Published: November 28, 2025 05:40 PM IST Updated: November 28, 2025 11:31 PM IST
1 minute Read
ന്യൂഡൽഹി ∙ വനിതാ പ്രീമിയർ ലീഗ് ലേലത്തിൽ ഒരുപിടി താരങ്ങളാണ് കോടിക്കിലുക്കവുമായി ശ്രദ്ധനേടിയത്. വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിനു ചുക്കാൻ പിടിച്ച ഓൾറൗണ്ടർ ദീപ്തി ശർമയ്ക്കാണ് ലേലത്തിൽ പൊന്നുംവില ലഭിച്ചത്. ന്യൂഡൽഹിയിൽ നടന്ന താരലേലത്തിൽ 3.2 കോടി രൂപയ്ക്കാണ് യുപി വോറിയേഴ്സ് ഇരുപത്തെട്ടുകാരി ദീപ്തിയെ ടീമിൽ തിരിച്ചെത്തിച്ചത്. വനിതാ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഉയർന്ന രണ്ടാമത്തെ പ്രതിഫലം കൂടിയാണിത്. മുൻ സീസണുകളിൽ ടീമിന്റെ ക്യാപ്റ്റനായിരുന്ന ദീപ്തിയെ ഇത്തവണ ലേലത്തിന് മുൻപ് യുപി ടീം റിലീസ് ചെയ്തിരുന്നു.
2.4 കോടി രൂപയ്ക്ക് യുപി വോറിയേഴ്സ് ടീമിലെത്തിയ വെറ്ററൻ താരം ശിഖ പാണ്ഡെയാണ് ലേലത്തിൽ അപ്രതീക്ഷിത പ്രതിഫലം നേടിയ താരം. മുപ്പത്താറുകാരിയായ പേസ് ബോളർ 2023ലാണ് അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്. ലേലത്തിലെ ഉയർന്ന മൂന്നാമത്തെ പ്രതിഫലം ശിഖയുടേതാണ്. മലയാളി താരം ആശ ശോഭനയെ 1. 1 കോടി രൂപ മുടക്കി ടീമിലെത്തിച്ചതും യുപിയാണ്.
ഇങ്ങനെ കോടികൾ നൽകി വനിതാ താരങ്ങളെ ടീമിലെത്തിച്ച യുപി ടീമിന്റെ അമരത്തും ഒരു വനിതയുണ്ട്. താരലേലത്തിൽ യുപി വോറിയേഴ്സിനായി ഹെഡ് കോച്ച് അഭിഷേക് നായർക്കൊപ്പമിരുന്ന വാശിയോടെ ലേലം വിളിച്ച ജിനിഷ ശർമ. ലേലത്തിൽ ഏറ്റവും കൂടുതൽ തുക മുടക്കിയ യുപിയുടെ വട്ടമേശ ചർച്ചകളിൽ ജിനിഷയുടെ സാന്നിധ്യം ശ്രദ്ധേയമായി.
യുപി വോറിയേഴ്സിന്റെ ഉടമകളായ കാപ്രി ഗ്ലോബൽ കമ്പനിയുടെ സ്‌പോർട്‌സ് വിഭാഗം ഡയറക്ടറാണ് 28 വയസ്സുകാരിയായ ജിനിഷ ശർമ. കമ്പനി ഉടമ രാജേഷ് ശർമയുടെ മകൾ. 2023ലാണ് ഫ്രാഞ്ചൈസിയെ കാപ്രി ഗ്ലോബൽ സ്വന്തമാക്കിയത്. 757 കോടിക്കാണ് കമ്പനി ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശം നേടിയത്.
1998ൽ മുംബൈയിൽ ജനിച്ച ജിനിഷ, ഇംഗ്ലണ്ടിലെ എക്സെറ്റർ സർവകലാശാലയിലാണ് പഠിച്ചത്. സാമ്പത്തികശാസ്ത്രത്തിലാണ് ബിരുദം. ഇന്ത്യയിലേക്ക് വരുന്നതിനു മുൻപ് മാസ്റ്റേഴ്സും പൂർത്തിയാക്കി. കാപ്രി ഗ്ലോബൽ(ഫിനാൻഷ്യൽ സർവീസസ്) വിഭാഗത്തിലാണ് ജിനിഷ ആദ്യം ജോലിയിൽ പ്രവേശിച്ചത്. പിന്നീട് സ്പോർട്സ് വിഭാഗത്തിലേക്കു മാറുകയായിരുന്നു. 2024 ഡിസംബറിലാണ് ജിനിഷ വിവാഹിതയായത്. ഭർത്താവ് ഋഷഭ് സാംഗി.
English Summary:








English (US) ·