അഭിഷേകും സഞ്ജുവും ചേർന്ന മിന്നൽ തുടക്കം, 1000 റൺസ് പിന്നിട്ട് മലയാളി താരം, ഗംഭീര വിജയവും പരമ്പരയും; ട്വന്റി20 ലോകകപ്പിന് ഇന്ത്യ സജ്ജം

1 month ago 2

മനോരമ ലേഖകൻ

Published: December 20, 2025 10:55 AM IST

2 minute Read

  • അഞ്ചാം ട്വന്റി20യിൽ 30 റൺസ് ജയം; ഇന്ത്യയ്ക്ക് പരമ്പര (3–1)

  • തിലകിനും (73) ഹാർദിക്കിനും (63) അർധ സെഞ്ചറി

അർധ സെഞ്ചറി നേടിയ ഹാർദിക് പാണ്ഡ്യ (ഇടത്) തിലക് വർമയ്ക്കൊപ്പം അഹ്ലാദത്തിൽ. തിലകും അർധ സെഞ്ചറി നേടി.
അർധ സെഞ്ചറി നേടിയ ഹാർദിക് പാണ്ഡ്യ (ഇടത്) തിലക് വർമയ്ക്കൊപ്പം അഹ്ലാദത്തിൽ. തിലകും അർധ സെഞ്ചറി നേടി.

അഹമ്മദാബാദ് ∙ ട്വന്റി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന്റെ തലേദിവസം വ്യക്തിഗത പരീക്ഷകളിലും ടീം പരീക്ഷണത്തിലും ഇന്ത്യ ജയിച്ചു!. അഹമ്മദാബാദിൽ അ​ഞ്ചാം ട്വന്റി20യിൽ 30 റൺസ് ജയത്തോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യ സ്വന്തമാക്കി (3–1). ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 231 റൺസിന്റെ കൂറ്റൻ സ്കോറുയർത്തിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി 8 വിക്കറ്റ് നഷ്ടത്തിൽ 201 റൺസിൽ അവസാനിച്ചു. തിലക് വർമയും (42 പന്തിൽ 73) ഹാർദിക് പാണ്ഡ്യയും (25 പന്തിൽ 63) വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ടീമിലെ സ്ഥാനം സുരക്ഷിതമാക്കിയപ്പോൾ 4 വിക്കറ്റുമായി സ്പിന്നർ വരുൺ ചക്രവർത്തിയും തിളങ്ങി. പരുക്കേറ്റ ശുഭ്മൻ ഗില്ലിന് പകരം സഞ്ജു സാംസണിനെ ഓപ്പണറായി ഇറക്കിയ പരീക്ഷണവും വിജയമായി. സ്കോർ: ഇന്ത്യ– 20 ഓവറിൽ 5ന് 231. ദക്ഷിണാഫ്രിക്ക– 20 ഓവറിൽ 8ന് 201.

ഹാർദിക്കാണ് പ്ലെയർ ഓഫ് ദ് മാച്ച്. വരുൺ ചക്രവർത്തിയാണ് പരമ്പരയിലെ താരം. ട്വന്റി20യിൽ ഇന്ത്യയുടെ തുടർച്ചയായ എട്ടാം പരമ്പര വിജയമാണിത്. ഇന്ത്യൻ ബോളിങ്ങിലെ പിഴവുകൾ തുറന്നു കാട്ടിയശേഷമാണ് ദക്ഷിണാഫ്രിക്ക തോൽവി സമ്മതിച്ചത്. തുടക്കം മുതൽ ആഞ്ഞടിച്ച ഓപ്പണർ ക്വിന്റൻ ഡികോക് (35 പന്തിൽ 65) ഇന്ത്യൻ ബോളർമാരുടെ ആത്മവിശ്വാസം തകർത്തു. പവർപ്ലേയിൽ പേസർ അർഷ്‍ദീപ് സിങ്ങിന്റെ 2 ഓവറുകളിൽ 35 റൺസ് നേടിയ ദക്ഷിണാഫ്രിക്കയുടെ ടീം സ്കോർ 21 പന്തിൽ 50 പിന്നിട്ടു. ഏഴാം ഓവറിൽ സഹ ഓപ്പണർ റീസ ഹെൻഡ്രിക്സിനെ (13) വരുൺ ചക്രവർത്തി പുറത്താക്കിയെങ്കിലും ഡെയ്‌വാൾഡ് ബ്രെവിസിനെ (17 പന്തിൽ 31) കൂട്ടുപിടിച്ച് ഡികോക് ആക്രമണം തുടർന്നു. എന്നാൽ 11–ാം ഓവറിൽ ഡികോക്കിനെ റിട്ടേൺ ക്യാച്ചിലൂടെ ബുമ്ര പുറത്താക്കിയത് വഴിത്തിരിവായി. 15 റൺസിനിടെ 4 വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബോളർമാർ ദക്ഷിണാഫ്രിക്കയെ 5ന് 135 എന്ന നിലയിലേക്ക് തള്ളിയിട്ടു. 

