അഭിഷേക് ‘ഗോൾഡൻ ഡക്ക്’, അതിവേഗം മടങ്ങി ശ്രേയസ്; തിലകിന്റെയും പരാഗിന്റെയും അർധസെഞ്ചറികളും ഇന്ത്യയെ രക്ഷിച്ചില്ല

3 months ago 5

മനോരമ ലേഖകൻ

Published: October 04, 2025 09:47 AM IST

1 minute Read

തിലക് വർമ ബാറ്റിങ്ങിനിടെ
തിലക് വർമ ബാറ്റിങ്ങിനിടെ

കാന്‍പുർ∙ ഓപ്പണർമാർ നിരാശപ്പെടുത്തിയ മത്സരത്തിൽ അർധ സെഞ്ചറിയുമായി തിളങ്ങിയ തിലക് വർമയുടേയും റിയാൻ പരാഗിന്റെയും ചെറുത്തുനിൽപും ഇന്ത്യ എയെ വിജയത്തിലെത്തിച്ചില്ല. രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയ എ ടീമിന് ഒൻപതു വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 45.5 ഓവറിൽ 246 റണ്‍സെടുത്തു. മഴകാരണം ഡിഎൽഎസ് നിയമപ്രകാരം വിജയലക്ഷ്യം 25 ഓവറിൽ 160 ആക്കി വെട്ടിക്കുറച്ച മത്സരത്തിൽ 16.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ എ ടീം വിജയത്തിലെത്തി.

വിജയത്തോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ ഓസ്ട്രേലിയ ഇന്ത്യയ്ക്കൊപ്പമെത്തി. ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. ടോസ് നേടിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. മത്സരത്തിലെ ആദ്യ പന്തിൽ അഭിഷേക് ശർമ ഗോൾഡൻ ഡക്കായി മടങ്ങി. പിന്നാലെ പ്രബ്സിമ്രൻ സിങ്ങും (ഒന്ന്), ക്യാപ്റ്റൻ ശ്രേയസ് അയ്യരും (എട്ട്) പുറത്തായത് ഇന്ത്യയെ സമ്മർദത്തിലാക്കി. തിലക് വർമയും റിയാൻ പരാഗും ചേർന്നതോടെയാണ് ഇന്ത്യ സ്കോർ ഉയർത്തിയത്. 122 പന്തുകൾ നേരിട്ട തിലക് വർമ 94 റൺസടിച്ചു പുറത്തായി. 54 പന്തുകളിൽനിന്ന് പരാഗ് 58 റൺസെടുത്തു. രവി ബിഷ്ണോയി (30 പന്തിൽ 26), ഹർഷിത് റാണ (13 പന്തിൽ 21) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ.

മഴ പെയ്തതോടെ മത്സരത്തിലെ ഓവറുകൾ വെട്ടിച്ചുരുക്കാൻ തീരുമാനിക്കുകയായിരുന്നു. മുൻനിര ബാറ്റർമാർ മികച്ച തുടക്കം നൽകിയതോടെ മറുപടി ബാറ്റിങ്ങിൽ ഓസീസ് അനായാസം വിജയത്തിലെത്തി. ഓപ്പണർ മക്കെൻസി ഹാർവിയും (49 പന്തിൽ 70), കൂപ്പര്‍ കോണോലിയും (31 പന്തിൽ 50) പുറത്താകാതെ നിന്നു. 20 പന്തിൽ 36 റൺസെടുത്ത ജേക് ഫ്രേസർ മഗ്രുകും തിളങ്ങി. ഇന്ത്യൻ ബോളർമാർ തിളങ്ങാതെ പോയതോടെ 50 പന്തുകൾ ബാക്കിനിൽക്കെ ഓസ്ട്രേലിയ വിജയറൺസ് കുറിച്ചു.

English Summary:

Australia A bushed India A successful 2nd ODI

Read Entire Article