Published: August 01, 2026 07:26 PM IST
1 minute Read
മുംബൈ∙ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. റെഡ് ബോൾ ക്രിക്കറ്റിൽ 12 ഇന്നിങ്സുകൾ മാത്രം കളിച്ചിട്ടുള്ള വൈഭവിനെ പെട്ടെന്ന് നേതൃനിരയിലേക്കു കൊണ്ടുവരുന്നതിൽ സിലക്ടർമാർക്കെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയതിനെ ന്യായീകരിക്കുകയാണ് ഈസ്റ്റ് സോൺ സിലക്ഷൻ കമ്മിറ്റി അംഗം മനീഷ് വർധൻ. വൈഭവിന് ഉത്തരവാദിത്തങ്ങൾ നൽകി വളർത്തിയെടുക്കുകയാണു ലക്ഷ്യമിടുന്നതെന്ന് മനീഷ് വർധൻ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
What you should work next
‘‘ഞങ്ങൾ ഇപ്പോഴത്തെ കാര്യം മാത്രമല്ല ചിന്തിക്കുന്നത്. ഒരു വൈസ് ക്യാപ്റ്റന്, ക്യാപ്റ്റന്റെ പ്രവർത്തനങ്ങൾ വളരെ അടുത്തുനിന്നു വീക്ഷിക്കാൻ സാധിക്കും. ഒരു ടീമിനെ എങ്ങനെയാണു കൊണ്ടുപോകുന്നതെന്നു മനസ്സിലാകും. വൈഭവ് ടീമുമായി ബന്ധപ്പെട്ട് കൂടുതൽ പ്രവർത്തിക്കണമെന്നാണു ഞങ്ങളുടെ ആഗ്രഹം. കാരണം അത് അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് തീർച്ചയായും ഉപകരിക്കും. പ്രതിഭയുള്ള താരത്തിന് പക്വതയും മെച്ചപ്പെടുകയാണ്. വൈഭവിന് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുന്നത് ആ നീക്കത്തിന്റെ ഭാഗമാണ്.’’– വർധൻ പ്രതികരിച്ചു.
ഇഷാൻ കിഷൻ നയിക്കുന്ന ടീമിൽ സീനിയർ താരം അഭിമന്യു ഈശ്വരൻ ഉണ്ടായിട്ടും സിലക്ടർമാർ നേതൃനിരയിലേക്കു പരിഗണിച്ചിരുന്നില്ല. എന്നാൽ അഭിമന്യു ഈശ്വരന്റെ അത്ര അനുഭവ സമ്പത്ത് ഇല്ലാത്ത ഇഷാൻ ക്യാപ്റ്റനായുണ്ടാകുമ്പോൾ സീനിയർ താരം വൈസ് ക്യാപ്റ്റനാകുന്നത് ഉചിതമാകില്ലെന്നും വർധൻ വ്യക്തമാക്കി. ദുലീപ് ട്രോഫി പ്ലേ ഓഫ് മത്സരത്തിൽ നോര്‍ത്ത് ഈസ്റ്റ് സോണിനെതിരെയാണ് ഈസ്റ്റ് സോണിന്റെ ആദ്യ പോരാട്ടം.
What you should work next
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ വൈഭവിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. തുടർന്ന് സിംബാബ്‍വെയ്ക്കെതിരായ പരമ്പരയിൽ ഓപ്പണറായിറങ്ങിയ വൈഭവ് രണ്ട് അർധ സെഞ്ചറികളുമായി തകർപ്പൻ പ്രകടനം നടത്തി. അഭിമന്യു ഈശ്വരൻ, സുദീപ് കുമാർ ഗരാമി, വിരാട് സിങ്, സുരാജ് സിന്ധു ജയ്സ്വാൾ, സുബ്രാൻഷു സേനാപതി, ഡെനിഷ് ദാസ്, ശിഖർ മോഹൻ എന്നിവരാണ് ഈസ്റ്റ് സോൺ ടീമിലെ മറ്റു പ്രധാന ബാറ്റർമാർ.
ഈസ്റ്റ് സോണ്‍ സ്ക്വാഡ്– ഇഷാൻ കിഷൻ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി (വൈസ് ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ, സുദീപ് കുമാർ ഗരാമി, ഷഹബാസ് അഹമ്മദ്, സൂരജ് സിന്ധു ജയ്സ്വാൾ, മുഹമ്മദ് ഷമി, മുകേഷ് കുമാർ, കുമാര്‍ കുശാഗ്ര, ശിഖർ മോഹൻ, അനുകൂൽ റോയ്, വിരാട് സിങ്, സുബ്രാൻഷു സേനാപതി, ഡെനിഷ് ദാസ്, അഭിജിത് സർക്കാർ.
English Summary:
Vaibhav Suryavanshi Named Duleep Trophy Vice-Captain
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·