Published: October 12, 2025 09:47 PM IST
1 minute Read
കറാച്ചി∙ ഏഷ്യാകപ്പില്‍ ഫൈനലുൾപ്പടെ തുടർച്ചയായി മൂന്നു വട്ടവും ഇന്ത്യ തകർത്തുവിട്ടെങ്കിലും പാക്ക് താരങ്ങളുടെ വെല്ലുവിളിക്ക് ഒരു കുറവുമില്ല. ഏഷ്യാകപ്പിൽ ഇന്ത്യൻ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത ഓപ്പണർ അഭിഷേക് ശർമയെ അതിവേഗം പുറത്താക്കാൻ സാധിക്കുമെന്നാണ് പാക്ക് പേസർ ഇഹ്സാനുല്ലയുടെ വെല്ലുവിളി. അഭിഷേക് ശർമയെ പുറത്താക്കാൻ തനിക്ക് ആറു പന്തുകൾ പോലും വേണ്ടെന്ന് ഇഹ്സാനുല്ല അവകാശപ്പെട്ടു.
ഇന്ത്യയ്ക്കെതിരെ തന്നെ കളിപ്പിക്കുകയാണെങ്കിൽ അഭിഷേകിനെ മൂന്നു മുതൽ ആറു പന്തുകൾക്കുള്ളിൽ എറിഞ്ഞു പുറത്താക്കുമെന്നാണ് ഇഹ്സാനുല്ലയുടെ വെല്ലുവിളി. ഇഹ്സാനുല്ലയുടെ വെല്ലുവിളിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വ്യാപകമായ പരിഹാസമാണു താരത്തിനെതിരെ ഉയരുന്നത്. ഏഷ്യാകപ്പിലെ ഏഴു മത്സരങ്ങളിൽ 200 സ്ട്രൈക്ക് റേറ്റിൽ 314 റൺസടിച്ച അഭിഷേക് ശർമ മികച്ച ഫോമിലാണ്. ഇന്ത്യയുടെ കിരീട നേട്ടത്തിലും അഭിഷേകിന്റെ ഫോം നിർണായകമായി.
2023ലെ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ 152.65 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞാണ് ഇഹ്സാനുല്ല ആദ്യം ശ്രദ്ധ നേടുന്നത്. പാക്കിസ്ഥാൻ ദേശീയ ടീമിൽ ഇടം ലഭിച്ചെങ്കിലും വൈകാതെ പരുക്കേറ്റു പുറത്തായി. ‘‘140 വേഗതയുള്ള എന്റെ പന്തുകൾ അഭിഷേകിന് 160 ആയി തോന്നാം. പന്തുകളെ മനസ്സിലാക്കാൻ പോലും അഭിഷേകിന് സാധിക്കില്ല. ഇടം കൈ ബാറ്റർമാർക്കെതിരെ ഞാൻ ഇൻസ്വിങ്ങറുകൾ എറിയും. അഭിഷേക് ശർമ ഇത്തരം പന്തുകൾക്കെതിരെ ബുദ്ധിമുട്ടുകയാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കാൻ സാധിക്കുമെന്നു ഞാൻ പറയുന്നത്.’’– ഇഹ്സാനുല്ല വ്യക്തമാക്കി. പാക്കിസ്ഥാനു വേണ്ടി അഞ്ച് മത്സരങ്ങൾ കളിച്ചിട്ടുള്ള താരം ആറു വിക്കറ്റുകൾ നേടിയിട്ടുണ്ട്.
English Summary:








English (US) ·