അഭിഷേകിനെ ബിസിസിഐ പുറത്താക്കിയത് ശത്രുതാ മനോഭാവം വെച്ചെന്ന് റിപ്പോർട്ട്; ചേർത്തുപിടിച്ച് കൊൽക്കത്ത

9 months ago 7

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം സഹപരിശീലകൻ അഭിഷേക് നായരെ അടുത്തിടെയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പുറത്താക്കിയത്. ബോർഡർ-ഗാവസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്നാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നടപടി. എന്നാല്‍ ഇന്ത്യന്‍ ടീം അദ്ദേഹത്തോട് ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറിയതെന്നും അതിന്റെ പശ്ചാത്തലത്തിലാണ് സഹപരിശീലക സ്ഥാനം നഷ്ടമായതെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. ഐപിഎൽ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ബിസിസിഐ പുറത്താക്കിയതിന് പിന്നാലെ അഭിഷേക് നായര്‍ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ചേര്‍ന്നിരുന്നു.

മാനേജ്‌മെന്റ് അഭിഷേകിനോട് ശത്രുതാമനോഭാവം വെച്ച് പുലർത്തിയതിന്റെ ഫലമായാണ് അദ്ദേഹത്തിന് സഹപരിശീലകസ്ഥാനം നഷ്ടമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ അഭിഷേകിനെ പുറത്തിരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ഐപിഎല്‍ ഫ്രാഞ്ചൈസിയും സ്വീകരിച്ചു. അതേസമയം അഭിഷേക് നായരുടെ പ്രവർത്തനങ്ങളിൽ ​പരിശീലകൻ ​​ഗൗതം ഗംഭീർ തൃപ്തനായിരുന്നില്ലെന്നും അഭിഷേകിനെ പുറത്താക്കാനുള്ള ബിസിസിഐ യുടെ തീരുമാനത്തെ ​ഗംഭീർ എതിർത്തില്ലെന്നും നേരത്തേ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

മുഖ്യപരിശീലകസ്ഥാനത്തേക്ക് ഗൗതം ഗംഭീറെത്തിയപ്പോഴാണ് അഭിഷേക് നായരെ സഹപരിശീലകനായെത്തിച്ചത്. ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 2018-ലാണ് അഭിഷേക് കൊല്‍ക്കത്തയില്‍ ചേരുന്നത്. റിങ്കു സിങ് ഉള്‍പ്പെടെ ഒട്ടേറെ താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ അഭിഷേക് നിര്‍ണായകപങ്ക് വഹിച്ചിരുന്നു. 2024 ല്‍ കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടുമ്പോള്‍ അഭിഷേക് ടീമിന്റെ സഹപരിശീലകനായിരുന്നു. കൊൽക്കത്തയിൽ ഇരുവരും മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിലും ഇന്ത്യൻ ടീമിൽ അതിന് സാധിക്കാതെ വന്നതാണ് തിരിച്ചടിയായത്.

ഇന്ത്യയുടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് അഭിഷേകിനെ പുറത്താക്കിയതെന്നാണ് ബിസിസിഐയുടെ വിശദീകരണം. എന്നാല്‍, അഭിഷേക് നായരെ പുറത്താക്കാന്‍ ടീമിലെ ഒരു ഉന്നതന്‍ ഇടപെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ചുമതലയേറ്റ് എട്ടുമാസമാകുമ്പോഴാണ് അഭിഷേക് പുറത്താകുന്നത്. അഭിഷേകിനൊപ്പം ഫീല്‍ഡിങ് പരിശീലകന്‍ ടി. ദിലീപ്, ട്രെയിനര്‍ സോഹം ദേശായി എന്നിവരും ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തില്‍നിന്ന് പുറത്തായിരുന്നു. ടീം ഇന്ത്യയുടെ പരിശീലക സംഘത്തില്‍ ഗൗതം ഗംഭീര്‍, റയാന്‍ ടെന്‍ ഡോഷേറ്റ്, മോണ്‍ മോര്‍ക്കല്‍ എന്നിവര്‍ മാത്രമാണ് അവശേഷിക്കുന്നത്. ഈ മൂന്നുപേരെ കൂടാതെ, ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന സിതാന്‍ഷു കൊട്ടക് ഇപ്പോഴും ദേശീയ ടീമിനൊപ്പമുണ്ട്.

Content Highlights: abhishek nayar sacked successful a hostile mode report

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article