പുതിയ വിലാസത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ പുതിയ ഉദയം തേടുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പടയൊരുക്കം ചെന്നൈ മഹാബലിപുരം തീരത്തെ അക്കാദമിയിൽ പുരോഗമിക്കുമ്പോൾ പുതിയ താരങ്ങളുടെ മാറ്റും തിളക്കവും ഉരച്ചെടുക്കുകയാണ് ആരാധകരും എതിരാളികളും. ഉടമസ്ഥാവകാശം കൈമാറുന്നതിലുണ്ടായ താമസം ബ്ലാസ്റ്റേഴ്സിന്റെ വരവ് വൈകുന്നതിന് ഇടയാക്കിയെങ്കിലും താരവാങ്ങലുകളുടെ കാര്യത്തിൽ ഒരു പോറലും ഏൽപ്പിച്ചില്ലെന്നു തെളിയിക്കുന്നുണ്ട് ലൈനപ്പ്. ഇന്ത്യൻ താരനിരയുടെ കാര്യത്തിലാണു ചിത്രം ഇതിനകം വ്യക്തമായി തെളിയുന്നത്. വിദേശതാരക്കൂട്ടത്തിൽ അഡ്രിയൻ ലൂണയെ മാത്രം നിലനിർത്തിയ ബ്ലാസ്റ്റേഴ്സ് മുന്നിലും പിന്നിലുമായി പുതിയ മുഖങ്ങളെ കണ്ടെത്തിക്കഴിഞ്ഞു. വീസ സംബന്ധമായ നടപടികൾ പൂർത്തിയാക്കി ഇവരും ഇന്ത്യയിലെത്തുന്നതോടെ മാത്രമേ ഇംഗ്ലിഷ് പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡ് അമരത്തുള്ള പ്രീസീസൺ പൂർണതയിലെത്തൂ.
What you should work next
∙ കരുത്തേറ്റി ഇന്ത്യൻ വിങ്
ഇന്ത്യൻ താരനിരയിലെ കൂട്ടിച്ചേർക്കലുകൾ പൂർത്തിയായതോടെ കരുത്തുറ്റ നിലയിലാണു ബ്ലാസ്റ്റേഴ്സിന്റെ സ്വദേശി ലൈനപ്പ്. ബ്ലാസ്റ്റേഴ്സിന്റെ മലയാളി മുഖങ്ങളായിരുന്ന ഗോളി സച്ചിൻ സുരേഷും വിങ്ങർ നിഹാൽ സുധീഷും സ്ട്രൈക്കർ മുഹമ്മദ് അജ്‌സലും മുഹമ്മദ് സഹീഫും മധ്യനിരയിലെ ഡാനിഷ് ഫാറൂഖും റൗളിൻ ബോർജസും ഒഴികെയുള്ള മുൻസീസണിലെ പ്രമുഖ താരങ്ങളെയെല്ലാം നിലനിർത്തിയ ക്ലബ് പുതിയ ഏഴു താരങ്ങളെയാണ് ഇത്തവണ ട്രാൻസ്ഫറിലൂടെ ടീമിലെത്തിച്ചത്. പ്രതിരോധത്തിൽ സന്ദീപ് സിങ്, ബികാശ് യുമ്നം, ഹോർമിപാം റൂയ്‌വ, നവോച സിങ്, ഐബാൻഭ ദോഹ്‌ലിങ്, സുമിത് ശർമ, രാകേഷ് മീതേയ് എന്നിവർ തുടരുമ്പോൾ മുൻ സീസണിൽ മോഹൻ ബഗാനു വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിച്ച അമേയ് രണവദെ തിരിച്ചെത്തുകയും ചെയ്തു. റിസർവ് നിരയിൽ നിന്നു ജഗ്‌നാഥ് ജയനും (പ്രതിരോധം) ഫ്രെഡ്ഡി കീമയും (ആക്രമണം) സീനിയർ ടീമിന്റെ ഭാഗമായിട്ടുണ്ട്. കഴിഞ്ഞ സീസണിൽ തിളങ്ങിയ അർഷ് അൻവർ ഷെയ്ഖും അൽസാബിത്തും ഗോൾ കീപ്പർമാരായി തുടരുന്ന ടീമിൽ മധ്യനിരയിലും വലിയ മാറ്റങ്ങളില്ല. മലയാളി താരങ്ങളായ വിബിൻ മോഹനനും കഴിഞ്ഞ സീസണിന്റെ കണ്ടെത്തലുകളിലൊന്നായ എബിൻദാസ് യേശുദാസനും ഫ്രെഡ്ഡിയും അമാവിയയുമാണ് മധ്യനിരയിലെ തുടർച്ചക്കാർ. മുന്നേറ്റത്തിൽ കോറോ സിങ്ങും മലയാളി താരം ശ്രീക്കുട്ടനുമാണ് മുൻ സീസണിലെ മുഖങ്ങളായി ടീമിലുള്ളത്.
