'അമിത വയലൻസില്ലാത്ത ചിത്രത്തിന് എന്തിന് എ സർട്ടിഫിക്കറ്റ്?' കൂലിയുടെ നിർമാതാക്കൾ ഹൈക്കോടതിയിൽ

5 months ago 5

20 August 2025, 11:25 AM IST

Coolie

കൂലി എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ | ഫോട്ടോ: X

ജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമായ കൂലിയുടെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. സിനിമയ്ക്ക് 'എ' സർട്ടിഫിക്കറ്റ് നൽകിയതിനെതിരെയാണ് സൺ പിക്ചേഴ്സ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അവര്‍ ആവശ്യപ്പെട്ടു. ചിത്രത്തിൽ അമിതമായ വയലൻസ് ഇല്ലെന്നാണ് നിർമാതാക്കൾ ഹർജിയിൽ പറയുന്നത്.

കഴിഞ്ഞദിവസം ജസ്റ്റിസ് ടി.വി തമിഴ്ശെൽവി ഹർജി ഫയലിൽ സ്വീകരിക്കുകയും അടുത്ത ദിവസം വാദം കേൾക്കാനായി മാറ്റിവെക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. 'കെജിഎഫ്', 'ബീസ്റ്റ്' തുടങ്ങിയ സിനിമകളിലേതിന് സമാനമായ സംഘട്ടന രംഗങ്ങളാണ് 'കൂലി'യിലുമുള്ളതെന്നും, ആ സിനിമകൾക്ക് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചപ്പോൾ തങ്ങളുടെ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് നൽകിയതെന്നും സൺ ടിവി വാദിക്കുന്നു. എന്നാൽ ഹർജി നിലനിൽക്കില്ലെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ എ. കുമാരഗുരു കോടതിയിൽ വാദിച്ചു.

നിർമാതാക്കൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ജെ. രവീന്ദ്രൻ ഈ വാദത്തെ വിജയകരമായി ഖണ്ഡിച്ചു. 1952-ലെ സിനിമാറ്റോഗ്രാഫ് നിയമപ്രകാരവും, ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രൈബ്യൂണലിനെ പിരിച്ചുവിട്ട 2021-ലെ ട്രൈബ്യൂണൽ റിഫോംസ് ആക്ട് പ്രകാരവും ഇത്തരം അപ്പീലുകൾ കേൾക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യു/എ റേറ്റിംഗിനായി നിർമാതാക്കൾ സിബിഎഫ്‌സിയെ പലതവണ സമീപിച്ചിട്ടും, ചിത്രത്തിലെ അക്രമരംഗങ്ങൾ ചൂണ്ടിക്കാട്ടി പരിശോധനാ സമിതിയും പുനഃപരിശോധനാ സമിതിയും 'എ' സർട്ടിഫിക്കേഷൻ നിലനിർത്തുകയായിരുന്നു. ഇക്കാരണത്താൽ കുടുംബങ്ങൾ സിനിമ കാണാനെത്തുന്നില്ലെന്നാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ് പറയുന്നത്. രജനീകാന്തിന്റെ ആരാധകർ തലമുറകൾ നീണ്ടതാണെന്നും, സൂപ്പർതാരത്തിന്റെ ഈ സുപ്രധാന സിനിമയുടെ ആഘോഷങ്ങളിൽ യുവപ്രേക്ഷകർ ഒരു പ്രധാന ഭാഗമാണെന്നും സൺ ടിവി ഊന്നിപ്പറയുന്നു.

Content Highlights: Sun TV contests `Jailer` `A` certificate, citing akin films similar `KGF` & `Beast` receiving U/A

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article