കാരണങ്ങളുണ്ടെന്ന് അറിയാനായിട്ടുണ്ട്. പക്ഷേ, അതിന്റെ സംവിധായകൻ ബ്ലെസിയും സംഗീത സംവിധായകൻ എ.ആർ. റഹ്മാനും എന്തു തെറ്റുചെയ്തു. ഓസ്കർ വരെ നേടിയ സംഗീതജ്ഞനാണ് റഹ്മാൻ. ഒരു പരാമർശംപോലും നടത്താതെ അവരെ എത്ര പെട്ടെന്നാണ് ജൂറി പുറത്തുകളഞ്ഞതെന്നും ഉർവശി ചോദിച്ചു. വിഷയം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെടുത്താനോ പരാതിപ്പെടാനോ ഉദ്ദേശിക്കുന്നില്ല. നടൻ എന്ന നിലയിൽ ഇതേക്കുറിച്ച് മനസ്സിലാക്കി അദ്ദേഹം സ്വമേധയാ അന്വേഷിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉർവശി പറഞ്ഞു.

മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ദി കേരള സ്റ്റോറി കണ്ടിട്ടില്ല. ഇതിന്റെ സംവിധായകൻ സുദീപ്‌തോ സെന്നിന് മികച്ച സംവിധായകനുള്ള പുരസ്കാരം നൽകിയപ്പോൾ ഉള്ളൊഴുക്കു പോലെ ഒരു ഒരു മികച്ച കലാസൃഷ്ടി ഒരുക്കിയ ക്രിസ്റ്റി ടോമിയെ മികച്ച നവാഗത സംവിധായകനായിപ്പോലും പരിഗണിക്കാത്തതും ഉർവശി ചൂണ്ടിക്കാട്ടി. ‘പൂക്കാല’ത്തിൽ വിജയരാഘവനും ‘ഉള്ളൊഴുക്കി’ൽ ഉർവശിക്കുമാണ് ഇത്തവണ സഹനടീനടൻമാർക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.

Content Highlights: Urvashi slams National Film Awards assemblage for awarding her and Vijay Raghavan supporting histrion awards

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article