കഴിഞ്ഞ ഐഎസ്എൽ സീസണോടെ പ്രവർത്തനം അവസാനിപ്പിച്ച ജംഷഡ്പുർ എഫ്സിയുടെ ഭാഗമായിരുന്ന മലയാളി വിങ്ങർ മുഹമ്മദ് സനാൻ ഉൾപ്പെടെ ഏഴു താരങ്ങളെയാണു പുതിയ സീസണിനു മുന്നോടിയായി ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. ഒഡീഷ എഫ്സിയിൽ നിന്നു ഗോൾകീപ്പർ അമരിന്ദർ സിങ്, എഫ്സി ഗോവയുടെ മിഡ്ഫീൽഡർ സാഹിൽ ടവോറ, വിങ്ങർ മുഹമ്മദ് യാസിർ, എസ്‌സി ഡൽഹിയുടെ ഫോർവേഡ് ചുംഗ ഹ്‌മർ, ഡയമണ്ട് ഹാർബർ എഫ്സിയുടെ മിഡ്ഫീൽഡർ പോൾ ഹ്മർ, ചാൻമാരി എഫ്സിയുടെ മിഡ്ഫീൽഡർ ജോയൽ മാവിയ എന്നിവരാണ് ഇന്ത്യൻ നിരയിലെ പുത്തൻ താരങ്ങൾ. ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ ഇനിയും ഐഎസ്എലിൽ അരങ്ങേറ്റം കുറിക്കാത്ത അമേയ് രണവദെ കൂടി ചേരുമ്പോൾ ഈ സീസണിലെ ഇന്ത്യൻ നവാഗതരുടെ എണ്ണം എട്ടാകും. ഒന്നിലേറെ പൊസിഷനുകളിൽ നിയോഗിക്കാനാകുന്ന താരങ്ങളെയാണ് ഇംഗ്ലിഷ് പരിശീലകൻ വെസ്റ്റ്‌വുഡ് ഇത്തവണ മഞ്ഞപ്പടയിലെത്തിച്ചിട്ടുള്ളത്.