മിന്നൽ ഹാർദിക് !പരമ്പരയിലാദ്യമായി പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ച സഞ്ജു, അഭിഷേക് ശർമയ്ക്കൊപ്പം ചേർന്ന് ഇന്ത്യയ്ക്ക് നൽകിയത് മിന്നൽ തുടക്കം. 34 പന്തിൽ 63 റൺസ് നേടിയ ഓപ്പണിങ് കൂട്ടുകെട്ടിനുശേഷം ആറാം ഓവറിൽ അഭിഷേക് (21 പന്തിൽ 34) പുറത്തായി. 4 ഫോറും 2 സിക്സുമായി കരുത്തു കാട്ടിയെങ്കിലും പത്താം ഓവറിൽ ദക്ഷിണാഫ്രിക്കൻ സ്പിന്നർ ജോർജ് ലിൻഡെയുടെ പന്തിൽ സഞ്ജു ബോൾഡായി. നിരാശയുടെ പതിവ് തെറ്റിക്കാതെ സിംഗിൾ ഡിജിറ്റ് സ്കോറിൽ സൂര്യകുമാർ യാദവും (5) തിരിച്ചുകയറിയതോടെ ഇന്ത്യയുടെ വെടിക്കെട്ടിന് ശമനമായെന്ന് ദക്ഷിണാഫ്രിക്കൻ ബോളർമാർ കരുതി. എന്നാൽ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി തുടങ്ങിയ ഹാർദിക് പാണ്ഡ്യ, തിലക് വർമയ്ക്കൊപ്പം ചേ‍ർന്നതോടെ ഇന്ത്യൻ സ്കോർ റോക്കറ്റ് വേഗത്തിൽ കുതിച്ചുയർന്നു. വെറും 44 പന്തിൽ 105 റൺസ് നേടിയ ഇവരുടെ ഇടിവെട്ട് കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ 231ൽ എത്തിച്ചത്. ട്വന്റി20യിലെ വേഗമേറിയ രണ്ടാമത്തെ ഇന്ത്യൻ അർധ സെഞ്ചറിയാണ് (16 പന്തുകൾ) ഹാർദിക് ഇന്നലെ കുറിച്ചത്. 

സഞ്ജുവിന് 1000രാജ്യാന്തര ട്വന്റി20യിൽ 1000 റൺസെന്ന നാഴികക്കല്ല് പിന്നിട്ട് സഞ്ജു സാംസൺ. ഈ നേട്ടം കൈവരിക്കുന്ന 14–ാമത്തെ ഇന്ത്യൻ താരമാണ്. 679 പന്തുകളിൽ 1000 റൺസ് നേടിയ സഞ്ജു കുറഞ്ഞ പന്തുകളിൽ 1000 റൺസ് നേടിയ ഇന്ത്യക്കാരിൽ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം മൂന്നാമതാണ്. അഭിഷേക് ശർമ (528), സൂര്യകുമാർ യാദവ് (573) എന്നിവർ മാത്രമാണ് മുന്നിൽ.

English Summary:

India T20 bid triumph against South Africa was secured with a ascendant show successful the 5th T20. India's triumph was fueled by explosive batting from Tilak Varma and Hardik Pandya and a beardown bowling show led by Varun Chakravarthy.

Read Entire Article