Published: September 21, 2025 09:38 AM IST Updated: September 21, 2025 09:58 AM IST
2 minute Read
ന്യൂഡൽഹി∙ മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം മിഥുൻ മൻഹാസ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റായേക്കുമെന്ന് റിപ്പോർട്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കായി കളിച്ചിട്ടുള്ള മിഥൻ മൻഹാസ്, ദേശീയ ടീമിൽ കളിച്ചിട്ടില്ല. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് മിഥുൻ മൻഹാസിനെ തീരുമാനിച്ചത്. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ (ജെകെസിഎ) ആണ് മിഥുന്റെ പേരു നിർദേശിച്ചത്.
ബിസിസിഐയിലെ ഉന്നതവൃത്തങ്ങൾ ചർച്ചയിൽ പങ്കെടുത്തു. സെപ്റ്റംബർ 28ന് മുംബൈയിൽ നടക്കുന്ന ബിസിസിഐയുടെ വാർഷിക പൊതുയോഗത്തിലാണ് (എജിഎം) പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുപ്പിലേക്കു നീങ്ങാതെ പ്രസിഡന്റിനെ കണ്ടെത്താനാണ് ബിസിസിഐയുടെ ശ്രമം. മിഥുൻ മൻഹാസ് ഉടൻ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. പ്രസിഡന്റ് സ്ഥാനത്തേയ്ക്കു പരിഗണനയിലുണ്ടായിരുന്ന മുൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് എന്നിവരെ മറികടന്നാണ് അപ്രതീക്ഷിതമായി മിഥുൻ മൻഹാസിന്റെ പേര് ഉയർന്നത്.
1998 മുതൽ 2016 വരെയുള്ള 18 വർഷത്തെ ആഭ്യന്തര കരിയറിൽ 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരമാണ് മിഥുൻ മൻഹാസ് (45). 2007–2008 സീസണിൽ മിഥുന്റെ ക്യാപ്റ്റൻസിയിലാണ് ഡൽഹി ടീം രഞ്ജി ട്രോഫി കിരീടം നേടിയത്. ഡൽഹി ഡെയർഡെവിൾസ്, പുണെ വാരിയേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ഐപിഎൽ ടീമുകളുടെയും ഭാഗമായിരുന്നു. എന്നാൽ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. മിഥുൻ, ബിസിസിഐ പ്രസിഡന്റായാൽ ആ സ്ഥാനത്തെത്തിയ താരങ്ങളിലെ ആദ്യ അൺക്യാപ്ഡ് വ്യക്തിയാകും.
അതേസമയം, മുൻ ഇന്ത്യൻ പേസർ ആർപി സിങ് ബിസിസിഐയുടെ സെലക്ഷൻ കമ്മിറ്റി അംഗമാകുമെന്നും വിവരമുണ്ട്. ശനിയാഴ്ച നടന്ന യോഗത്തിൽ
ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ജോയിന്റ് സെക്രട്ടറി റോഹൻ ദേശായി, ട്രഷറർ പ്രഭ്തേജ് സിങ് ഭാട്ടിയ, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ഐപിഎൽ കമ്മിഷണർ അരുൺ സിങ് ധുമാൽ എന്നിവർ പങ്കെടുത്തു. സൗരാഷ്ട്രയിൽ നിന്നുള്ള മുൻ ബിസിസിഐ സെക്രട്ടറി നിരഞ്ജൻ ഷാ, മുൻ പ്രസിഡന്റ് എൻ.ശ്രീനിവാസനെ പ്രതിനിധീകരിച്ച് തമിഴ്‌നാട്ടിൽ നിന്ന് കാശി വിശ്വനാഥൻ തുടങ്ങിയ ‘ഉന്നതരും’ പങ്കെടുത്തു. ഐപിഎൽ ഗവേണിങ് കൗൺസിൽ മുൻ ചെയർമാനനായ ബ്രിജേഷ് പട്ടേലിനെയും യോഗത്തിലേക്ക് വിളിപ്പിച്ചു. ശനിയാഴ്ച ഗാംഗുലിയും ഡൽഹിയിൽ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം യോഗത്തിൽ പങ്കെടുത്തതായി വിവരമില്ല.
പ്രസിഡന്റായിരുന്ന റോജർ ബിന്നി രാജിവച്ചതോടെയാണ് പ്രസിഡന്റ് സ്ഥനത്തേയ്ക്ക് ഒഴിവുവന്നത്. നിലവിൽ രാജീവ് ശുക്ലയാണ് ബിസിസിഐ ആക്ടിങ് പ്രസിഡന്റ്. ഐപിഎൽ ചെയർമാൻ സ്ഥാനത്ത് ആറു വർഷം പൂർത്തിയാക്കിയ അരുൺ ധുമലും ഒഴിയേണ്ടി വന്നേക്കും. മുൻ ഇന്ത്യൻ ക്രിക്കറ്ററായ റോജർ ബിന്നിക്ക് ജൂലൈ 19നു 70 വയസ് തികഞ്ഞ സാഹചര്യത്തിലാണ് ഓഗസ്റ്റ് അവസാനം സ്ഥാനമൊഴിഞ്ഞത്. ബിസിസിഐ ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്തിനു നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 70 വയസ്സാണ്. ഇതോടെയാണ് ബിന്നിക്ക് സ്ഥാനമൊഴിയേണ്ടി വന്നത് ഭരണസമിതിയിൽ മറ്റു വലിയ മാറ്റങ്ങൾക്ക് സാധ്യത കുറവാണ്.
ജയ് ഷാ ഐസിസി ചെയർമാനയതോടെ പകരക്കാരനായ ദേവജിത് സൈകിയ ബിസിസിഐ സെക്രട്ടറി സ്ഥാനത്തേയ്ക്കു തുടർന്നേക്കും. റോഹൻ ഗൗൺസ് ദേശായി ജോയിന്റ് സെക്രട്ടറിയായും പ്രഭ്തേജ് ഭാട്ടിയ ട്രഷററായും തുടരും. 2022ൽ സ്ഥാനമൊഴിഞ്ഞ സൗരവ് ഗാംഗുലിക്കു പകരക്കാരനായാണ് റോജർ ബിന്നി ബിസിസിഐ പ്രസിഡന്റായത്. കായിക സംഘടനകളിൽ അതതു മേഖലകളിൽനിന്നുള്ളവരുടെ തന്നെ പ്രാതിനിധ്യം വർധിപ്പിക്കുന്നതാണ് നിലവിൽ കേന്ദ്രസർക്കാർ നയം. മുൻ സ്പ്രിന്റർ പി.ടി.ഉഷയാണ് നിലവിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ്.
English Summary:








English (US) ·