What you should work next
∙ പുത്തൻ വരവിൽ കരുത്തർ
മൂന്നു വർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്ന മുഹമ്മദ് സനാനാണു പുതിയ താരങ്ങളിൽ ആരാധകർ ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന മുഖം. ബ്രസീലും യുറഗ്വായും പോലുള്ള ബ്രഹ്മാണ്ഡ ടീമുകൾക്കെതിരെ കളിച്ച ഇന്ത്യൻ ടീമിലെ അംഗമാണ് മുഹമ്മദ് സനാൻ. ഇന്ത്യൻ ഫുട്ബോളിന്റെ അടുത്ത കണ്ടെത്തലുകളിലൊന്ന് എന്നു വിശേഷിപ്പിക്കാവുന്ന മുതലാണ് ഈ മലപ്പുറംകാരൻ. ഇടതു പാർശ്വത്തിൽ മിന്നൽപ്പിണറാകാൻ ശേഷിയുള്ള മലയാളി താരത്തെ ബ്ലാസ്റ്റേഴ്സ് ദീർഘകാലാടിസ്ഥാനത്തിൽ സ്വന്തമാക്കിയതിൽ അടങ്ങിയിട്ടുണ്ട് എല്ലാം. മികച്ച യുവതാരത്തിനുള്ള ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷന്റെ പുരസ്കാരം നേടിയ മുഹമ്മദ് സനാനെ മറ്റു ലെഫ്റ്റ് വിങ്ങർമാരിൽ നിന്നു വേറിട്ടു നിർത്തുന്നൊരു ഘടകം ഗോൾ സ്കോറിങ് മികവാണ്. ക്ലബ് തലത്തിൽ 81 മത്സരങ്ങൾ കളിച്ച താരം ഇതുവരെ 13 ഗോളുകളാണു സ്കോർ ചെയ്തിരിക്കുന്നത്. നാല് ഗോൾ അസിസ്റ്റുകളും സ്വന്തം. അതിവേഗം കരുത്തായി കൂടെയുള്ള താരത്തിനു പ്രതിരോധനിരക്കാരെ വെട്ടിച്ചു മുന്നേറാനുള്ള സാമർഥ്യവും ആവോളം. ഫൈനൽ തേഡിലെ പ്രസ്സിങ് ഫാക്ടറായി ടീമിന്റെ ആണിക്കല്ലാകാൻ പോന്ന താരമായാണു ആഷ്‌ലി വെസ്റ്റ്‌വുഡ് സനാനെ ബ്ലാസ്റ്റേഴ്സിലേക്കു കൂട്ടുന്നത്. ഇടതു പാർശ്വത്തിലും വലതു പാർശ്വത്തിലും ഒരുപോലെ തിളങ്ങാൻ പോന്ന യുവതാരത്തെ ബ്ലാസ്റ്റേഴ്സ് കുപ്പായത്തിൽ സെൻട്രൽ അറ്റാക്കിങ് മിഡ്ഫീൽഡറുടെ റോളിൽ കണ്ടാലും ഞെട്ടേണ്ട. രാജ്യാന്തര കരിയറിന്റെ ആദ്യ പടികളിലേക്കു പ്രവേശിച്ച മലയാളി താരം ഇതിനകം 6 മത്സരങ്ങളിലാണു ബ്ലൂ ടൈഗേഴ്സിനായി കളത്തിലെത്തിയത്.
അമരിന്ദർ സിങ് – ഇന്ത്യൻ ഗോൾമുഖങ്ങളിലെ വീറുറ്റ കാവൽക്കാരനെന്നു പേരെടുത്തയാളാണു പഞ്ചാബിലെ മഹിൽപുരിൽ നിന്നുള്ള ഈ താരം. ഐഎസ്എലും ഐലീഗും ഫെഡറേഷൻ കപ്പുമെല്ലാമായി ഒട്ടേറെ കിരീടങ്ങളുടെയും ഗോൾഡൻ ഗ്ലൗവ് പുരസ്കാരങ്ങളുടെയും കസ്റ്റോഡിയനായ അമരിന്ദറിന്റെ വരവോടെ ഗോൾവലയ്ക്കു കീഴിൽ ഇത്തവണ പരിചയസമ്പത്തിന്റെ പരിചയാണു ബ്ലാസ്റ്റേഴ്സ് ഒരുക്കുന്നത്. മുൻ സീസണുകളിൽ ടീമിനെ വലച്ച ഒന്നായിരുന്നു പരിചയക്കുറവ് നിഴലിക്കുന്ന ഗോൾകീപ്പർമാരുടെ സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ. അമരിന്ദറിന്റെ സാന്നിധ്യം ഇത്തവണ ബോക്സിലെ ആ ആശങ്കകൾക്ക് പരിഹാരം കണ്ടെത്തിയേക്കും. മുംബൈ സിറ്റി, ബെംഗളൂരു, മോഹൻ ബഗാൻ, ഒഡീഷ ടീമുകളുടെ വല കാത്ത മിടുക്കുമായാണു അമരിന്ദറിന്റെ വരവ്. പരിചയസമ്പത്തു മാത്രമല്ല, സമ്മർദ നിമിഷങ്ങളിൽ ടീമിനെയും സഹതാരങ്ങളെയും താങ്ങിനിർത്തുന്ന നായകമികവ് കൂടി തെളിയിച്ച ഗോൾകീപ്പറാണ് അമരിന്ദർ. ഷോട്ടുകൾ തടുക്കുന്നതിൽ അസാമാന്യ റിഫ്ലക്സും സ്വീപ്പർ കീപ്പർ മികവുമുള്ള ആറടി ഒരിഞ്ചുകാരന്റെ വരവോടെ ബ്ലാസ്റ്റേഴ്സിന്റെ ഗോൾമുഖം ഭദ്രമായ നിലയിലാണ്.
