Published: August 07, 2025 10:49 AM IST
2 minute Read
-
ഓപ്പണിങ് ബാറ്ററുടെ റോളിൽ കടുത്ത മത്സരം
-
സാധ്യതാ പട്ടികയിൽ സഞ്ജുവും
ത്രില്ലർ പോരാട്ടങ്ങളിലൂടെ ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിച്ച ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ആവേശം കെട്ടടങ്ങും മുൻപേ ഏഷ്യാ കപ്പിനുള്ള ഒരുക്കങ്ങൾ ടീം ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. ഇത്തവണ ട്വന്റി20 ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിന് സെപ്റ്റംബർ 9ന് യുഎഇയിൽ കൊടിയേറുമ്പോൾ ഏറ്റവും മികച്ച ടീമിനെ തന്നെ കളത്തിലിറക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. ടീം പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്നിരിക്കെ, ഓപ്പണർമാരുടെ സ്ലോട്ടിലേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിൽ തുടങ്ങി മലയാളി താരം സഞ്ജു സാംസൺ വരെയുള്ളവർ ഏഷ്യാ കപ്പ് ടീമിലെ ഓപ്പണറുടെ സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുന്നു.
പ്രതീക്ഷയോടെ സഞ്ജു
ഈ വർഷം ആദ്യം ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ അവസാനമായി ഒരു ട്വന്റി20 മത്സരം കളിച്ചത്. അന്ന് സഞ്ജു സാംസൺ– അഭിഷേക് ശർമ ജോടിയാണ് ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തത്. 41, 15, 16, 12, 21 എന്നിങ്ങനെയായിരുന്നു പരമ്പരയിൽ ഇന്ത്യൻ ഓപ്പണിങ് ജോടിയുടെ പ്രകടനം. 5 മത്സരങ്ങളിലും ഒരു തവണ പോലും 50 റൺസിനു മുകളിൽ കൂട്ടുകെട്ടുണ്ടാക്കാൻ ഇരുവർക്കും സാധിച്ചില്ലെങ്കിലും ഈ ജോടിക്ക് ഒരു തവണ കൂടി അവസരം നൽകാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചാൽ ഏഷ്യാ കപ്പിലും സഞ്ജു– അഭിഷേക് സഖ്യം തുടർന്നേക്കും.
അടിപൊളി അഭിഷേക്
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ ഒരു സെഞ്ചറിയും ഒരു അർധ സെഞ്ചറിയുമടക്കം 55.80 ശരാശരിയിൽ 279 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയത്. സ്ട്രൈക്ക് റേറ്റ് 200നു മുകളിലും. ഐപിഎലിലും ഈ ഫോം തുടർന്ന ഇരുപത്തിയഞ്ചുകാരൻ താരം നിലവിൽ ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ്. പവർപ്ലേ ഓവറുകളിൽ അടിച്ചുതകർക്കാനുള്ള കഴിവാണ് അഭിഷേകിനെ അപകടകാരിയാക്കുന്നത്. നിലവിലെ ഫോം പരിഗണിക്കുമ്പോൾ ഓപ്പണിങ്ങിൽ ഒരു എൻഡിൽ അഭിഷേക് തുടരാനാണ് സാധ്യത.
വീണ്ടും ഗിൽ
ടെസ്റ്റ് ക്രിക്കറ്റിൽ മിന്നും ഫോമിലുള്ള ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ട്വന്റി20 ഫോർമാറ്റിലേക്കു മടങ്ങിവരുമോ എന്ന കൗതുകത്തിലാണ് ആരാധകർ. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഗിൽ അവസാനമായി രാജ്യാന്തര ട്വന്റി20 മത്സരം കളിച്ചത്. പിന്നാലെ ഏകദിന, ടെസ്റ്റ് ടീമുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച താരം ഈ വർഷം ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻസിയും ഏറ്റെടുത്തു. കഴിഞ്ഞ ഐപിഎലിൽ മികച്ച ഫോമിൽ ബാറ്റ് ചെയ്ത ഗിൽ 15 മത്സരങ്ങളിൽ നിന്ന് അടിച്ചെടുത്തത് 650 റൺസാണ്. ഈ ഫോം പരിഗണിച്ച് ഗില്ലിനെ ഏഷ്യാ കപ്പ് ടീമിൽ ഉൾപ്പെടുത്താൻ സിലക്ടർമാർ ആലോചിക്കുന്നുണ്ട്. എന്നാൽ ഒക്ടോബർ ആദ്യവാരം ഇന്ത്യ–വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പര ആരംഭിക്കും. ഈ സാഹചര്യത്തിൽ ഏഷ്യാ കപ്പിൽ ഗില്ലിന് വിശ്രമം അനുവദിക്കണമെന്നും ആവശ്യമുണ്ട്.
വരുമോ ജയ്സ്വാൾ
ഒരുകാലത്ത് ഇന്ത്യയുടെ ഓൾ ഫോർമാറ്റ് ഓപ്പണറായി മാറുമെന്നു കരുതപ്പെട്ട യശസ്വി ജയ്സ്വാൾ നിലവിൽ ടെസ്റ്റ് മത്സരങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗില്ലിനെപ്പോലെ കഴിഞ്ഞ വർഷം ജൂലൈയ്ക്കു ശേഷം ജയ്സ്വാളും രാജ്യാന്തര ട്വന്റി20 കളിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ ഐപിഎലിൽ 160 സ്ട്രൈക്ക് റേറ്റിൽ 559 റൺസ് അടിച്ചെടുത്ത ജയ്സ്വാൾ തന്റെ ട്വന്റി20 മികവ് നഷ്ടപ്പെട്ടിട്ടില്ലെന്നു തെളിയിച്ചു. പക്ഷേ, നിലവിൽ ഇടംകൈ ഓപ്പണറായി അഭിഷേക് ശർമ മികച്ച പ്രകടനം നടത്തുന്നതിനാൽ ട്വന്റി20 ടീമിലേക്ക് ജയ്സ്വാളിന് തിരിച്ചുവരവ് പ്രയാസമാണ്.
സായ് സൂപ്പർ
വെടിക്കെട്ടു ബാറ്റർമാർ കൊടികെട്ടി വാഴുന്ന ഐപിഎലിൽ, കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് ക്ലാസിക് ഷോട്ടുകളെ മാത്രം ആശ്രയിക്കുന്ന സായ് സുദർശനായിരുന്നു. 156 സ്ട്രൈക്ക് റേറ്റിൽ 759 റൺസാണ് സായ് കഴിഞ്ഞ സീസണിൽ നേടിയത്. ഈ മികവ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കും തമിഴ്നാട് താരത്തിന് വഴിതുറന്നു. അറ്റാക്കിങ് ബാറ്റർ അല്ലെങ്കിലും സ്ഥിരതയുടെ കാര്യത്തിൽ സായിയെ വെല്ലാൻ മറ്റൊരു യുവതാരം നിലവിൽ ഇന്ത്യയിൽ ഇല്ലെന്നു തന്നെ പറയാം. അപ്പോഴും ഇടംകൈ ഓപ്പണറായി അഭിഷേക് ടീമിലുള്ളത് ഇടംകൈ ബാറ്ററായ സായിയുടെ സാധ്യതകൾക്ക് മങ്ങലേൽപിക്കുന്നു.
English Summary:








English (US) ·