അഭിമന്യു പിന്നെയും ബെഞ്ചിൽ തന്നെ ! അരങ്ങേറ്റത്തിനുള്ള കാത്തിരിപ്പ് ഒക്ടോബർ വരെ നീളും

5 months ago 7

മനോരമ ലേഖകൻ

Published: August 01 , 2025 08:51 AM IST

1 minute Read

  • തുടർച്ചയായ രണ്ടാം ടെസ്റ്റ് പരമ്പരയിലും അഭിമന്യു ഈശ്വരന് അരങ്ങേറ്റത്തിന് അവസരമില്ല

അഭിമന്യു ഈശ്വരൻ
അഭിമന്യു ഈശ്വരൻ

ലണ്ടൻ ∙ അഞ്ചാം മത്സരത്തിനുള്ള ടീമിലും ഇടംകിട്ടാത്തതോടെ അഭിമന്യു ഈശ്വരന്റെ ടെസ്റ്റ് അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പ് ഒക്ടോബറിലേക്ക് നീളും. കഴിഞ്ഞവർഷം ബോർഡർ ഗാവസ്കർ ട്രോഫി പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെട്ട് ഓസ്ട്രേലിയയിലേക്ക് പോയെങ്കിലും ഒരു മത്സരത്തിൽപോലും പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.

6 മാസത്തിനുശേഷം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലും ഇടംപിടിച്ചെങ്കിലും പരമ്പരയിലെ തുടർച്ചയായ അഞ്ചാം മത്സരത്തിലും ബെഞ്ചിലിരിക്കാനാണ് ബംഗാൾ താരത്തിന്റെ വിധി. ഒക്ടോബറിൽ നാട്ടിൽ വെസ്റ്റിൻഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര.

2021 ജനുവരിയിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്ക്വാഡിൽ സ്റ്റാൻഡ് ബൈ ഓപ്പണറായി ഇടംപിടിച്ച അഭിമന്യു ടെസ്റ്റ് അരങ്ങേറ്റത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് 4 വർഷത്തിലേറെയായി. ഇതിനിടയിൽ 17 പേർ പുതുതായി ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറുകയും ചെയ്തു. 167 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 25 സെഞ്ചറിയുൾപ്പെടെ 7,404 റൺസ് നേടി പ്രതിഭ തെളിയിച്ചതോടെയാണ് അഭിമന്യുവിന് പലതവണ ഇന്ത്യൻ ടെസ്റ്റ് സ്ക്വാഡിലേക്കുള്ള വിളിയെത്തിയത്. 

അർഷ്‌ദീപും കാത്തിരിക്കണം46 ദിവസം ദൈർഘ്യമുള്ള ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മുഴുവൻ സമയവും ബെഞ്ചിലിരിക്കേണ്ടിവരുന്ന മറ്റു 2 താരങ്ങൾക്കൂടി ഇന്ത്യൻ ടീമിലുണ്ട്; അർഷ്‍ദീപ് സിങ്ങും കുൽദീപ് യാദവും. ടെസ്റ്റ് അരങ്ങേറ്റത്തിനായി കാത്തിരിക്കുന്ന അർഷ്‍ദീപ് സിങ് അ​ഞ്ചാം ടെസ്റ്റ് കളിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മാഞ്ചസ്റ്റർ ടെസ്റ്റിനു മുൻപ് കൈവിരലിനേറ്റ പരുക്ക് തിരിച്ചടിയായി. പരുക്ക് പൂർണമായും ഭേദമാകാത്ത അർഷ്‍ദീപിനു പകരം പ്രസിദ്ധ് കൃഷ്ണയ്ക്ക് നറുക്കുവീഴുകയായിരുന്നു. 

4 മത്സരങ്ങളിലും കരയ്ക്കിരുന്ന ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിനെ കളിപ്പിക്കണമെന്ന് മുൻകാല താരങ്ങൾ അടക്കം ആവശ്യപ്പെട്ടെങ്കിലും സ്പെഷലിസ്റ്റ് സ്പിന്നർക്കു പകരം എക്സ്ട്രാ ബാറ്റർ എന്ന ഓപ്ഷനുമായി ടീം മാനേജ്മെന്റ് ഇത്തവണയും മുന്നോട്ടുപോയി.

English Summary:

Abhimanyu Easwaran: The Unending Wait for a Test Debut successful Indian Cricket

Read Entire Article