അമരിന്ദറിനെപ്പോലെ പരിചയസമ്പത്തേറിയൊരു പോരാളിയെ ബ്ലാസ്റ്റേഴ്സ് മൈതാനമധ്യത്തിലേക്കും ഈ സീസണിലേക്കായി ടീമിലെത്തിച്ചിട്ടുണ്ട് – സാഹിൽ ടവോറ. ഗോവൻ ഫുട്ബോളിലെ സ്ഥിരസാന്നിധ്യമായി മാറിയ ഡിഫൻസീവ് മിഡ്ഫീൽഡറാണു ടവോറ. സേസ ഗോവയുടെ അക്കാദമിയിലൂടെ കളി തുടങ്ങി ഡെംപോ എഫ്സി, മുംബൈ സിറ്റി, എഫ്സി ഗോവ, ഹൈദരാബാദ് എഫ്സി തുടങ്ങിയ ടീമുകളുടെ നെടുന്തൂണായി മാറിയ ടവോറയുടെ വരവോടെ ബ്ലാസ്റ്റേഴ്സിനു മധ്യത്തിൽ വിശ്വസിക്കാനാവുന്നൊരു താരത്തെയാണു ലഭിച്ചിട്ടുള്ളത്. പോർച്ചുഗീസ് ക്ലബിനൊപ്പം യൂറോപ്യൻ ഫുട്ബോളിലും മുഖം കാണിച്ചിട്ടുള്ള ടവോറ വർക്ക് റേറ്റിന്റെയും മിഡ്ഫീൽഡിലെ വൈവിധ്യത്തിന്റെയും കാര്യത്തിൽ അടയാളപ്പെടുത്തുന്ന താരങ്ങളിലൊരാളാണ്. ഡിഎം ആയും സെൻട്രൽ മിഡ്ഫീൽഡറായും കളിപ്പിക്കാനാകുന്ന മുപ്പതുകാരൻ ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ ആക്രമണ ശൈലിക്കൊപ്പം ചേർക്കാവുന്ന കൂട്ടിച്ചേർക്കലുകളിലൊന്നാണ്.
റൈറ്റ് വിങ്ങർ റോളും അറ്റാക്കിങ് മിഡ്ഫീൽഡർ റോളും ഒരുപോലെ വഴങ്ങുന്നൊരു താരത്തെയാണു മുഹമ്മദ് യാസിറിലൂടെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. എഫ്സി ഗോവയുടെ തട്ടകത്തിൽ നിന്ന് ഒരു വർഷത്തെ കരാറിലാണു മണിപ്പുരിൽ നിന്നുള്ള ഇരുപത്തിയെട്ടുകാരൻ മഞ്ഞപ്പടയുടെ ഭാഗമാകുന്നത്. എഫ്സി ഗോവയിലും പുണെ സിറ്റിയിലും ഹൈദരാബാദ് എഫ്സിയിലുമായി ഐഎസ്എലിൽ ഏറെ മത്സരപരിചയമുള്ള താരങ്ങളിലൊരാളാണ് യാസിർ. ഗോവയിലും ഹൈദരാബാദിലുമായി കോച്ച് മനോലോ മാർക്കെസിനു കീഴിൽ തിളങ്ങിയ താരം ഒരുവട്ടം ഐഎസ്എൽ കിരീടത്തിലും മുത്തമിട്ടിട്ടുണ്ട്. സ്പോർട്ടിങ് ക്ലബ് ഡൽഹിയിൽ നിന്നാണു ചുംഗ ഹ്മർ എന്ന വിളിപ്പേരുള്ള യുവതാരം റാംലുൻചുംഗയെ ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയിട്ടുള്ളത്. രണ്ടു വർഷത്തെ കരാറിലാണു മിസോറമിൽ നിന്നുള്ള 25–കാരൻ ഫോർവേഡിന്റെ കേരളത്തിലേക്കുള്ള എൻട്രി. ഹൈദരാബാദ് എഫ്സിയിലൂടെ ഐഎസ്എലിൽ വരവറിയിച്ച ചുംഗ ആക്രമണ മനോഭാവവും മിന്നൽ വേഗവും കൊണ്ടു ഫൈനൽ തേഡിൽ എതിരാളികൾക്കു തലവേദന തീർക്കാൻ പോന്ന താരമാണ്.
ബംഗാളിൽ നിന്നുള്ള ഡയമണ്ട് ഹാർബർ എഫ്സിയിൽ നിന്നുള്ള പോൾ ഹ്മറും മിസോറമിൽ നിന്നുള്ള ഐഎഫ്എൽ ക്ലബ് ചാൻമാരി എഫ്സിയുടെ ജോയൽ മാവിയയും കൂടി ഉൾപ്പെടുന്നതാണു ബ്ലാസ്റ്റേഴ്സിന്റെ പുത്തൻ മധ്യനിര. ഒഡീഷ എഫ്സി ജഴ്സിയിൽ ഐഎസ്എൽ കളിച്ചിട്ടുള്ള പരിചയസമ്പന്നനാണു സെൻട്രൽ മിഡ്ഫീൽഡർ റോളിലേക്കായി ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയ പോൾ ഹ്മർ. ഗോളടിക്കാനും ഒരുക്കാനും മിടുക്കുള്ള പോളിനെ ഡിഫൻസീവ് മിഡ്ഫീൽഡർ റോളിലും കളിപ്പിക്കാനാകും. ചാൻമാരി എഫ്സിയിൽ നിന്നു ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുന്ന ജോയൽ മാവിയ കരിയറിനു തുടക്കം കുറിച്ചതേയുള്ളൂ. മധ്യനിരയിലെ ഭാവി താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇരുപതുകാരൻ ഇതിനകം ഐഎഫ്എൽ ഉൾപ്പെടെ മത്സരങ്ങളിൽ കളിക്കാനിറങ്ങിയിട്ടുണ്ട്.
2024–25 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ പ്രതിരോധതാരം അമേയ് രണവദെയ്ക്കും ടീമിനൊപ്പം ഇതു പ്രഥമ സീസൺ ആണ്. മുംബൈ സിറ്റിക്കൊപ്പം ഐഎസ്എൽ കിരീടം നേടിയ റൈറ്റ് ബാക്കിനെ 3 വർഷത്തേയ്ക്കാണു ബ്ലാസ്റ്റേഴ്സ് അന്നു സ്വന്തമാക്കിയത്. മുംബൈയിൽ നിന്നു വായ്പാടിസ്ഥാനത്തിൽ ഒഡീഷ എഫ്സിയിൽ കളിച്ചിരുന്ന താരത്തെ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനു വിട്ടുനൽകിയിരുന്നു. ലോൺ പൂർത്തിയാക്കിയെത്തുന്ന താരം ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ വലതു പ്രതിരോധത്തിലെ നിർണായക സാന്നിധ്യമാകാനാണു തയാറെടുക്കുന്നത്.
English Summary:






English (US) ·